Friday, July 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 08, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 08, 2024 വെള്ളി

തയ്യാറാക്കിയത്: കപിൽ ശങ്കർ

🔹ന്യൂയോർക്ക് സിറ്റിയിലെ സബ്‌വേ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള അഞ്ച് പോയിൻ്റ് പദ്ധതി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ബുധനാഴ്ച വെളിപ്പെടുത്തി. 750 നാഷണൽ ഗാർഡ് അംഗങ്ങളെയും 250 ന്യൂയോർക്ക് സ്റ്റേറ്റ്, എംടിഎ പോലീസ് ഓഫീസർമാരെയും സബ്‌വേ സംവിധാനത്തിലേക്ക് വിന്യസിക്കുന്നതും മാനസിക രോഗത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകൾ ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക ടീമുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.

🔹ടെക്സാസിലെ സാൻ അൻ്റോണിയോ സിറ്റിയുടെ നോർത്ത് വെസ്റ്റ് ഭാഗത്തായി ഒരു സ്കൂളിൽ മകന്റെ സഹപാഠിയോടുള്ള പ്രതികാരത്തിനായി പാനീയത്തിൽ മദ്യം കലർത്തി സഹപാഠിയ്ക്ക് കൊടുക്കാൻ മകന്റെ കൈയിൽ കൊടുത്തു വിട്ട അമ്മയായ ജെന്നിഫർ ലിൻ റോസി (45) നെ പോലീസ് അറസ്റ്റ് ചെയ്തു.

🔹ന്യൂജേഴ്‌സിയിലെ ഗ്ലൗസെസ്റ്റർ കൗണ്ടിയിൽ ഒരു വീട് കുത്തിത്തുറന്ന് വാഹനം മോഷ്ടിച്ച പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ, മാൻ്റുവ ടൗൺഷിപ്പിലെ ഗ്രീൻ ലെയ്‌നിലെ 700 ബ്ലോക്കിലാണ് സംഭവം. ഗാരേജിൽ 2022 ബിഎംഡബ്ല്യു X5 ൻ്റെ താക്കോൽ തിരയുന്നതിനായി മൂന്ന് പേർ ജനൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചതായി വീട്ടുടമയെ ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

🔹മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സിന് ഡാളസിൽ ഇന്ന് തുടക്കം.
ഇന്ന് (വെള്ളി) വൈകിട്ട് 3 മണിക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് തുടക്കം കുറിക്കുന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് സമാപിക്കും.

🔹ചൊവ്വാഴ്ച വോർസെസ്റ്ററിൽ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച അമ്മയെയും മകളെയും തിരിച്ചറിഞ്ഞതായി അന്വേഷകർ ബുധനാഴ്ച അറിയിച്ചു.ചാസിറ്റി ന്യൂനെസും അവളുടെ 11 വയസ്സുള്ള മകൾ സെല്ലയുമാണ് കൊല്ലപ്പെട്ടതെന്ന് ഒരു കുടുംബാംഗം തിരിച്ചറിഞ്ഞു.
ലിസ്ബൺ സ്ട്രീറ്റിലും എംഗിൾവുഡ് അവന്യൂവിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വെടിവയ്പ്പുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു . വോർസെസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രകാരം പാർക്ക് ചെയ്ത എസ്‌യുവിക്കുള്ളിൽ വെടിയേറ്റ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു

🔹വനിതാദിന സമ്മാനമായി രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി 2025 വരെ തുടരാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

🔹എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്റെ വിഷയമല്ലെന്നും ബിജെപി വിജയിക്കുമെന്നും സുരേഷ് ഗോപി. ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

🔹ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ പത്മജ വേണുഗോപാലിന് വിമാനത്താവളത്തിലും സംസ്ഥാന കാര്യാലയത്തിലും ഗംഭീര സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനകത്തെ അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതല്‍ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും പത്മജ വ്യക്തമാക്കി.

🔹കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന വനിതാ ദിന പരിപാടിയില്‍ മുഖ്യാതിഥിയാകേണ്ടിയിരുന്ന പത്മജാ വേണുഗോപാല്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ ചേര്‍ന്നതോടെ പത്മജയുടെ ചിത്രം വെച്ച പോസ്റ്ററുകള്‍ നീക്കി. തിരുവനന്തപുരം മാനവീയം വീഥിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്. പത്മജക്ക് പകരം മുഖ്യാതിഥിയായി എഴുത്തുകാരി റോസ്മേരിയെ പങ്കെടുപ്പിക്കുമെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അറിയിച്ചു.

🔹ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നുമാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നല്‍കിയിട്ടുള്ളതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

🔹സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ. ആല്‍ക്കഹോളിന്റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളില്‍ നികുതി നിര്‍ണ്ണയിക്കണം എന്നാണ് ശുപാര്‍ശ. വീര്യം കുറഞ്ഞ മദ്യത്തിനും രണ്ടു തരം നികുതി വരുന്നതോടെ മദ്യത്തിന്് നാല് സ്ലാബുകളിലുള്ള നികുതിയാകും സംസ്ഥാനത്തുണ്ടാവുക.

🔹പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതിയായ സിന്‍ജോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിന്‍ജോ കൈവിരലുകള്‍ വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നുവെന്നും അതിനാല്‍ വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തത് സിന്‍ജോയാണെന്നും, ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണെന്നും വ്യക്തമായിട്ടുണ്ട്.

🔹കോട്ടയം കുറവിലങ്ങാട് കാളികാവില്‍ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാര്‍ ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

🔹മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ ദേശീയപാതയില്‍ നയമക്കടിന് സമീപത്ത് വച്ച് ആന്ധ്രാ പ്രദേശില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനം പുലര്‍ച്ചെയോടെയാണ് ആക്രമിക്കപ്പെട്ടു. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.

🔹ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവര്‍ശാലയില്‍ സര്‍ക്കാര്‍ മൂല എന്ന സ്ഥലത്ത് വച്ച് മാദേവും, മസിനഗുഡിയില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കര്‍ഷകനായ നാഗരാജും കൊല്ലപ്പെടുകയായിരുന്നു.

🔹എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

🔹ബെംഗളൂരു നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചിടുകയാണ്. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ താലൂക്കുകളും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

🔹വടക്കന്‍ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തിയ സംഘം സ്‌കൂളില്‍നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

🔹ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 376 ന് 3 എന്ന നിലയിലാണ്. 103 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 110 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ച്വറികളാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 56 റണ്‍സെടുത്ത സര്‍ഫറാസ് ഖാനും 44 റണ്‍സെടുത്ത മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലുമാണ് നിലവില്‍ ക്രീസിലുള്ളത്.

🔹സംസ്ഥാനത്ത് സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പ് ഇന്നും തുടര്‍ന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 48,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,025 രൂപയുമായി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്.

🔹ഖത്തറില്‍ നടത്താനിരുന്ന മലയാള സിനിമാ താരങ്ങളുടെ താരനിശ റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയന്‍ വണ്‍ ഇവെന്റ്‌സും ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണിത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, അപര്‍ണ ബാലമുരളി, നീത പിള്ള, കീര്‍ത്തി സുരേഷ് തുടങ്ങി മലയാള സിനിമാ താരങ്ങളിലെ വലിയൊരു വിഭാഗവും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ നേരത്തെ എത്തിയിരുന്നു. ‘എമ്പുരാന്‍’ സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാലും പൃഥ്വിരാജും പരിപാടിക്ക് എത്തിയത്. മമ്മൂട്ടിയും 7ന് തന്നെ ഖത്തറില്‍ എത്തിയിരുന്നു. എന്നാല്‍ ഷോ നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പാണ് 6.30 പരിപാടി റദ്ദാക്കിയ വിവരം പുറത്തുവിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍ വണ്‍ ഇവന്റ്സ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. ഇതു രണ്ടാം തവണയാണ് ഷോ മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ നവംബര്‍ 17ന് ആയിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയന്‍ സെവന്‍ ഫോര്‍ ആയിരുന്നു വേദി. എന്നാല്‍ പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് ഷോ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു മാര്‍ച്ച് 7ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

🔹മുതിര്‍ന്ന നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘കുമ്മാട്ടിക്കളി’. സുരേഷ് ഗോപിയും ദുല്‍ഖറും ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സംവിധാനം വിന്‍സെന്റെ സെല്‍വയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ്‍ വിജയ്യാണ്. നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം നടത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments