Saturday, April 20, 2024
Homeഇന്ത്യ2016 മുതലുള്ള അധിക കടമെടുപ്പ് കേരളത്തിന് തിരിച്ചടിയായി; 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടി.

2016 മുതലുള്ള അധിക കടമെടുപ്പ് കേരളത്തിന് തിരിച്ചടിയായി; 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടി.

ന്യൂഡൽഹി: കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധികകടം. ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വ‍‍ർഷങ്ങളിലെ കടപരിധിയിൽ കുറവുവരുത്താൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടിയുടെ കടപരിധിയാണെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥ കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ 14479 കോടി രൂപ കേരളം അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കിഫ്‌ബിയിലൂടെ മാത്രം എടുത്ത കടമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ മറ്റ് മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വർഷങ്ങളിൽ കേരളം അധികകടം എടുത്തിട്ടുണ്ടെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 14 ധനകാര്യ കമ്മീഷന്റെ കാലയളവിൽ എടുത്ത ഈ കടം, 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ വെട്ടികുറയ്ക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ വാദം.

എന്നാൽ 15-ാം ധനകാര്യ കമ്മീഷന്റെ തുടക്കം മുതൽ കേരളത്തിന്റെ കടപരിധിയിൽ വെട്ടി കുറവ് വരുത്തുന്നുണ്ട് എന്ന കേന്ദ്രവാദം സുപ്രീം കോടതി തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 – 22 സാമ്പത്തിക വർഷത്തിൽ 9197.15 കോടിയും, 2022 -23 ൽ 13067.78 കോടിയും, 2023 – 24 ൽ 4354.72 കോടി രൂപയുമാണ് കടപരിധിയിൽ വെട്ടി കുറവ് വരുത്തിയിരിക്കുന്നത്. ഫലത്തിൽ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ എടുത്ത അധികകടത്തിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കടപരിധിയിൽ 26619 കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം ഇതുവരെ വരുത്തിയത്.

ഒരു ധനകാര്യ കമ്മീഷന്റെ കാലയളവിൽ സംസ്ഥാനം കൂടുതൽ കടമെടുത്താൽ അടുത്ത ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടപരിധിയിൽ കേന്ദ്ര സർക്കാരിന് കുറവ് വരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തൽ എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് കേരളം നൽകിയ സ്യൂട്ട് ഹർജിയിൽ ഭരണഘടന ബെഞ്ചാണെന്നും കോടതി തങ്ങളുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അധിക കടമെടുപ്പിന് അനുമതി നൽകിയില്ലെങ്കിൽ പെൻഷൻ ഉൾപ്പടെയുള്ളവയുടെ വിതരണം പ്രതിസന്ധിയിലാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഇടപെടൽ കാരണം കേരളത്തിന് 13608 കോടി രൂപ കടം എടുക്കാൻ കഴിഞ്ഞുവെന്നും, അതിനാൽ പ്രതിസന്ധി ഭാഗീകമായി തരണം ചെയ്യാൻ കഴിഞ്ഞുവെന്നുമാണ് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തതിൽ അധിക കടം എടുക്കാൻ കേരളത്തിന് അനുകൂലമായി ഉത്തരവ് ഇറക്കാൻ ആകില്ലെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments