Friday, July 26, 2024
Homeഇന്ത്യകടുവകളുടെ എണ്ണം കൂടിയെന്ന് കിഫ, കുറഞ്ഞെന്ന് വനംവകുപ്പ്; 4 വർഷം കൊണ്ട് 74 കടുവകളെ കാണാനില്ല.

കടുവകളുടെ എണ്ണം കൂടിയെന്ന് കിഫ, കുറഞ്ഞെന്ന് വനംവകുപ്പ്; 4 വർഷം കൊണ്ട് 74 കടുവകളെ കാണാനില്ല.

ആന, കടുവ, പുലി തുടങ്ങി കാട്ടിലെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുമ്പോൾ പ്രതിസന്ധിയിലായി മലയോര കർഷകർ. വന്യജീവികൾ ദിനംപ്രതി കൃഷിയിടങ്ങളിൽ സംഹാരതാണ്ഡവമാടുമ്പോൾ കർഷകരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. ഏറ്റവുമൊടുവിൽ കോഴിക്കോട് ആനക്കാംപൊയിൽ നടുക്കണ്ടത്ത് പന്നിഫാമിൽ കയറി പുലി വളർത്തുപന്നിയെ കൊന്നു തിന്നുവെന്ന വാർത്തയും പുറത്തുവന്നു. അതേസമയം, മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയാണ് അവയെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന കർഷകരുടെ ആരോപണത്തിനെതിരേ കണക്കുകൾ നിരത്തി വനം വകുപ്പും രംഗത്തെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണത്തിന്റെ പേരിൽ കർഷക സംഘടനയായ കിഫയും കേരള വനം വകുപ്പും കൊമ്പു കോർത്തിരിക്കുകയാണ്.

അടുത്തിടെ മുള്ളൻകൊല്ലിയിൽ പിടികൂടിയ കടുവ WWL-127 അല്ലെന്ന വാദവുമായി കിഫ രംഗത്തെത്തിയിരുന്നു. കടുവ സെൻസെസ് റിപ്പോർട്ടിലെ WWL-127 എന്ന കടുവയുടെ ദേഹത്തെ വരകളുടെ രീതിയല്ല പിടികൂടിയ കടുവയിലുള്ളതെന്ന് കിഫ ആരോപിച്ചു. അതേസമയം, 2018ലെ ദേശീയ കടുവ സെസൻസസിന്റെ അടിസ്ഥാനത്തിൽ 2020ൽ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പുറത്തുവിട്ട 154 കടുവകളുടെ ഫോട്ടോ ആൽബവും കിഫ പുറത്തുവിട്ടു. എന്നാൽ, ഇത് തെറ്റാണെന്നും കേരളത്തിൽ ഇത്രയും കടുവകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി വനംവകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തി. 2022ലെ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കടുവാ കണക്കപ്പെടുപ്പ് പ്രകാരം വയനാട് ലാൻഡ്സ്കേപ്പിൽ ആകെ കടുവകളുടെ എണ്ണം 80 ആണ്. 2023ലെ കേരളാ വനംവകുപ്പിന്റെ കണക്ക് പ്രകാരം 84 കടുവകളുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത്.

എന്നാൽ, ഈ റിപ്പോർട്ടിനെതിരെയും കിഫ രംഗത്തെത്തി. കണക്കെടുപ്പ് നടത്തിയത് നാഷനൽ  ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ്. കണക്കെടുപ്പ് രീതിയിലും കാമറാ ട്രാപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് എണ്ണം കുറഞ്ഞതെന്നാണ് കിഫയുടെ ആരോപണം. കടുവകളുടെ എണ്ണത്തിൽ 4 വർഷംകൊണ്ട് 74 എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ശരിക്കും എണ്ണം കുറഞ്ഞതാണെങ്കിൽ വെറും 4 വർഷം കൊണ്ട് 74 കടുവകൾ എവിടെപ്പോയെന്നു വനം വകുപ്പ് ഉത്തരം പറയണമെന്നും കിഫ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലുണ്ട്. കുറിപ്പിന്റെ പൂർണരൂപം ചുവടെ,
2022ലെ NTCA സർവേയിൽ വയനാട്ടിൽ 80 കടുവകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ മെത്തഡോളജിയുലുണ്ടായ വ്യത്യാസം പരിഗണിക്കേണ്ടതുണ്ട്. 2018ൽ വയനാട്ടിൽ 312 കാമറകൾ ഉപയോഗിച്ചപ്പോൾ 2022ൽ കാമറകൾ 281 ആയി കുറച്ചു (10 ശതമാനം കുറവ്). 2018ൽ ട്രാപ് nights 11390 ആയിരുന്നത് 2022ൽ 9655 ആയി കുറച്ചു (15 ശതമാന കുറവ്). കാമറകളും ട്രാപ് നൈറ്റുകളും കുറച്ചാൽ സ്വാഭാവികമായും കടുവകളുടെ എണ്ണവും കുറയും. ഇനിയും കാമറകളുടെ എണ്ണം കുറച്ചാൽ കടുവകളുടെ എണ്ണം വീണ്ടും കുറയ്ക്കാം.

അതുപോലെ തന്നെ കാമറകൾ വച്ചത് മുഴുവനും കാടിനുള്ളിലാണ്. ഇപ്പോൾ ബത്തേരി, പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കടുവകൾ എണ്ണത്തിൽ പെട്ടിട്ടില്ല. ഇനി ശരിക്കും എണ്ണം കുറഞ്ഞതാണെങ്കിൽ വെറും 4 വർഷംകൊണ്ട് 74 കടുവകൾ എവിടെപ്പോയെന്നു വനം വകുപ്പ് ഉത്തരം പറയണം.

വയനാട്ടിലെ കടുവകളുടെ എണ്ണം പറയുമ്പോൾ എന്താണ് വയനാട് ലാൻഡ്‌സ്‌കേപ് എന്നതിന്റെ നിർവചനം എന്നതും കൂടി മനസിലാക്കേണ്ടതുണ്ട്. കേരള വനം വകുപ്പ് ഇന്ന് പുറത്തുവിട്ട പോസ്റ്ററിൽ 1138 ച.കി.മീ. എന്ന് പറയുന്നു. ഈ 1138 ച.കി.മീ.  സ്ഥലത്തും NTCA നിർദേശ പ്രകാരം 2 x2 ച.കി.മീ.  ഗ്രിഡിൽ കാമറ വച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. 2022ലെ NTCA റിപ്പോർട്ട് പേജ് നമ്പർ 417ൽ വയനാട് ലാൻഡ്‌സ്‌കേപ്പിൽ ആകെ വച്ചത് 281 കാമറകൾ ആണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ 85% വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലാണ്, അതായത് 344 ച.കി.മീറ്ററിനുള്ളിൽ. അതിനു പുറത്തുള്ള 794 ച.കി.മീ.  സ്ഥലത്തിൽ വെറും 50 -55 ച.കി.മീ. സ്ഥലത്തു മാത്രമേ കാമറകൾ വച്ചിട്ടുള്ളൂ. എന്നുവച്ചാൽ മൊത്തം 400 ച.കി.മീ. മാത്രമേ കാമറ വച്ച് കവർ ചെയ്തിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് 1138 ച.കി.മ…

ഇനിയുമുണ്ട് സർക്കാർ കണക്കുകളിലെ നുണകൾ. 2022ൽ NTCA വയനാട് ലാൻഡ്‌സ്‌കേപ്പിൽ കടുവ ഡെൻസിറ്റി കണക്കു കൂട്ടാൻ എടുത്തിരിക്കുന്ന വിസ്തീർണ്ണം 2475 ച.കി.മീ. ആണ്. ഇതെവിടുന്നു വന്നു? കേരള വനം വകുപ്പ് വയനാട് ലാൻഡ്‌സ്‌കേപ് 1138 ച.കി.മീ. മാത്രമേ ഉള്ളൂ എന്ന് സമ്മതിക്കുമ്പോൾ NTCA എന്ത് അടിസ്ഥാനത്തിൽ ആണ് 2475 ച.കി.മീ.  അടിസ്ഥാനത്തിൽ ഡെൻസിറ്റി കണക്കാക്കിയത്? നാട്ടുകാരുടെ സ്ഥലം കൂടി കടുവകൾക്കു അവകാശപ്പെട്ടത് എന്നാണോ സർക്കാർ നിലപാട്? ആണെങ്കിൽ അത് തുറന്നു പറഞ്ഞു ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുക.

2023ലെ കേരള വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം 69 കടുവകൾ ഉണ്ട് (പേജ് നമ്പർ 26). എന്നുവെച്ചാൽ ഒരു കടുവയ്ക്കു ശരാശി 5 ച.കി.മീ. മാത്രം. ഈ സർവേയിൽ വയനാട് ലാൻഡ്‌സ്‌കേപ്പിൽ മൊത്തം കടുവകൾ 84 ആണ്. NTCAയുടെ കണക്കു പ്രകാരം ഒരു കടുവയ്ക്ക് 8 -12 ച.കി.മീ. കോർ സോണും, ബഫർ സോൺ അടക്കം 20 ച.കി.മീ. ടോട്ടൽ വനവും വേണമെന്നിരിക്കെ 69 കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷി വയനാട് വന്യജീവി സങ്കേതത്തിനുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് കടുവകൾ കാടിനു വെളിയിൽ ഇറങ്ങി മാനുഷരെയും വളർത്തു മൃഗങ്ങളേയും കൊന്നു തിന്നുന്നത്? പൊതുജനത്തിന്റെ നികുതിയിൽ നിന്ന് ശമ്പളം പറ്റുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ടോ?

ഇതിനു മറുപടി ഇല്ലെങ്കിൽ, വയനാട് വന്യജീവി സങ്കേതത്തിനു ഉൾകൊള്ളാൻ കഴിയാത്ത വിധത്തിൽ കടുവകൾ പെരുകിയതു കൊണ്ടാണ് കടുവകൾ തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതും മനുഷ്യരെയും വളർത്തുമൃഗംങ്ങളെയും കൊന്നു തിന്നുന്നതും എന്ന കിഫയുടെ വാദം അംഗീകരിച്ചുകൊണ്ട് വയനാട്ടിൽ കടുവകളുടെ എണ്ണം കുറക്കുവാൻ അടിയന്തിര നടപടികൾ എടുക്കുക.

ഇക്കാര്യത്തിൽ കേരള വനം വകുപ്പിന്റെ നിലപാട് എന്താണ്? എത്ര കടുവകളെ വയനാട് വന്യജീവി സങ്കേതത്തിനു ഉൾകൊള്ളാൻ പറ്റും? ഇക്കാര്യത്തിൽ ഉത്തരം വല്ലതും ഉണ്ടോ? അതില്ലെങ്കിൽ ഇരുട്ടുകൊണ്ടു ഓട്ട അടച്ചു ആളുകളെ പറ്റിക്കുന്ന പ്രസ്‌താവനകൾ വനം വകുപ്പ് ഇറക്കുന്നത് നിർത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments