കോയമ്പത്തൂർ; മുട്ട കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ. രാജ്യത്ത് നിന്നു മൊത്തം 5 കോടിയുടെ മുട്ടയാണ് ഈ മാസം കയറ്റുമതി ചെയ്യുന്നത്. ഒമാൻ, ഖത്തർ എന്നിവയുൾപ്പെടെയുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള മുട്ടകൾ പ്രധാനമായും വാങ്ങുന്നത്, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തെ മുൻനിര വിതരണക്കാരിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇന്ത്യയ്ക്ക് വലിയ ഓർഡറുകൾ ലഭിച്ചു. സിംഗപ്പൂരിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്തിരുന്ന മലേഷ്യയിൽ നിന്നാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായി ഏറ്റവും വലിയ ഓർഡർ വന്നത്.
മലേഷ്യ ആദ്യമായാണ് ഇന്ത്യയിൽ നിന്ന് വലിയ അളവിൽ മുട്ട വാങ്ങുന്നതെന്നും 2023ന്റെ ആദ്യ പകുതിയിൽ മലേഷ്യയിലേക്കുള്ള ഇന്ത്യയുടെ മുട്ട കയറ്റുമതി ശക്തമായി തുടരുമെന്നും നാമക്കൽ ആസ്ഥാനമായുള്ള പൊന്നി ഫാംസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സസ്തി കുമാർ പറഞ്ഞു. ഡിസംബറിൽ ഇന്ത്യ 50 ലക്ഷം മുട്ടകൾ മലേഷ്യയിലേക്ക് അയച്ചു, ജനുവരിയിൽ 10 ദശലക്ഷവും ഫെബ്രുവരിയിൽ 15 ദശലക്ഷവും കയറ്റുമതി ചെയ്യുമെന്ന് കുമാർ പറഞ്ഞു.