Friday, July 26, 2024
Homeകേരളംസഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.

സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാന കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹകരണസംഘം ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മൂന്നുവർഷത്തിനിടെ 25.24 കോടിയുടെ സഹായധനം അനുവദിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാ സഹായം ലഭിക്കാൻ ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയതായും മന്ത്രി അറിയിച്ചു.

അര്‍ബുദം, ഹൃദയ ശസ്‌ത്രക്രിയ, വൃക്ക മാറ്റിവയ്‌ക്കൽ, വൃക്ക നീക്കംചെയ്യൽ, കരൾ മാറ്റിവയ്‌ക്കൽ, കരൾ ശസ്‌ത്രക്രിയ (കരൾ ദാതാവിന് ഉൾപ്പെടെ), മജ്ജ മാറ്റിവയ്‌ക്കൽ, കണ്ണ് മാറ്റിവയ്‌ക്കൽ എന്നീ ചികിത്സകൾക്ക് നൽകിയിരുന്ന സഹായം ഒന്നേകാൽ ലക്ഷത്തിൽനിന്ന്‌ ഒന്നരലക്ഷമാക്കി. കാഴ്ചവൈകല്യം, തളർവാതം ബാധിച്ച് ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത അവസ്ഥ, അപകടംമൂലമോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, അപസ്‌മാരം, തലയ്‌ക്കേൽക്കുന്ന ഗുരുതരപരിക്ക്‌, മെനിഞ്ചൈറ്റിസ്, മസ്‌തിഷ്‌കജ്വരം എന്നിവയ്‌ക്കും തലച്ചോറിനെയും സുഷുമ്‌നാ കാണ്ഡത്തെയും ബാധിക്കുന്ന, പൂർണമായി ഭേദമാക്കാനാകാത്ത രോഗങ്ങൾക്കും ചികിത്സാ സഹായം ഒരുലക്ഷമാക്കി.

ഹൃദയം, വൃക്ക, കരൾ രോഗങ്ങളിൽ ശസ്‌ത്രക്രിയ ആവശ്യമില്ലാത്ത ചികിത്സയ്‌ക്കും, തൈറോയ്ഡ്, ഹെർണിയ, ഗർഭപാത്രം നീക്കൽ ശസ്‌ത്രക്രിയകൾക്കും സഹായധനം 25,000 രൂപയിൽനിന്ന്‌ ചെലവാകുന്ന തുകയ്‌ക്ക്‌ വിധേയമായി പരമാവധി 30,000 രൂപയാക്കി. ചിക്കുൻ ഗുനിയ, ടിബി, ആസ്തമ, എച്ച്-1 എൻ1, ഡങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിൻ ശസ്ത്രക്രിയ എന്നിവയ്‌ക്ക്‌ 15,000- രൂപയിൽനിന്ന്‌ പരമാവധി 20,000 രൂപയാക്കി.

ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന സഹായം 50,000 രൂപയായി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു. സേവനത്തിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 2.50 ലക്ഷത്തിൽനിന്ന്‌ മൂന്നുലക്ഷമാക്കി. ടെക്നിക്കൽ ഹൈസ്‌കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവാർഡ് നൽകും.

സഹകരണം ഐച്ഛിക വിഷയമായെടുത്ത് ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകൾ ഉയർന്ന മാർക്കോടെ പാസാകുന്ന മൂന്നുവിദ്യാർഥികൾക്ക് ധനസഹായം നൽകും. ഉയർന്ന മാർക്ക്‌ നേടുന്ന എംഎസ്‌സി നഴ്സിങ്‌ വിദ്യാർഥികൾക്കും വെറ്ററിനറി സയൻസിൽ ബിരുദം, ബിരുദാനന്തര ബിരുദം നേടുന്നവർക്കും ക്യാഷ് അവാർഡ്‌ നൽകുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments