Friday, July 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 06, 2024 ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 06, 2024 ശനി

കപിൽ ശങ്കർ

🔹ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നീ കമ്പനികള്‍ കൂടാതെ കിറ്റെക്സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.

🔹വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

🔹കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണെന്ന് വടകര എംഎല്‍എയായ കെ.കെ രമ. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്നും, ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്നും രമ ആരോപിച്ചു. കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ കെ രമ.

🔹പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാന്‍. സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം ജീവനക്കാര്‍ സ്വീകരിക്കണം, യാത്രക്കാരാണ് യജമാനന്‍മാര്‍ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍ .

🔹സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

🔹തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.

🔹കാണാതായ യുവതിയേയും പുരുഷനേയും തൃശ്ശൂര്‍ മണിയന്‍ കിണര്‍ വനമേഖലയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.

🔹മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മയും മുങ്ങിപോയ പേരകുട്ടികളില്‍ ഒരാളും മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമയുമാണ് മരിച്ചത്.

🔹നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🔹മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസം രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ അശോക്ദാസിനെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.

🔹രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ സായ് പ്രസാദ് എന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.

🔹തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്ന പത്ത് ചിഹ്നങ്ങൾ പട്ടികയിൽനിന്ന് പുറത്ത്. കപ്പും സോസറും താക്കോൽക്കൂട്ടവും തൊപ്പിയുമൊക്കെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽനിന്ന് പുറത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്ന പത്ത് ചിഹ്നങ്ങളാണ് ഇത്തവണ പട്ടികയിൽനിന്ന് അപ്രത്യക്ഷമായത്.
ടെലിവിഷനും ക്യാമറയും കംപ്യൂട്ടറുമൊക്കെ അതിന്റെ ആദ്യകാല രൂപങ്ങളിൽത്തന്നെ ചിഹ്നങ്ങളുടെ പട്ടികയിലുണ്ട്. 190 ചിഹ്നങ്ങളാണ് ഇക്കുറി സ്വതന്ത്രർക്കായി അനുവദിച്ചിരിക്കുന്നത്. ദേശീയപാർട്ടികളുടെ ആറും സംസ്ഥാനപാർട്ടികളുടെ ആറും ഉൾപ്പെടെ 202 ചിഹ്നങ്ങളാണ് സ്ഥാനാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ടോർച്ച് ഇക്കുറിയും സ്വതന്ത്രചിഹ്നപ്പട്ടികയിലുണ്ടെങ്കിലും അച്ചടിക്കുമ്പോൾ അതുമായി സാമ്യംതോന്നുന്ന ബോട്ടിൽ ഇത്തവണ ഒഴിവാക്കി. ഫുട്‌ബോൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫുട്‌ബോൾ കളിക്കാരനെ സ്വതന്ത്രസ്ഥാനാർഥിക്ക് ലഭിക്കും.
കൈതച്ചക്കയും കാഹളംമുഴക്കുന്ന മനുഷ്യനും ഇത്തവണ ഇടംപിടിച്ചില്ല. ട്രാക്ടർ ഓടിക്കുന്ന കർഷകനും സ്വതന്ത്രർക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ അനുവദിച്ചിരുന്ന ഹെലികോപ്റ്റർ, മുറം തുടങ്ങിയവയും പട്ടികയ്ക്കുപുറത്തായി. പഴയകാല ബേബിവാക്കർ പട്ടികയിൽ പിടിച്ചുനിന്നു. ബൊക്കെ ഒരു ചിഹ്നമല്ലാത്തതിനാൽ ക്വാളിഫ്ളവറിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകില്ല. കട്ടിൽ ചിഹ്നമാണെങ്കിലും കേരളത്തിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല കമ്മിഷൻ പട്ടികയിലുള്ള ചിത്രം. അതുകൊണ്ടാകണം കേരളത്തിന് ഈ ചിഹ്നം അനുവദിച്ചിട്ടുമില്ല.
ആപ്പിൾ, കമ്മൽ, അറക്കവാൾ എന്നിവ ചിഹ്നങ്ങളുടെ പട്ടികയിലുണ്ടെങ്കിലും കേരളത്തിലെ സ്വതന്ത്രർക്ക് ലഭിക്കില്ല. കംപ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജർ, പെൻഡ്രൈവ്, സി.സി.ടി.വി. ക്യാമറ എന്നിവയും അവയുടെ ആദ്യകാല രൂപത്തിൽത്തന്നെയുണ്ട്.
ക്രിക്കറ്റ് ബാറ്റും ബാറ്ററും ഹോക്കി സ്റ്റിക്കുമൊക്കെ കായികവിഭാഗത്തിൽനിന്നുണ്ട്. ബ്രെഡും കേക്കും ഭക്ഷണംനിറച്ച പ്ലേറ്റും പച്ചമുളകും ചക്കയുമൊക്കെ ചിഹ്നമാണ്. പല ചിഹ്നങ്ങളും കമ്മിഷൻ അനുവദിച്ചതരത്തിൽ വരച്ചൊപ്പിക്കുകയെന്നത് ചുവരെഴുത്തുകാർക്ക് വെല്ലുവിളിയാകും. നഗരവാസികളും പഴയകാല മൈക്കും പാന്റുമൊക്കെ ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴും തുടരുന്നുമുണ്ട്.

🔹പാലക്കാട് കരിമ്പുഴയില്‍ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മുഹമ്മദ് അഷ്‌കറിന് അപകടത്തില്‍ പരിക്കേറ്റു. രാവിലെ 7 മണിയോടുകൂടി ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

🔹തമിഴ് നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുണ്‍ കുമാര്‍ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. തേയില തോട്ടത്തില്‍ മരുന്നടിക്കാന്‍ പോയതായിരുന്നു അരുണ്‍ കുമാര്‍. പിന്നില്‍ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

🔹നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാലിന് പരിക്കേറ്റ കാട്ടാന പ്രയാസപ്പെട്ടാണ് നടക്കുന്നതെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. ആനയെ കണ്ട പ്രദേശവാസിൽ ബഹളം വച്ചതോടെ ആര്യവല്ലിക്കാവ് ഭാഗത്തേക്ക് ആന നീങ്ങിയിട്ടുണ്ട്. ദിവസങ്ങളായി ഈ ആന കോവിലകത്തുമുറി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. അക്രമകാരിയാണ് ആനയെന്നും പിടികൂടി വനത്തിൽ വിടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന കൊന്നത്. വട്ടപ്പാറ സ്വദേശി ബിജു മാത്യുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ച കാട്ടാനയെ വീട്ടുമുറ്റത്ത് നിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്.

🔹ഹരിപ്പാട് : ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി പായിപ്പാട് പുത്തൻ ചുണ്ടൻ നീരണിഞ്ഞു. വീയപുരം വെളിയം ജംഗ്ഷനിലെ മാലിപ്പുരയിൽ നിന്ന് ആർപ്പുവിളികളുടേയും ആരവങ്ങളുടേയും പമ്പയാറിലേക്കാണ് ചുണ്ടൻ നീരണിഞ്ഞത്. നിരവധിപ്പേരാണ് ചടങ്ങിന് സാക്ഷിയാവാനായി വള്ളപ്പുരയ്ക്ക് സമീപം ഒത്തുകൂടിയത്. ഇന്നലെ രാവിലെയായിരുന്നു ചുണ്ടൻ നീരണിഞ്ഞത്. വള്ളം നീരണിഞ്ഞതോടെ വെടിക്കെട്ടും നടന്നു.
അമ്പത്തി മൂന്നേകാൽ കോൽ നീളത്തിൽ 52 അംഗുലം വണ്ണത്തിൽ തീർത്ത ചുണ്ടനിൽ 91 തുഴക്കാർ 9 നിലക്കാർ 5 അമരക്കാർ എന്ന നിലയിലാണ് ചുണ്ടൻ്റെ നിർമ്മാണ ഘടന. പത്തുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കോയിൽ മുക്ക് നാരായണൻ ആചാരിയുടെ മുത്ത മകൻ ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണം.
നിരണിയൽ ചടങ്ങിനെ തുടർന്ന് നടന്ന പൊതു സമ്മേളനം ആടുജീവിതം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ നജീബ് ഉദ്ഘാടനം ചെയ്തു. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്നേക് ബോട്ട് ഓണേഴ്സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ കെ കുറുപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ ഷാനവാസ് ഗ്രാമപഞ്ചായത്തംഗം രഞ്ജിനി ചന്ദ്രൻ ചുണ്ടൻ വള്ള സമിതി ഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രദർശന തുഴച്ചിലും നടന്നു.

🔹ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 5 വിക്കറ്റിന് 165 ലൊതുക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 12 ബോളില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 31 റണ്‍സെടുത്ത ട്രാവിസ് ഹെഡും 50 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും സണ്‍റൈസേഴ്സിന് വിജയത്തിലേക്ക് നയിച്ചു.

🔹സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ലിറ്റില്‍ ഹാര്‍ട്സ് ‘ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന്‍ ബാബുരാജും രമ്യ സുവിയും ചേര്‍ന്നുള്ള പ്രണയഗാനമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവരുന്നത്. ബാബുരാജിന്റെ സിനിമ കരിയറില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രണയഗാനം. നാം ചേര്‍ന്ന വഴികളില്‍… എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍. പാടിയത് വിജയ് യേശുദാസ്, ജൂഡിത്ത് ആന്‍. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്സില്‍നായക കഥാപാത്രമായ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവഹമായ രീതിയില്‍ ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനു മോഹന്‍, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലിറ്റില്‍ ഹാര്‍ട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments