Saturday, July 20, 2024
HomeUS News🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)✍

 

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ട്രെയിലര്‍ എത്തി. പുറത്തെത്തിയ ട്രെയ്ലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്ലര്‍ കട്ട് ആണ് വാലിബന്റേത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വാലിബന്റെ കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത് ഇന്നാണ്. കേരളത്തിന് മുന്‍പേ യുകെയില്‍ വാലിബന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ മാത്രം 175 ല്‍ അധികം സ്‌ക്രീനുകളിലാണ് വാലിബന്‍ എത്തുക. ആദ്യ കണക്കുകള്‍ അനുസരിച്ച് അയ്യായിരത്തോളം (4900) ടിക്കറ്റുകളാണ് യുകെയില്‍ ചിത്രം വിറ്റിരിക്കുന്നത്.

മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ടീസര്‍ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നാല്‍പത്തിയഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ദിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ ബന്ധങ്ങളിലൂടെ മുന്നേറുന്ന ഒരു സറ്റയര്‍ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. മുകേഷ്, ഉര്‍വ്വശി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു.

വിജയ് സേതുപതി കത്രീന കൈഫ് ചിത്രം 'മെറി ക്രിസ്‍‍മസ്'; ട്രെയ്‌ലർ എത്തുക ഈ തീയതിയിൽ

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശ്രീറാം രാഘവ് ഹിന്ദിയിലും തമിഴിലും ഒരേസമയം സംവിധാനം ചെയ്ത ചിത്രമാണ് ‘മെറി ക്രിസ്മസ്’. കത്രീന കൈഫ് വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റിലീസ് ദിവസം 2.55 കോടി രൂപയാണ് നേടിയത്. അതായത് ബോളിവുഡ് പതിപ്പില്‍ നിന്ന് 2.3 കോടി രൂപയും തമിഴ് പതിപ്പില്‍ നിന്ന് 22 ലക്ഷം രൂപയും നേടി. ജനുവരി 12നാണ് ചിത്രം റിലീസായത്. ഈ ചിത്രം ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂറും വിനയ് പഥക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങള്‍ മാറുന്നില്ലെങ്കിലും മറ്റ് കഥാപാത്രങ്ങള്‍ മാറ്റമുണ്ട്. തമിഴ് പതിപ്പില്‍ രാധിക ശരത്കുമാറും ഷണ്‍മുഖരാജും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച മെറി ക്രിസ്മസ് 1.3 കോടിയാണ് കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷന്‍ 12.68 കോടിയായി. അതേ സമയം ആഗോള ബോക്സോഫീസില്‍ ചിത്രം 16 കോടി നേടിയെന്നാണ് വിവരം. ചിത്രത്തിന് 50 കോടിയില്‍ ഏറെ മുതല്‍മുടക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെറി ക്രിസ്മസിന്റെ ഹിന്ദിക്കും തമിഴിനുമുള്ള സ്ട്രീമിംഗ് അവകാശം റിലീസിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സിന് 60 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും 60 കോടിയിലധികം വരുമാനം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് വച്ച് നോക്കിയാല്‍ ചിത്രം വലിയ നഷ്ടം ഉണ്ടാക്കില്ലെന്നാണ് വിവരം.

ഷെയ്ന്‍ നിഗം ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ‘ മദ്രാസ്‌കാരന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് വീഡിയോ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രൊമോ വീഡിയോ ആയതിനാല്‍ തന്നെ നിരവധി പേരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ ഷെയ്ന്‍ നിഗം ഒടുവില്‍ തമിഴ് സിനിമാ ലോകത്തേക്കും എത്തുകയാണ്. കുമ്പളങ്ങി നെറ്റ്‌സ്, ഇഷ്‌ക്ക്, ഭൂതകാലം, ആര്‍. ഡി. എക്സ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഷെയ്‌നിന്റെ കരിയറില്‍ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറില്‍ ഒരു നാഴികക്കലാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കലൈയരസന്‍, നിഹാരിക കൊനിഡേല തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വാലി മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് ‘മദ്രാസ്‌കാരന്‍’.

കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘രജനി’യുടെ സ്ട്രീമിംഗ് ആരംഭിച്ചു. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണിത്. ഡിസംബര്‍ ആദ്യമായിരുന്നു തിയറ്റര്‍ റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു നിര്‍വ്വഹിക്കുന്നു.

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം 164 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഗുണ്ടുര്‍ കാരത്തിന്റെ ഗാനത്തിനറെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘രമണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലമായി ഒരു മാസ് രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസര്‍ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി ആണ് നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഎം സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ആണ് ഛായാഗ്രഹണം. ബിജി ബാല്‍, കൈലാസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സിബി, സല്‍മാന്‍ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളജ് പ്രവേശനവും അവര്‍ക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത് സഞ്ജുവിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രം ജനുവരി 19ന് തിയറ്ററുകളില്‍ എത്തും.

ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘തുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച്, ഗോപി സുന്ദര്‍ സംഗീതം നല്‍കി പ്രണവം ശശി ആലപിച്ച ‘വാനില്‍ നിന്നും’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments