വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സിബിഐ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജി ഇന്ന് പരിഗണിക്കും.
അതേസമയം സിബിഐ അന്വേഷണ നടപടി വൈകുന്നതിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. വീഴ്ച ഉദ്യോഗസ്ഥരുടേതാണോ, സിബിഐക്ക് രേഖകൾ കൈമാറാൻ വൈകിയോ, വൈകിയെങ്കിൽ ഉത്തരവാദി ആരാണ് തുടങ്ങിയ കാര്യങ്ങളിലായിരുന്നു മുഖ്യമന്ത്രി വ്യക്തത തേടിയത്. അതിനിടെയാണ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.