Friday, July 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 19, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 19, 2024 ചൊവ്വ

🔹തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.

🔹കൊച്ചി: ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷൻ (കെ ജി എൻ എ). ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറെ ഗൈനക്കോളജിസ്റ്റ് കയ്യേറ്റം ചെയ്തെന്നാണ് പരാതി.
ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ അവിടെയുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നത് വളരെ നാളുകളായി തുടരുകയാണെന്ന് കെ ജി എൻ എ ആരോപിച്ചു. രോഗികളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ചു മോശം ഭാഷയിൽ സംസാരിക്കുക, ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയവരെ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങി കാര്യങ്ങളാണ് ഡോക്ടർമാർ ചെയ്യുന്നതെന്ന് നഴ്സുമാർ പറയുന്നു.

🔹ചെന്നൈ: തമിഴ് നടൻ വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കുറേയായി. വിജയിയുടെ മകന്‍ സംവിധാനം ചെയ്യുന്ന പ്രോജക്‌റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതേസമയം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തമിഴിലെ പ്രമുഖ യുവതാരം ശിവകാര്‍ത്തികേയന്‍ ജെയ്‌സൺ സഞ്ജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നാണ് വാര്‍ത്ത. ചിത്രത്തിന്‍റെ കഥയില്‍ തന്‍റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷ്യല്‍ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്‍ത്തികേയന്‍ ജെയ്‌സൺ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🔹കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

🔹തിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരംവരെ അപേക്ഷിക്കാൻ സമയം നൽകും.

🔹ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. ഈ മാസമാദ്യം രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിന് ശേഷമാണിത്. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.

🔹തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപ ഉയർന്നതോടെ വീണ്ടും സർവകാല റെക്കോർഡിലേക്ക് എത്തി വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്
സ്വർണ്ണവില ഇന്ന് 45 രൂപ ഗ്രാമിന് വർദ്ധിച്ച് 6080 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2160 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്.

🔹തിരുവനന്തപുരം: തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. വിജയ് അതിനിടയില്‍ കാറിന്‍റെ റൂഫ് വഴി ആരാധകരെ അഭിസംബോധന ചെയ്തു. വിജയ് വിമാനതാവളത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്ന വഴിയിലെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. അതില്‍ ഒന്ന് ഇപ്പോള്‍ ശ്രദ്ധേയമാകുന്നുണ്ട്. വിജയിയുടെ കാറിനെ ഫോളോ ചെയ്ത് ടൂവീലറുകളില്‍ ആരാധകര്‍ എത്തിയിരുന്നു. കാറിന്‍റെ എല്ലാ ഭാഗത്ത് നിന്നും വന്ന ആരാധകരോട് മുന്നോട്ട് നോക്കി ശ്രദ്ധയോടെ ഓടിക്ക് എന്ന് വിജയ് നിര്‍ദേശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

🔹ലഖ്‌നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അന്‍ഷിക കേസര്‍വാണിയെയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടില്‍ തീപടര്‍ന്ന് പിടിച്ചതോടെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തീയണച്ചതിന് ശേഷം വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്‍ഷികയുടെ ഭര്‍തൃമാതാപിതാക്കളായ രാജേന്ദ്ര കേസര്‍വാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

🔹മലപ്പുറം: തിരൂർ- താനൂർ റോഡിൽ പെരുവഴിയമ്പലം അപകടവളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് ബൈക്ക് നിർത്തി സമീപത്തെ കടയിൽ വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാൻ പോയ യുവാവ് തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. മറിഞ്ഞ ടാങ്കറിനടിയിൽപെട്ട ബൈക്ക് തകർന്നു. കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്ക് ബ്രൂട്ടൈൽ ആക്രിലേറ്റ് എന്ന കെമിക്കൽ കയറ്റി പോകുകയായിരുന്നു ടാങ്കർ ലോറി. മറിഞ്ഞടാങ്കറിൽ നിന്ന് ഡീസൽ പുറത്തേക്ക് മറിഞ്ഞു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി റോഡിൽ വെള്ളം ഒഴിച്ച് അപകട സാഹചര്യം ഒഴിവാക്കി.

🔹ദിലീപ് നായകനായെത്തുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ അഞ്ച് നായികമാരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്ററിലൂടെ. ഈ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് തിയറ്റുകളില്‍ എത്തും. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments