Friday, May 17, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 23, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 23, 2024 വെള്ളി

🔹സൗത്ത് ജേഴ്‌സിയിലുടനീളം നോറോവൈറസ് പകർച്ചവ്യാധി വ്യാപകമാകുന്നു. CDC ഡാറ്റ അനുസരിച്ച്, ഛർദ്ദി , വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന നോറോവൈറസിന് ഇപ്പോൾ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് യുഎസിലെ വടക്കുകിഴക്കൻ മേഖലയിലാണ്.

🔹ഫിലഡൽഫിയയിൽ കാമുകിയെ ഇളയ മകൻ്റെ കൺമുന്നിൽ വച്ച് വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.
ഫിലഡൽഫിയയിൽ കെൻസിംഗ്ടൺ സെക്ഷനിലെ വീട്ടിൽ ഡിസംബർ 23വ്യാഴാഴ്ച രാവിലെ തത്യാന വർഗാസ് (35)നെ കൊലപ്പെടുത്തിയ കേസിൽ അബിവുഡ് ടോറസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

🔹നാസയുടെ വിഖ്യാത അപ്പോളോ ചാന്ദ്രയാത്രക്കാർക്ക് ശേഷം ആദ്യമായി അമേരിക്ക ചന്ദ്രോപരിതലത്തിൽ ഒരു സ്വകാര്യ ബഹിരാകാശ പേടകം വ്യാഴാഴ്ച ചന്ദ്രനിൽ വിജയകരമായി ഇറങ്ങി.

🔹സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ ഫെബ്രുവരിയിൽ നടന്ന ഒരു വേട്ടയ്ക്കിടെ വേട്ടക്കാർ 16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ഒരു വലിയ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി.

🔹ജനുവരി 23 ന് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച കേസ് അന്വേഷിക്കാൻ 74 മൈൽ വേഗതയിൽ ഓടിച്ച സിയാറ്റിൽ പോലീസിന്റെ വാഹനം ഇടിച്ചു 23 കാരിയായ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുല മരിച്ച ദാരുണമായ സംഭവത്തിൽ, ഓഫീസർ കെവിൻ ഡേവിനെ എല്ലാ ആരോപണങ്ങളിൽ നിന്നും വിമുക്തനാക്കി

🔹21 വർഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത് മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ന് വൈകുന്നേരം നാലര മണിക്ക് ന്യൂ ജേഴ്സിയിലെ ഫോർഡ്‌സിലുള്ള റോയൽ ആൽബെർട്സ് പാലസിൽ നടക്കും. കേരളത്തിൽ നിന്നെത്തുന്ന അങ്കമാലി എം എൽ എ റോജി എം ജോൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ന്യു യോർക്ക് കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ ഗസ്റ്റ് ഓഫ് ഹോണറും ഹ്യൂസ്റ്റനിൽ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും.

🔹മിനിമം താങ്ങുവിലയ്ക്ക് നിയമം ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താന്‍ നീക്കം. സമരത്തിനിടെ പൊതുമുതലോ സ്വകാര്യസ്വത്തോ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും, സ്വത്തോ ബാങ്ക് അക്കൗണ്ടോ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയെടുക്കുമെന്നും അംബാല പൊലീസ് അറിയിച്ചു.

🔹കോഴിക്കോട് കൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമാണെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പാര്‍ട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമാണ് പ്രതി. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി.

🔹കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബര്‍ മാസത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ പൊലീസും ആരോഗ്യവകുപ്പും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔹ആലപ്പുഴ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ 15 നാണ് പ്രജിത്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണ ഉണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

🔹ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിദിനം ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം മുപ്പതായി നിജപ്പെടുത്തി. മേയ് 1 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ ഇനി എച്ച് ഉണ്ടാവില്ല. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിലല്ല വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്തണമെന്നും സര്‍ക്കുലറിലുണ്ട്.

🔹തിരുവനന്തപുരം പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് DNA പരിശോധന. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.

🔹കായംകുളത്ത് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

🔹തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

🔹മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി.

🔹തെലങ്കാനയില്‍ ബിആര്‍എസ് വനിതാ എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദ് ഔട്ടര്‍ റിംഗ് റോഡില്‍ പട്ടന്‍ചെരുവില്‍ വച്ച് കാര്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹കിഴക്കന്‍ സിക്കിമില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 500 ലധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ത്രിശക്തി കോര്‍പ്‌സിലെ സൈനികര്‍ രക്ഷപ്പെടുത്തി. സീറോ ഡിഗ്രി സെല്‍ഷ്യസിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🔹നടന്‍ വിജയ്യുടെ മകന്‍ ജേസണ്‍ന്റെ അരങ്ങേറ്റ സിനിമയില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ വേട്ടക്കാരന്‍ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ജേസണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രം ഇറങ്ങി 14 വര്‍ഷത്തിന് ശേഷം സംവിധായകന്റെ റോളിലാണ് ജേസണ്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജേസണ്‍ സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖറിനെ കൂടാതെ ധ്രുവ് വിക്രം, വിജയ് സേതുപതി എന്നിവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments