Friday, December 6, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 23 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 23 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭാഷണം അല്ല ഭരണം
—————————————–

സൈനീക ശേഷിയിൽ വളരെ പിന്നാലായിരുന്നു, ഒരു രാജ്യം. ശത്രു രാജ്യം ചില ദിവസങ്ങൾക്കുള്ളിൽ തങ്ങളെ ആക്രമിക്കുമെന്ന വിവരം അവർക്കു ലഭിച്ചു. എന്തു ചെയ്യുമെന്നറിയാതെ അവിടത്തെ രാജാവും ജനങ്ങളും ഭയചകിതരായി. എന്നാൽ, അടുത്ത ദിവസം രാവിലെ മറ്റൊരു അയൽ രാജ്യത്തു നിന്നുള്ള ദൂതൻ അവിടെ എത്തിച്ചേർന്നു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങളുടെ സൈന്യം ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട് “. അദ്ദേഹം പറഞ്ഞതുപോലെ തന്നെ, അവരുടെ സൈന്യം എത്തുകയും, ശത്രുരാജ്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു.

സന്തോഷത്താൽ മതിമറന്ന അവിടത്തെ ജനങ്ങൾ, തങ്ങളുടെ രക്ഷകനായി തീർന്ന, ആ ദൂതനെ അവരുടെ പുതിയ രാജാവാക്കി വാഴിച്ചു. എന്നാൽ, അന്നു മുതൽ ആ രാജ്യത്ത് പ്രശ്നങ്ങളായി. പുതിയ രാജാവ് എല്ലാക്കാര്യങ്ങളിലും ഒരു തികഞ്ഞ പരാജയമായിരുന്നു. അവസാനം, ജനങ്ങൾ അയാളെ നാടുകടത്തി, പഴയ രാജാവിനെത്തന്നെ അധികാരത്തിൽ അവരോധിച്ചു.

സന്ദേശവാഹകൻ, സന്ദേശവാഹകൻ മാത്രമാണ്‌ ; അയാൾ, സംരക്ഷകനാകണമെന്നില്ല. സന്ദേശം പ്രചരിപ്പിക്കുന്നതും, സന്ദേശമാകുന്നതും രണ്ടു കാര്യങ്ങളാണ്‌. പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ടു വിശ്വസിപ്പിക്കാനും മറ്റുള്ളവരെ സ്വാധിക്കാനും കഴിയുന്നവർക്ക് അത് സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ കഴിയണമെന്നില്ല. വഴികാട്ടികളെല്ലാം അവർ കാട്ടുന്ന വഴിയേ സഞ്ചരിക്കുന്നവരാകണമെന്നുമില്ല.

നേതൃത്വത്തെക്കുറിച്ചു മികച്ച പ്രഭാഷണം നടത്തുന്നവരോ, ഉപന്യാസമെഴുതുന്നവരോ, മികച്ച നേതാക്കന്മാർ ആകണമെന്നില്ല.
ഭാഷണം നടത്തുന്നവരെല്ലാം നല്ല ഭരണ കർത്താക്കളായിക്കൊള്ളണമെന്നില്ല. ഒരു രാത്രി കൊണ്ടു രൂപപ്പെടുന്ന നേതാക്കൾ നേതൃത്വത്തിൽ വിജയിക്കുക ദുഷ്കരമാണ്. ആടുകളുടെ മണമില്ലാത്ത ഇടയന്മാർ ആടുകൾക്കു ഗുണമുളളവർ ആയിരിക്കില്ല. കൺകെട്ടു വിദ്യകൾക്കൊണ്ടുമാത്രം കാലത്തെ അതിജീവിക്കാനാവില്ല. അർഹരായവരെ മാത്രം ദൗത്യമേൽപ്പിക്കാനും  അനുയോജ്യമായ പ്രവൃർത്തികൾ മാത്രം ചെയ്യാനുമുള്ള മിടുക്കാണ്‌ ഒരു സമൂഹത്തിൻ്റെ വൈശിഷ്ട്യവും വൈദഗ്ദ്ധ്യവും നിശ്ചയിക്കുക.

ദൈവം സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം..🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments