Friday, May 17, 2024
Homeകേരളംസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേർന്നത്. ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നായിരുന്നു പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്.

വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോഡ് ഷെഡിങ് നടപ്പാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസ്സത്തിന് കാരണം. കേന്ദ്ര പൂളില്‍ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്.

എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. സോളാര്‍ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം. മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രശ്നം. ട്രാൻസ്ഫോർമറുകളും ഫീഡർ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ വൈദ്യുതി പദ്ധതി രണ്ടുവർഷം മുമ്പ്നിർത്തിവച്ചിരിക്കുകയാണ്. ഇതാണ് ട്രാൻസ്ഫോർമറുകൾ കേടാകാൻ കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വൈദ്യുതി പദ്ധതി നിർത്തിവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments