Thursday, May 2, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 19| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 19| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നാം വളമിട്ടു വളർത്തുന്നത് എന്തിനെ?
——————————————————————

ഒരിക്കൽ ഒരു മുത്തച്ഛൻ തൻ്റെ കൊച്ചുമകനു, കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. മുത്തച്ഛൻ പറഞ്ഞു: “എൻ്റെ ഹൃദയത്തിൽ, രണ്ടു മൃഗങ്ങളുണ്ട്. അവർ തമ്മിൽ എപ്പോഴും യുദ്ധമാണ്. ഒരു മൃഗം ദേഷ്യക്കാരനും, അക്രമകാരിയും, പ്രതികര ദാഹിയുമാണ്. മറ്റേ മൃഗമാകട്ടെ, സ്നേഹവും, കരുണയും, സഹാനുഭൂതിയും ഉള്ളതാണ്. കൊച്ചുമകൻ ചോദിച്ചു: “ഏതു മൃഗമായിരിക്കും അവസാനം ജയിക്കുക?” മുത്തച്ഛൻ പറഞ്ഞു: “ഏതിനേയാണോ, ഞാൻ കൂടുതൽ പരിപാലിക്കുന്നത്, അതാകും അവസാനം ജയിക്കുക”.

നല്ലതെന്നോ മോശമെന്നോ, ഒന്നിനേയും പൂർണമായി തരം തിരിക്കാനാകില്ല. തത്സമയ ഉപയോഗവും സാംഗത്യവുമാണ് ഓരോന്നിനേയും പ്രസക്തമാക്കുന്നത്. നല്ലവരെന്നോ, കൊള്ളരുതാത്തവരെന്നോ മുദ്രകുത്തി, ആർക്കും മേൽവിലാസം നൽകാനാവില്ല. എത്ര വിശുദ്ധരെന്നു കരുതപ്പെടുന്നവരും വഴി തെറ്റുന്ന സന്ദർഭങ്ങളുണ്ടാകും. അപ്പോൾ, അവർക്കു പോലും വിശദീകരിക്കാനാകാത്ത പ്രതികരണ ശൈലികൾ, അവർ സ്വീകരിച്ചൂവെന്നും വന്നേക്കാം.

കുറ്റവാളിയെന്നു വിളിക്കപ്പെടുന്ന ആളിലും, നന്മയുടെ അംശം പൂർണമായും മാഞ്ഞു പോയിട്ടുണ്ടാകില്ല. ആരോടെങ്കിലുമൊക്കെയുള്ള കരുതലും, സ്നേഹവും, ആർദ്രതയുമെല്ലാം, അവരുടെ മനസ്സിൻ്റെ ഉള്ളറകളിലുണ്ടാകും. ഒന്നോ രണ്ടോ തവണ ഒരാൾ പ്രകടിപ്പിച്ച പ്രത്യേകതകൾ, പൊതുസ്വഭാവമായി വ്യാഖ്യാനിക്കപ്പെട്ടു എന്നും വന്നേക്കാം.

വളമിട്ടു കൊടുക്കുന്നതെല്ലാം, വളർന്നു വലുതാകും; അത് വിളയായാലും, കളയായാലും. എന്നാൽ,ആരും സംരക്ഷിച്ചില്ലെങ്കിൽപോലും ചിലതെല്ലാം സ്വയം നട്ടുനനച്ചു വളർന്നു വന്നെന്നും വരും. സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസൃതമായി നടത്തുന്ന സ്വയപ്രേരിത പ്രവർത്തനങ്ങളിലൂടെ ചിലരെങ്കിലും താന്താങ്ങളുടെ ശൈലിയും സ്വഭാവവും രൂപപ്പെടുത്തിയെന്നും വരാം.

വിളവു നന്നാകുന്നത് വിത്തു നന്നാകുമ്പോഴും, വീണിടം നന്നാകുമ്പോഴുമാണ്. വളരുന്നതിനനുസൃതമായ വിചാരങ്ങളും പ്രവൃത്തികളുമാണ് നമ്മിൽ നിന്നുണ്ടാകേണ്ടത്. വഴി നേരേയാക്കുന്ന കാര്യത്തിലായാലും, വഴി തെറ്റിക്കുന്ന കാരത്തിലായാലും, ഉള്ളും ഉലകവും, ഒരു പോലെ പ്രസക്തമാണ്. നന്മയെ, വളമിട്ടു വളർത്തുന്നവരാകാം നമുക്ക്.

സർവ്വേശ്വരൻ തുണയ്ക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments