Sunday, May 26, 2024
Homeപുസ്തകങ്ങൾമാധവിക്കുട്ടിയുടെ "നെയ്പ്പായസം" എന്ന കഥയ്ക്ക് ശ്രീമതി. സുജിത്രാ ബാബു എഴുതിയ ആസ്വാദനം

മാധവിക്കുട്ടിയുടെ “നെയ്പ്പായസം” എന്ന കഥയ്ക്ക് ശ്രീമതി. സുജിത്രാ ബാബു എഴുതിയ ആസ്വാദനം

ശ്രീമതി. സുജിത്രാ ബാബു

1934 ഡിസംബർ 31 ന് മാതൃഭൂമി മാനേജിങ് എഡിറ്റർ ആയിരുന്ന വി.എം നായരുടെയും, പ്രശസ്ത കവിയത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും മകളായി കമല ജനിച്ചു. ഭർത്താവ് മാധവദാസ്. മോനു നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ എന്നിവരാണ് മക്കൾ. മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിലും, കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും ഒരേപോലെ സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആമി അവസാന കാലം കമല സുരയ്യയായി മുസ്ലിം മതവിശ്വാസത്തിലേക്ക് മാറി. ഒരിക്കലും കണ്ടിട്ടില്ലാത്ത നീർമാതളപ്പൂവിന്റെ സൗരഭ്യത്തെ ഓരോ ഹൃദയങ്ങളിലും എത്തിച്ച മലയാളത്തിന്റെ അഭിമാനം തന്നെയാണ് ശ്രീമതി മാധവിക്കുട്ടി.1984 ൽ നോബൽ സമ്മാനത്തിന് വരെ ശുപാർശ ചെയ്ത വിഖ്യാതയായ വിശ്വസാഹിത്യകാരിയുടെ തൊണ്ണൂറാം ജന്മദിനമാണ് കടന്ന് പോയത്.
മാധവിക്കുട്ടിയുടെ “നെയ്പ്പായസം” എന്ന കഥയ്ക്ക് ആസ്വാദനം എഴുതുവാൻ ശ്രമിക്കുകയാണ്. ✍️

“നെയ് പായസം ”
**********************

ചുരുങ്ങിയ ചെലവിൽ ശവദഹനം കഴിഞ്ഞ് ഓഫീസിലെ കൂട്ടുകാരോട് യാത്ര പറഞ്ഞു തിരക്കുള്ള ബസ്സിൽ യാത്ര തിരിക്കുന്ന അയാൾ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന കഥ. തുടർന്നുവന്ന വായനയിൽ അയാൾക്ക് മൂന്ന് കുട്ടികളുണ്ടെന്നും, അയാളുടെ ഭാര്യയാണ് പുലർച്ചെ മരിച്ചു പോയതെന്നും അവരുടെ ശവദഹനമാണ് നടന്നതെന്നും നമ്മൾ മനസ്സിലാക്കുന്നു. അയാളുടെ ചിന്തകളിലൂടെയാണ് കഥയുടെ സഞ്ചാര ഗതി. എല്ലാ തിങ്കളാഴ്ചകളിലും സാധാരണ വീടുകളിൽ സംഭവിക്കുന്ന കാര്യങ്ങളെ എത്ര തന്മയത്വമായാണ് കഥാകാരി എഴുതി വെച്ചിരിക്കുന്നത്. ഒട്ടുമേ പ്രത്യേകതയില്ലാത്ത ഒരു ദിവസം. അവൾ പറഞ്ഞ ഒരു വാചകമേ അയാൾക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. “മൂടിപ്പതച്ച് കിടന്നാൽ പറ്റുമോ, ഇന്ന് തിങ്കളാഴ്ച അല്ലേ…?”
ഒരുപക്ഷേ അവസാനമായി അവൾ പറഞ്ഞ ഏകവാക്യം. ഒരുപക്ഷേ ഇനി എന്നും ഓർമ്മിക്കേണ്ടതായി ഉള്ളത്….!!
ഇവിടെ എഴുത്ത് രീതി നമ്മെ പലപ്പോഴും ഭ്രമിപ്പിക്കുന്നു.

അല്പകാലത്തെ സ്നേഹബന്ധത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ അല്ലാതെ വിവാഹിതരാവുകയും മൂന്നു കുട്ടികൾ ഉണ്ടാവുകയും ചെയ്തു പട്ടണത്തിലെ ചെറിയ ഫ്ലാറ്റുകളിൽ ഒന്നിൽ ജീവിച്ചു പോരുന്ന കുടുംബം. പരസ്പരം സ്നേഹിക്കുകയും, മക്കളെക്കുറിച്ച് അനേകമായ പ്രതീക്ഷകൾ സൂക്ഷിക്കുകയും ചെയ്യുന്ന സാധാരണ കുടുംബം.
പലവിധ ചിന്തകളോടെ ബസ് നിർത്തിയപ്പോൾ ഇറങ്ങുന്ന അയാൾക്ക് ചെറിയ ഒരു മുട്ടുവേദന തോന്നി. അയാൾ അവളെ കുറിച്ച് ഓർത്തു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ ആരു വളർത്തും…? നിറഞ്ഞ കണ്ണുകൾ മുഷിഞ്ഞ തൂവാല കൊണ്ട് തൂക്കുന്ന അയാളെ നമുക്ക് മുന്നിൽ കാണാൻ പറ്റുന്നുണ്ട്. അറിയാതെ നമ്മുടെ കണ്ണും നിറഞ്ഞു പോകുന്നു.
കുട്ടികൾ ഉറങ്ങി കാണുമോ…?അവർ വല്ലതും കഴിച്ചു കാണുമോ….?എന്നുള്ള അനവധിയായ ചിന്തകളോടുകൂടി വീട്ടിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ അന്നത്തെ പകൽ ഓർമ്മ വന്നു. ഓഫീസിൽ വച്ച് ഒരിക്കലും അവളെ ഓർത്തിരുന്നില്ല.ഓഫീസിൽ നിന്നും വന്ന ജനാല വഴി നോക്കിയപ്പോൾ ഭാര്യയെ കാണുന്നില്ല. പുറത്ത് കളിക്കുന്ന കുട്ടികളിൽ മകൻ ആയ ഉണ്ണി പറയുന്നു “ഫസ്റ്റ് ക്ലാസ് ഷോട്ട് ” താക്കോലെടുത്ത് മുൻവശം തുറന്നു അകത്തു കയറിയ അയാൾ കാണുന്നത് ചൂലിനോട് ചേർന്ന് ചെരിഞ്ഞു കിടക്കുന്ന അവളെയാണ്. കുട്ടികളുടെ ശബ്ദത്തിൽ നിന്നും നമ്മൾ കേട്ട ഷോട്ട് നമ്മുടെ കൺമുന്നിൽ നിറയുന്നു. വായ അല്പം തുറന്നു ചെരിഞ്ഞു കിടക്കുന്ന അവൾ തലതിരിഞ്ഞ് വീണതാണെന്ന് മാത്രമേ താൻ ധരിച്ചിരുന്നുള്ളൂ എന്നും, ആസ്പത്രിയിൽ വച്ച് ഡോക്ടർ ഹൃദയസ്തംഭനം മൂലമാണ് അവൾ മരിച്ചത് എന്ന് അറിയിച്ചതും ഒന്നരമണിക്കൂറായി എന്നും ഓർത്തെടുക്കുന്നു. സത്യത്തിൽ പെട്ടെന്ന് അയാൾക്ക് അവളോട് ദേഷ്യമാണ് തോന്നിയത്. ഒരു താക്കീതുകളും കൂടാതെ ഇങ്ങനെ അങ്ങ് പോകാമോ..? എന്തെല്ലാം കാര്യങ്ങളുണ്ട്. ഒന്നും പറഞ്ഞ് ഏൽപ്പിക്കാതെ അവൾ പോയതിൽ അയാൾ നീരസപ്പെടുന്നുമുണ്ട്. കുട്ടികളെ കുളിപ്പിക്കുകയും കുട്ടികൾക്ക് ദീനം വരുമ്പോൾ പരിചരിക്കുകയും ഒക്കെ ചെയ്യുന്നത് ആരാണ്…? “അയാളുടെ മനം കലഹിക്കുന്നു.
ഓഫീസിൽ ലീവിന് വിളിച്ച് പറയുമ്പോൾ തന്റെ ഭാര്യയുടെ മരണത്തിൽ വ്യസനം പ്രകടിപ്പിക്കുന്ന മേലുദ്യോഗസ്ഥനോട് പോലും ആ നീരസം തോന്നുന്നു. അപ്പോൾ അയാൾ തിരിച്ചറിയുന്നു അവളുടെ മരണം തന്റെ മാത്രം തീരാനഷ്ടമാണെന്ന്. വിളിക്കാതെ എത്തുന്ന വിരുന്നുകാരൻ ആണെന്നത് എത്ര മനോഹരമായാണ് കഥാകാരി പറഞ്ഞു വച്ചിരിക്കുന്നത്.

വീട് തുറന്ന് അകത്തേക്ക് കയറുമ്പോൾ മകൻ ഓടി വന്നു പറയുന്നു “അമ്മ എത്തിയിട്ടില്ല.. ” എന്ന്.അപ്പോഴും അയാൾ മനസ്സിൽ കലഹിക്കുകയാണ് “രാവിലെ അങ്ങനെ കൊണ്ടുപോയ അവൾ തന്നെ വരും എന്നാണോ വിചാരിച്ചിരിക്കുന്നത്…?” എങ്കിലും കുട്ടിയുടെ കൈപിടിച്ച് അകത്തേക്ക് പോവുകയും അടുക്കളയിലേക്ക് കയറി ഓരോരോ പാത്രങ്ങളായി തുറന്നു നോക്കുകയും ചെയ്യുന്നു. അവൾ ഉണ്ടാക്കി വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ ഓരോന്നും അയാൾ കാണുകയാണ് കൂടെ നമ്മളും. കൂടെ ഒരു പാത്രത്തിൽ കുട്ടികൾക്കായി ഉണ്ടാക്കി വച്ചിരിക്കുന്ന നെയ്പായസവും…!! മരണ ഗന്ധം അടിച്ച അവയൊന്നും മക്കൾക്ക് നൽകേണ്ടതില്ല എന്നയാൾ ആദ്യം തീരുമാനിച്ചു. “അമ്മ എപ്പോഴാണ് വരിക..? ” എന്ന മകന്റെ ചോദ്യത്തെ “അമ്മ വരും” എന്ന ചെറിയ മറുപടിയിൽ അയാൾ സമാധാനിപ്പിച്ചുകൊണ്ട് ആ ഭക്ഷണം അവർക്ക് വിളമ്പാൻ തയ്യാറായി.ഇനിയൊരിക്കലും അവളുണ്ടാക്കിയ ഭക്ഷണം മക്കൾക്ക് കഴിക്കാൻ പറ്റില്ലല്ലോ എന്ന് വേദന അയാളുടെ ഉള്ളിൽ തിങ്ങിയിരിക്കാം.അവൾ ഇരിക്കാറുള്ള പലകയിൽ അയാൾ ഇരുന്നു. ഒരുപക്ഷേ ഇനിയങ്ങോട്ട് അയാൾക്കിരിക്കാനുള്ള പലക.!! പിഞ്ഞാണങ്ങൾ കഴുകി അയാൾ കുട്ടികൾക്ക് പായസം വിളമ്പി. “ചോറ് വേണ്ടേ ഉണ്ണി..? “എന്ന ചോദ്യത്തിന് വേണ്ട “അസ്സല് നെയ് പാസമാണ് അമ്മ ഉണ്ടാക്കിയിരിക്കുന്നത്..” എന്നെ മറുപടിയിൽ അയാൾ ഉള്ളിൽ ഒതുക്കിയ സങ്കടം മുഴുവൻ പുറത്തു ചാടി. അമ്മയുണ്ടാക്കിയ അവസാനത്തെ വിഭവം അത്രമേൽ ഇഷ്ടത്തോട് കൂടി കഴിക്കുന്ന മക്കൾ കാണാതിരിക്കുവാൻ അയാൾ വേഗം കുളിമുറിയിലേക്ക് പോയി…

ഒരു വീട്ടമ്മയുടെ മരണം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെയും വ്യത്യസ്തമായ മനോനിലകളെയും കൃത്യമായി അപഗ്രഥിച്ച് എഴുതിയ ഈ മികവുള്ള കഥ മൺമറഞ്ഞുപോയ കഥാകാരിയുടെ തൂലികയിൽ ഉതിർന്ന മനോഹരമായ കാവ്യം തന്നെ.✍️✍️

പ്രിയപ്പെട്ട കഥാകാരിക്ക് ഹൃദയംകൊണ്ട് പ്രണാമം 🙏

 ✍ശ്രീമതി. സുജിത്രാ ബാബു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments