കാസര്‍കോട്: ഭര്‍ത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സയീദ. ശനിയാഴ്ച രാവിലെ റിയാസ് മൗലവി വധക്കേസില്‍ വിധികേള്‍ക്കാനായി മൗലവിയുടെ ഭാര്യ സയീദയും കുഞ്ഞും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയിരുന്നു. എന്നാല്‍, പ്രതികളെ വെറുതെവിട്ടെന്ന വിധി വന്നതിന് പിന്നാലെ സയീദ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു.
‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയില്‍ വന്നത്, ഒന്നും പറയാന്‍ കിട്ടണില്ല. എന്ത് പറയണമെന്നും അറിയില്ല’, വിധിപ്രസ്താവത്തിന് ശേഷം കണ്ണീരോടെ സയീദ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് മുന്നില്‍ നൂറോളം സാഹചര്യത്തെളിവുകളടക്കം നിരത്തിയതായി പ്രോസിക്യൂഷനും പ്രതികരിച്ചു. കേസിലെ വിധി പഠിച്ചശേഷം മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യത്തിലടക്കം മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. അതേസമയം, ഇതുവരെ ഇടക്കാല ജാമ്യമോ പരോളോ കിട്ടാത്ത ചെറുപ്പക്കാര്‍ക്ക് നീതി ലഭ്യമായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം.
കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വെറുതെവിട്ടത്. ഇവര്‍ മൂവരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്.
കര്‍ണാടക കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നുദിവസത്തിനുള്ളില്‍ പ്രതികളായ മൂന്നുപേരും പോലീസിന്റെ പിടിയിലായി. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഇതോടെ ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജയിലിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് മൂന്നുതവണയാണ് മാറ്റിവെച്ചത്.