Wednesday, June 12, 2024
Homeഅമേരിക്കത്രിശൂരിൽ ആരാണ് വിജയി (മോൻസി കൊടുമൺ)

ത്രിശൂരിൽ ആരാണ് വിജയി (മോൻസി കൊടുമൺ)

മോൻസി കൊടുമൺ

ഇലക്ഷൻ കഴിഞ്ഞു ജനം ആകാംഷ യോടെ കാത്തിരിക്കുന്ന നിമിഷം . മൂന്നു സ്ഥാനാർത്ഥികളുടേയും തലയിൽ മുട്ടവെച്ചാൽ പുഴുങ്ങിയെടുക്കാം. ചിലരൊക്കെ മൊട്ടയടിക്കാൻ പന്തയം വെച്ചിരിക്കുന്നു . മൂന്നു സ്ഥാനാർത്ഥികളും എന്റെ അറിവിൽ മികച്ചവർ തന്നെ. ആരേയും കുറ്റം പറഞ്ഞു വിരോധം സമ്പാദിക്കുന്നില്ല മാത്രമല്ല എനിക്ക് ഒരു പാർട്ടിയും ഇല്ല .

പക്ഷെ നാടിനു വികസനം വേണമെങ്കിൽ കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ സ്ഥാനാർത്ഥി ജയിക്കണം എന്ന ഒരു തോന്നൽ ഉണ്ടാക്കാൻ മോദിയുടെ വരവ് പ്രയോജനം ചെയ്തോ? അതോ ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ കാണുവാൻ ജനം കൂടിയതാണോ? പക്ഷെ ജനം രണ്ടു മുന്നണിയുടെയും അനുഭവം രുചിച്ചു നോക്കുമ്പോൾ കാഞ്ഞിരത്തിൻ കയ്പ് അനുഭവപ്പെടുന്നുവെന്നാണ് പറയുന്നത്

സാമ്പത്തികമായി കേരളം കൂപ്പു കുത്തിനിൽക്കുകയാണ് ഒരു ദിവസം 200 കോടി വേണം കാര്യം നടത്തുവാൻ ഇതെല്ലാം കടമെടുത്തു മുടിഞ്ഞിരിക്കയാണ്. ജനിക്കാൻ പോകുന്ന ഒരു കുട്ടിക്കു പോലും ഒരു ലക്ഷത്തിൽ പരം കടം. ചെറുപ്പക്കാർ രാജ്യം വിട്ടു വിദേശത്തേക്കു പോകുന്നതു മാത്രമല്ല ഈ പറയുന്ന രാഷ്ട്രീയക്കാരുടെ മക്കളും പഠിക്കുന്നത് വിദേശത്താണ് . പാർട്ടിക്കു വേണ്ടി രക്ത സാക്ഷിയാകുവാനും ഇവരെ കിട്ടില്ല . പാവപ്പെട്ട തൊഴിലാളി കളുടെ മക്കളാണ് പാർട്ടിക്കു വേണ്ടി മരിക്കുന്നത് . പിന്നെ ജഡത്തിനു വേണ്ടി പിടിവലി . മരിച്ചത് ഞങ്ങളുടെ പാർട്ടിക്കാരനാണ് പിന്നെ ബക്കറ്റു പിരിവായി കോടികളുണ്ടാക്കിയെടുക്കും . അവസാനം ചത്തവനെ പിന്നെയും സ്വസ്ഥമായി കിടത്തുവാനും സമ്മതിക്കില്ല . മരിച്ചിട്ടും ഇല്ല ഇല്ല മരിക്കില്ല എന്ന മുദ്രാ വാക്യം ചൊല്ലി അവനെ കുഴിയിലോട്ടു കൊണ്ടു വെച്ചിട്ടു കുറച്ചു മുതല കണ്ണീരും അവിടെ കഥ അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോകുന്നു. പിന്നെ വർഷത്തിലൊരിക്കൽ രക്തസാക്ഷി ദിനം അന്നുമുണ്ട് ബക്കറ്റ് പിരിവ് . മരിച്ചവരുടെ അമ്മക്കും അപ്പനും അല്ലെങ്കിൽ ഭാര്യക്കും കുട്ടികൾക്കും നിത്യദുഖം ഇതാണ് ഇന്നത്തെ രാഷ്ട്രീയ കളികൾ.

വയലുകൾ തരിശായി കിടക്കുന്നു. കാർഷിക വിഭവങ്ങളില്ല തമിഴ് മക്കളുടെ അദ്ധ്വാന ഫലങ്ങളുടെ വിഷവും തിന്ന് വൃക്കകളും തകരാറിലായി മദ്യത്തിനും അടിമയായി ജനങ്ങൾ മരിച്ചു വീഴുന്നു. ചിലർ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു. ആനകുത്തി മരണം പട്ടി കടിച്ചു മരണം പന്നി കുത്തി മരണം മനുഷ്യനു വിലയില്ലാതായിതീർന്നിരിക്കുന്നു. ഇതിനിടയിലാണ് കൈവട്ടും കാൽ വെട്ടും പകയും കൊള്ളയും കള്ളക്കടത്തും ബാങ്ക് തട്ടിപ്പും ജനം മടുത്തിരിക്കുന്നു.

ബംഗാൾ നിശിച്ചിട്ടു ബംഗാളികൾ കേരളത്തിലേക്ക് ഒഴുകുന്നു അവരുടെ ആക്രമണം എന്നു വേണ്ട കേരളം കടക്കെണിയിൽ മാത്രമല്ല കൊലക്കെണിയിലുമായി ഭയന്നു വിറച്ചിരിക്കുന്ന കാലം . ഭവനങ്ങൾ കാലിയായി താമസിക്കാൻ ആളില്ലാതായി ചിലതെല്ലാം അടഞ്ഞു കിടക്കുന്നു. ചിലവീടുകളിൽ വൃദ്ധ ദമ്പതികൾ മാത്രം. എന്നാൽ മറ്റു വൃദ്ധരെ മക്കൾ നടതള്ളി പലയിടത്തും കൊണ്ടു കളയുന്നു. വൈദ്യുതി ചാർജ് കെട്ടിടനികുതി ഇരട്ടിയായി വർദ്ധിച്ചു . പെട്രോൾ ഡീസൽ പാചക ഗ്യാസ് എന്നിവയും വർദ്ധിച്ചുവരുന്നു. തൊഴിലില്ലാത്ത ജനങ്ങൾ മയക്കു മരുന്നിനും ലഹരിക്കും അടിമകളാകുന്നു . സമാധാനം തകരുന്നു. പക്ഷെ എല്ലാവർക്കും വേണ്ടത് വികസനം വികസനം . സമാധാനം വേണ്ട i തൊഴിൽതർക്കങ്ങൾ അനധികൃത നിയമനം പക്ഷാഭേദം ഇവമൂലം ജനങ്ങൾ പൊറുതി മുട്ടിയിട്ടും വികസനം വികസനം ഇതു മാത്രമെ കേൾക്കുവാനുള്ളു . പക്ഷെ വികസിക്കുന്നത് രാഷ്ട്രീയ ക്കാരുടെ പള്ളകളാണെന്നു മാത്രം.

ഈ സമയത്താണ് ഇലക്ഷൻ വരുന്നത് . ചക്കരവാക്കും പറഞ്ഞ് വോട്ടു തേടി നാണമില്ലാതെ വീണ്ടും വരുന്ന രാഷ്ട്രീയ ബൊമ്മകൾ അവരെ കേൾക്കുന്ന കഴുതയായ ജനങ്ങൾ . അവർ മടുത്തിരിക്കുന്നു. ഇടതും വലതും മാറി മാറി ഭരിച്ചിട്ടെന്തു നേടി. ഒരു കാലിലെ മന്ത് മറ്റേ കാലിൽ മാറ്റിക്കൊടുത്ത്വെന്നു പറയാം .

ഇതിനൊക്കെ ബദലായി പ്രതീക്ഷ ഉണർത്തി കൊണ്ടാണ് ത്രിശൂരിൽ 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഇന്ന് ഭരത് ചന്ദ്രൻ എന്ന കഥാപാത്രത്തിൻ്റെ മികവിൽ തല ഉയർത്തി പ്രധാനമന്തി മോദിയുടെ അനുഗ്രഹത്തോടെ സുരേഷ് ഗോപി എന്ന മഹത്തായ നടൻ ത്രിശൂരിൽ അങ്കം കുറിച്ച് താമര വിരിയിക്കാൻ എത്തുന്നത്. രണ്ടു പ്രാവശ്യം തോറ്റിട്ടും ത്രിശൂരും കൊണ്ടേ ഞാൻ പോവുകയുള്ളു അതെൻ്റ ഹൃദയത്തിൽ ഇരിക്കും എന്നുപറഞ്ഞു കൊണ്ടാണ് അദ്ദേഹം വോട്ടു ചോദിക്കുന്നത്. എൻ്റെ നോട്ടത്തിൽ നല്ല മനുഷ്യസ്നേഹിയാണ് അദ്ദേഹം മറ്റേതു പാർട്ടിയിലായാലും അദ്ദേഹം എന്നേ ജയിച്ചു പോകുമായിരുന്നു.

കേരളം ഒരു മതേതര സംസ്ഥാനമാണ് ക്രിസ്ത്യാനിയും മുസൽമാനും ഹൈന്ദവനും ഒന്നിച്ചു വസിക്കുന്ന ദൈവത്തിൻ സ്വന്തം നാട്. പക്ഷെ ഇന്നത്തെ പുതിയ തലമുറ ജാതിനോക്കിയല്ല വോട്ടു കുത്തുന്നത്. അവർക്ക് തൊഴിൽ വേണം കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിയുടെ നേതാവ് ജയിച്ചു മന്ത്രി ആയാൽ ത്രിശൂർ വികസിക്കും തീർച്ച . അതാണ് മോദിയുടെ വരവും ജനങ്ങളുടെ പ്രതീക്ഷയും പിന്നെ സുരേഷിൻ്റെ താരത്തിളക്കവും എന്തായാലും സുരേഷ് തരംഗം ത്രിശൂരിൽ തിമിർത്താടിയിട്ടുണ്ട്.

കോടികൾ ചിലവാക്കിയ പ്രചരണം . കോൺഗ്രസ്സിൻ്റെ അക്കൗണ്ട് മരവിപ്പിച്ചു കൊണ്ട് ബി.ജെ.പി കാവി പൊൻ കൊടി പാറിച്ചു. പക്ഷെ ആരാണ് ഇവിടെ ജയിക്കുന്നത് . കോൺഗ്രസ്സിൻ്റെ പുലിമുരുകനായി മുരളീധരൻ ചീറിയടുത്തതോടെ സംഗതി അൽപം മാറിയിട്ടുണ്ടെങ്കിലും ശരിയായി ശോഭിച്ചോ എന്നു സംശയം ആദ്യത്തെ ആവേശം ഇന്നു കാണുന്നില്ല CPM BJP ഡീൽ എന്നു പറഞ്ഞ് അദ്ദേഹം പിന്നോട്ടു പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത് .

മറ്റു സ്ഥാനാർത്ഥി CPI യുടെ സുനിൽകുമാർ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം . സ്വന്തം നാട്ടുകാരൻ എല്ലാവർ ക്കും ഇഷ്ടപ്രിയൻ . ആദ്യം കുതിരപോലെ വന്നെങ്കിൽ ഇപ്പം സ്ഥിതി മാറിക്കഴിഞ്ഞു. CPI ക്കാരൻ തോറ്റാൽ CPM ന് ഒന്നും സംഭവിക്കാൻ പോകുന്നില്ല . ഇവിടെ ഇന്ന് UDF തരംഗമല്ല പകരം പിണറായി വിരുദ്ധ തരംഗമാണ് . ആരേയും കൂസാത്ത പിണറായി സഖാവിനെ പാർട്ടിക്കാർക്കും വെറുത്തു തുടങ്ങി. ജയരാജൻ , തോമസ് ഐസക് , ശൈലജ ടീച്ചർ , സുധാരരൻ ഇവരോടൊന്നും യോജിച്ചു പോകുവാൻ പിണറായിക്കു താൽപര്യമില്ല ഇവരെ യൊക്കെ കേരളത്തിൽ നിന്നും ഡൽഹിയിലോട്ടു കടത്തിയിട്ടു മരുമകൻ റിയാസിനെ അടുത്ത കസേരയിലിരുത്തുവാനുള്ള തന്ത്രം ജനങ്ങൾക്കു മനസ്സിലായിത്തുടങ്ങി. അതിനാൽ ത്രിശൂരിൽ ഈഴവ വോട്ടുകൾ രണ്ടായി പിരിയും അത് സുരേഷ് ഗോപിക്കോ മുരളിക്കോ കിട്ടിയേക്കാം .

ക്രിസ്ത്രീയ വോട്ടുകൾ ഇക്കുറി സുരേഷ് ഗോപി കൂടുതൽ പിടിച്ചെടുക്കും. എങ്കിൽ സുരേഷ് ഗോപി കടന്നു കൂടാൻ സാദ്ധ്യത കാണുന്നു. പിന്നെ താരതിളക്കം സ്ത്രീകളുടെ അനുകമ്പ . കാരണം ഒരു സ്ത്രീയെ മകളെപ്പോലെ തൊട്ടതിന് അദ്ദേഹത്തെ വളരെ മോശമായി അപമാനിച്ചു . അത് കരുതിക്കൂട്ടി ചെയ്ത കൊടും ചതിയാണെന്ന് അരിയാഹാരം കഴിക്കുന്ന ഏവർക്കും അറിയാം . പിന്നെ രണ്ടു പ്രാവശ്യം തോറ്റ സഹതാപ തരംഗം അടുത്തത് അദ്ദേഹത്തിൻ്റെ മനോഹര മായ ആത്മീയ ഗാനം പലരിലും മതിപ്പു ളവാക്കിയതു മാത്രമല്ല ആ പാട്ടു വൈറലായി. ഇനിയും ലൂർദ് മാതാവിനു കൊടുത്ത കിരീടം അതു മുഴുവൻ സ്വർണമാണെന്നു അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹത്തിൻ്റെ അനുഗ്രഹത്തിനായി കൊടുത്തു വെന്നാണ് അദ്ദേഹം പറഞ്ഞത് . അല്ലെങ്കിലും പണം കൂടുതൽ കൊടുക്കുന്നവരെ ദൈവം കൂടുതൽ അനുഗ്രഹിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ യാണെങ്കിൽ ദൈവം എപ്പോഴും അംബാനിയുടെ വീട്ടിൽ ആയിരിക്ക മല്ലോ. വിധവയുടെ വെള്ളിക്കാശാണ് എനിക്ക് അപ്പോൾ ഓർമ വന്നത്. അതിന് അദ്ദേഹത്തെ ധാരാളം അപമാനിച്ചു അതെല്ലാം വോട്ടായി മാറുകില്ലേ എന്ന് എനിക്കു മനസ്സിൽ തോന്നുന്നു. പിന്നെ ഗണേഷിൻ്റെ അധികപ്രസംഗം അദ്ദേഹത്തെ വ്യക്തി ഹത്യ നടത്തി പ്രസംഗിച്ചതും അദ്ദേഹത്തിന് വോട്ടു കൂടുതൽ ലഭിക്കുവാനേ സാധിക്കയുള്ളു. ഒരു വർഗ്ഗീയ പാർട്ടിയുടെ ലേബലിൽ നിൽക്കുന്ന ഒരു ബലഹീനത അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹം ഒരിക്കലും ഒരു വർഗ്ഗീയ വാദിയായി ഞാൻ കാണുന്നില്ല. മുസ്ലിം പള്ളിയിൽ പോയി നോമ്പു തുറന്നതും ഓശാനക്കു പള്ളിയിൽ പോയതും തെറ്റായി ഞാൻ കാണുന്നില്ല.

ഇനി അൽപം കാര്യത്തിലേക്കുവരാം കേരളത്തിൽ 25% ആൾക്കാർ വോട്ടു ചെയ്തിട്ടില്ല കടുത്ത ചൂടു മൂലം പലരും വെളിയിലിറങ്ങി വോട്ടിന് ക്യൂനിന്നിട്ടില്ല . അതൊക്കെ വല്യ വീട്ടിലെ കൊച്ചമ്മമാരും അച്ചായമാരും ചേട്ടൻമാരും ഒക്കെ ആണല്ലോ അത് UDF ൻ്റെ വോട്ടാണ് അപ്പോൾ UDF ൻ്റെ വോട്ടു പല സ്ഥലങ്ങളിലും കുറഞ്ഞിട്ടുണ്ട് ‘ അതുപോലെ നോട്ടക്ക് കുറെ വോട്ടു പാഴായിട്ടുണ്ട്. എന്നാൽ ത്രിശൂരിൽ കൂടുതൽ പോളിങ് നടന്നിട്ടുണ്ട് . സ്ത്രീകളുടെ ഒരു വലിയ നിരയും ചെറുപ്പക്കാരുടെ നിരയും സുരേഷ് തരംഗമാണെന്നാണ് മനസ്സിലാക്കുന്നത്. ഒരു കേന്ദ്ര മന്ത്രിയെ അവർ പ്രതീക്ഷി ക്കുന്നുണ്ടായിരിക്കാം.

പിണറായി വിരുദ്ധ തരംഗത്തിൽ ഈഴവ വോട്ടുകൾ രണ്ടായി തിരിയുകയും ക്രിസ്ത്യൻ വോട്ടുകൾ നിർണ്ണായക ശക്തി ആവുകയും ചെയ്താൽ സുരേഷ് ഗോപി ജയിക്കാൻ സാദ്ധ്യതയുണ്ട്. പൂഞ്ഞാർ പള്ളി ആക്രമണം പാലാ വിഷപ്പിൻ്റെ നേരേയുള്ള ആക്രമണം ഇവ വോട്ടുകളുടെ നില മാറ്റുമെന്നതിൽ സംശയമില്ല . അതിനാൽ സുരേഷ് ഗോപിയും കെ. മുരളീധരനും തമ്മിലാണ് മത്സരം . അതിൽ സുരേഷിൻ്റെ സാദ്ധത്യ വർദ്ധിക്കുന്നെങ്കിലും മുരളീധരൻ അത്രമോശമല്ല തൊട്ടു പിറകിൽ തന്നെയുണ്ട് . സുനിൽ കുമാറിനെ CPM തഴയും കാരണം BJP CPM ഒരു ഡീൽ നടത്തിയാൽ പിണറായിയും മകളും രക്ഷപെടുമെങ്കിൽ സുനിലിനെ അവർ തഴയുമെന്നതിൽ തർക്കമില്ല. ശേഷം ഭാഗം അടുത്ത ലക്കത്തിൽ ‘ നന്ദി

മോൻസി കൊടുമൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments