Wednesday, April 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 07, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 07, 2024 വ്യാഴം

തയ്യാറാക്കിയത്: കപിൽ ശങ്കർ

🔹തോക്ക് ആക്രമണം രൂക്ഷമാകുന്നതിനാൽ ഫിലാഡൽഫിയയിലുടനീളം സ്പീഡ് ക്യാമറ ഫിലാഡൽഫിയ സിറ്റി ഇൻപുട്ട് ആവശ്യപ്പെടുന്നു.
ഡിസംബറിൽ, റൂസ്‌വെൽറ്റ് ബൊളിവാർഡിലെ സ്പീഡ് ക്യാമറ പ്രോഗ്രാം തുടരാൻ അനുവദിക്കുന്ന ഒരു ബിൽ സംസ്ഥാന ലോ മേക്കേഴ്സ് പാസാക്കിയിരുന്നു.

🔹ബൊളിവാർഡിലെ സ്പീഡ് ക്യാമറകളിൽ നിന്ന് ലഭിക്കുന്ന പണം മറ്റ് ഫിലാഡൽഫിയ അയൽപക്കങ്ങളെ സുരക്ഷിതമാക്കുന്നതിലേക്ക് വിനിയോഗിക്കാൻ സജ്ജീകരിച്ചിരിക്കുന്നു. സിറ്റിയിലെ ഏഴ് സുരക്ഷാ പദ്ധതികൾക്കായി 19 മില്യൺ ഡോളറിലധികം സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് ഫണ്ടിംഗ് സംസ്ഥാനം വിതരണം ചെയ്യുമെന്ന് ഗവർണർ ജോഷ് ഷാപ്പിറോ പറഞ്ഞു.

🔹ഫിലഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന വെടിവയ്‌പ്പിൽ എട്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റു . രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 3:00 മണിയോടെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിരവധി ആളുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫിലഡൽഫിയ പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

🔹മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഫിലഡൽഫിയയിലെ ഡെവറോ അവന്യൂവിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വേദിയായി. മാർച്ച് 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ഷിനോജ് തോമസ് നേതൃതം നൽകി.

🔹മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും കെ.മുരളീധരന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പത്മജയുടെ ബിജെപി പ്രവേശം. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.

🔹പാര്‍ട്ടിയെ ചതിച്ച പത്മജയോട് സഹോദരിയെന്ന നിലയില്‍ പോലും ഇനി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് കൊടുത്തതെന്നും വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ കൊടുത്താല്‍ പോരേയെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

🔹കേരളത്തിലെ കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയ നേതാവായ കെ കരുണാകരന്‍ എന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയ നേതാവാണെന്നും പത്മജക്ക്് എല്ലാ അവസരങ്ങളും പാര്‍ട്ടി നല്‍കിയിട്ടും ബിജെപി യില്‍ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല. പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോണ്‍ഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

🔹ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദിവസത്തില്‍ 50 ഡ്രൈവിംഗ് ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിഷേധം. അതേസമയം മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്റെ നിര്‍ദേശം മാത്രമായിരുന്നുവെന്നും ഉത്തരവല്ലായിരുന്നുവെന്നും വ്യക്തമാക്കിയ മന്ത്രി ഗണേഷ്‌കുമാര്‍ അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നമാക്കി മാറ്റിയെന്ന് മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും പറഞ്ഞു. ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔹തൃശൂര്‍ അടാട്ട് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

🔹വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോണ ഭവന്‍ പ്രഭാകരന്‍-എം.ശൈലജ ദമ്പതികളുടെ മകള്‍ പി.എസ്. സോന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ സോന ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

🔹കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്‌സ് അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔹ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം. അന്താരാഷ്ട്ര സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 6010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4990 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 48,080 രൂപയാണ് ഇന്നൊരു പവന്‍ വില. ഇത് ആഭരണത്തിന്റെ വിലയല്ല. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. ഇന്നത്തെ വില പ്രകാരം 52,000 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കൈയില്‍ കിട്ടൂ.

🔹തെന്നിന്ത്യയില്‍ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ പാട്ടിന്റെ പേരില്‍ വീണ്ടും വിവാദം. സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവന്‍ തുകയും എ.ആര്‍.റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവര്‍ക്കും ഒരു രൂപ പോലും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സന്തോഷ് നാരായണന്‍ വെളിപ്പെടുത്തി. ‘എന്‍ജോയ് എന്‍ജാമി’ പുറത്തിറങ്ങി 3 വര്‍ഷം പിന്നിടുന്ന വേളയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു സന്തോഷ് നാരായണന്റെ തുറന്നുപറച്ചില്‍. നാമമാത്രമായ തുകയ്ക്ക് പാട്ടുകള്‍ വില്‍പന നടത്താതെ, പാട്ടുകളുടെ പൂര്‍ണമായ അവകാശം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കു നല്‍കുകയും പാട്ടിലൂടെ കിട്ടുന്ന വരുമാനം അവരുമായി പങ്കിടുകയും ചെയ്യുന്ന രീതിയിലാണ് മാജയുടെ പ്രവര്‍ത്തനം. ഇതിന്‍പ്രകാരം എന്‍ജോയ് എന്‍ജാമിയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് മാജ പ്രതിഫലം നല്‍കിയില്ലെന്നാണ് ആരോപണം. എ.ആര്‍.റഹ്മാനെ ഉന്നം വച്ചാണ് ‘ലോകപ്രശസ്ത കലാകാരന്‍’ എന്ന് സന്തോഷ് നാരായണ്‍ എടുത്തുപറഞ്ഞതെന്നാണു സമൂഹമാധ്യമ ലോകത്തിന്റെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

🔹കമല്‍ ഹാസന്‍-മണിരത്‌നം കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി. മറ്റ് സിനിമകളുടെ തിരക്കില്‍ ആയതിനാലാണ് ദുല്‍ഖര്‍ പിന്മാറിയത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു കമല്‍ ഹാസന്റെ 234-ാം ചിത്രമായി തഗ് ലൈഫ് പ്രഖ്യാപിച്ചത്. പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദുല്‍ഖറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം, ദുല്‍ഖര്‍ പിന്മാറിയെങ്കിലും മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയം രവി, തൃഷ, അഭിരാമി, ഗൗതം കാര്‍ത്തിക്, നാസര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments