Saturday, December 7, 2024
Homeകേരളംവന്യജീവി ആക്രമണം മുന്നറിയിപ്പ് നൽകാൻ വാട്‌സാപ്‌ ഗ്രൂപ്പുകൾ; വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന...

വന്യജീവി ആക്രമണം മുന്നറിയിപ്പ് നൽകാൻ വാട്‌സാപ്‌ ഗ്രൂപ്പുകൾ; വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു.

തിരുവനന്തപുരം; മനുഷ്യവന്യജീവി സംഘർഷം കുറയ്‌ക്കുന്നതിന്‌ തയ്യാറാക്കിയ മാർഗനിർദേശങ്ങളനുസരിച്ച്‌ കൈക്കൊണ്ട നടപടികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആനയെ അകറ്റുന്ന പ്രത്യേകതരം തേനീച്ചയെ അനുയോജ്യമായ മേഖലകൾ കണ്ടെത്തി വളർത്തും. കരടികൾ ഇല്ലാത്ത മേഖലകളിലാണ് തേനീച്ചയെ വളർത്താൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കൺട്രോൾറൂം തുറന്നു. 36 വനം ഡിവിഷനുകളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് സർക്കിൾ, ഡിവിഷൻ തലങ്ങളിൽ വാട്‌സാപ്‌ ഗ്രൂപ്പുകൾ രൂപീകരിച്ചു. പഞ്ചായത്ത് തലത്തിലും വാട്‌സാപ്‌ ഗ്രൂപ്പുകൾ രൂപീകരിക്കും.

വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കും. വയനാട് വനമേഖലയിൽ 341ഉം ഇടുക്കിയിൽ 249ഉം കുളങ്ങൾ പരിപാലിക്കുന്നുണ്ട്‌. കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ നിർമിക്കുന്നതിന് സിഎസ്ആർ ഫണ്ടിൽനിന്ന് തുക ലഭ്യമാക്കാൻ നടപടി തുടങ്ങി. വാട്ടർടാങ്കുകൾ നിർമിക്കാനും ആലോചിക്കുന്നു. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള 13.70 കോടി രൂപയിൽ 6.45 കോടി രൂപ വിതരണം ചെയ്‌തു. 7.26 കോടി രൂപ നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മനുഷ്യ–-വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്‌ കിഫ്ബി 100 കോടി അനുവദിച്ചിരുന്നു. 110 കോടി രൂപയ്‌ക്കുകൂടിയുള്ള കരട് നിർദേശം തയ്യാറാക്കിയിട്ടുണ്ട്. ദീർഘകാല, ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ ദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ ഒരാഴ്ചയ്‌ക്കകം ലഭ്യമാകും. ഏപ്രിലിൽ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിക്കും.

64 പമ്പ് ആക്ഷൻ തോക്കുകൾ, രണ്ട് ട്രാങ്കുലൈസർ തോക്കുകൾ, നാല് ഡ്രോണുകൾ എന്നിവ വാങ്ങുന്നതിന് നടപടിയായി. വയനാട് മേഖലയിലെ 66 തോട്ടങ്ങളിൽ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments