🔹ശബരിമല: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് നട അടക്കും.
🔹ചെന്നൈ: ട്രെയിനിൽ കടത്താൻ ശ്രമിച്ച നാല് കോടി രൂപയുമായി ബിജെപി പ്രവർത്തകൻ അടക്കം മൂന്നുപേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ എസ്. സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവറായ പെരുമാൾ (26) എന്നിവരാണ് തിരുനൽവേലിയിലേക്കുള്ള യാത്രക്കിടെ പിടിയിലായത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് ചെന്നൈയിലെ താംബരം റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. നിരവധി ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനിൽ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
അഞ്ഞൂറ് രൂപയുടെ നോട്ടുകൾ ആറു ബാഗുകളിലാക്കി എസി കമ്പാർട്ടുമെന്റിലായിരുന്നു സൂക്ഷിച്ചത്. വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു പണം എന്നാണ് സൂചന. തിരുനൽവേലി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രാകാരമാണ് പണം കൊണ്ടുവന്നത് എന്ന് പിടിയിലായ സതീഷ് ഉൾപ്പെടെയുള്ള പ്രതികൾ സമ്മതിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
🔹ചെന്നൈ: നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് നടിയുടെ വാഹനത്തിൽ പരിശോധന നടത്തിയത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനത്തിലും തടഞ്ഞ് പരിശോധന നടത്തിയത്.മഞ്ജുവിനൊപ്പം മാനേജറും കാറിൽ ഉണ്ടായിരുന്നു. എന്നാൽ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു. വാഹനത്തിൽ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോൾ ആളുകൾ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം മടങ്ങിയത്.കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിൽ വ്യാപകമായി ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പരിശോധനകൾ നടക്കാറുണ്ട്. അനധികൃത പണക്കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകൾ.
🔹ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി 3,200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമേ ഇനിയും നാലുമാസത്തെ പെന്‍ഷന്‍ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.
🔹സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും, അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔹ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ മൂന്ന് മരണം. പുറക്കാട് സ്വദേശി സുദേവ്, ഭാര്യ വിനീത, മകന്‍ ആദി ദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പുറക്കാട് ജംഗ്ഷന് സമീപം അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിനീതയുടെ മരണം സംഭവിച്ചത്.
🔹കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്സ ഉപയോഗിച്ച് രക്ഷപെട്ട പതിമൂന്നുകാരിയാണ് കഴിഞ്ഞ ദിവസം കയ്യടി നേടിയത്. നായ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാന്‍ അലക്സയോട് പറഞ്ഞാണ് നികിത കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്നേയും ഒരുവയസുകാരിയായ അനന്തിരവളേയും രക്ഷിച്ചത്. നികിതയുടെ സമയോചിതമായ ഇടപെടലിന് പ്രശംസകള്‍ നിറയുമ്പോള്‍ ജോലി വാഗ്ദാനം ചെയ്ത് എത്തുകയാണ് ആനന്ദ് മഹീന്ദ്ര.
🔹ബെംഗളൂരു: കൊടുംചൂടും കുടിവെള്ള ക്ഷാമവും കാരണം വലയുന്ന ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാർത്ത. കർണാടകയിലെ ഉഗാദി ഉത്സവത്തിന് പിന്നാലെ മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരു മാസമായി കടുത്ത ചൂടിൽ വീർപ്പുമുട്ടുകയാണ് ബെംഗളൂരുവിലെ ജനങ്ങള്‍. ബെംഗളൂരുവിൽ സാധാരണ ഏപ്രിലിൽ ലഭിക്കുന്നതിലും കൂടുതൽ വേനൽമഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
🔹വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ് മരിച്ചത്. മക്കളായ നിഖ, നിവേദ എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
🔹കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് ചിക്മഗളൂരു സ്വദേശി സുരേഷ് കീഴടങ്ങി. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കാട്ടില്‍ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും കീഴടങ്ങാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
🔹ആരോഗ്യകാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു ബിജെപി അധ്യക്ഷന്‍ ജെ. പി. നദ്ദക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പിന്മാറ്റമെന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണാമെന്നും ഖുശ്ബു കത്തില്‍ പറയുന്നു.
🔹ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും മുന്നില്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു.
🔹വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ‘തങ്കലാനി’ല്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗംഗമ്മയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശക്തി, കൃപ, പ്രതിരോധം എന്നിങ്ങനെയാണ് ഗംഗമ്മയെ കുറിച്ച് എഴുതിയിരിക്കുന്നത്. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കാലന്‍’ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും.