Saturday, July 27, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 24, 2024 ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 24, 2024 ഞായർ

കപിൽ ശങ്കർ

🔹വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അണുബാധയ്ക്കെതിരായ മരുന്നുകൾ തുടങ്ങി 800 അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ പെടുന്നവയുടെ വിലയിൽ 0.005 ശതമാനം വർധിപ്പിക്കാനാണ്‌ തീരുമാനം. മുൻവർഷങ്ങളിൽ 10, 12 ശതമാനം വില വർധനയ്‌ക്ക്‌ കേന്ദ്രാനുമതി ഉണ്ടായിരുന്നു. എല്ലാ വർഷവും അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാറുണ്ട്‌. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റിയാണ്‌ വില തീരുമാനിക്കുക. തുടർന്ന്‌, കേന്ദ്രസർക്കാർ അംഗീകാരത്തിനായി നൽകും. ഇത്തവണ തെരഞ്ഞെടുപ്പ്‌ മുൻകണ്ടാണ്‌ വിലവർധന ശതമാനം സാധാരണ വർഷങ്ങളേക്കാൾ കുറച്ചത്‌.

🔹P.C ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ. മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തത്. എംടി രമേശിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുളള പ്രസ്താവന.

🔹സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക്‌ പൂർണമായും വിശ്വസിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തെ മാത്രമാണെന്നതാണ്‌ രാജ്യത്തിന്റെ പ്രത്യേകതയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല–- പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട്‌ അലാമിപ്പള്ളിയിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജന റാലി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

🔹പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്കുശ്രമിച്ചത്.

🔹നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിന്റ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ കമ്മീഷന്‍ സി പി ഐക്ക് നോട്ടീസ് നല്‍കി.

🔹ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദേശം. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

🔹അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കെജ്രിവാളിന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കാനുള്ള ആവശ്യം നിരസിച്ച ദില്ലി ഹൈക്കോടതി ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി.

🔹ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ട പരിഹാര തുകയായി നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

🔹കൊവിഡ് ക്വാറന്റീന്‍ ലംഘിച്ച് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പി.കെ.ഇന്ദിര നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സബ് കോടതിയുടേതാണ് ഉത്തരവ്.

🔹തൃശ്ശൂര്‍ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു.

🔹വീരപ്പന്റെ മകള്‍ വിദ്യാ റാണി ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പന്‍-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. അടുത്തിടെയാണ് വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

🔹മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തില്‍ 11 ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായവരില്‍ നാല് പേര്‍ ഭീകരവാദികളെന്നാണ് വിവരം.

🔹ആടുജീവിതം’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശാനാനുമതിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമ ആകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് നോവല്‍. ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിക്കപ്പെട്ടിരുന്നു. നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ പണി എടുപ്പിക്കുന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ആടുജീവിതം യുഎഇയില്‍ കൂടി നിരോധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാസ്വാദകര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments