Wednesday, June 12, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 06 | വ്യാഴം ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 06 | വ്യാഴം ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ബിജെപി നേതാവ് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍ ഡി എ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യത്തില്‍ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താന്‍ ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ പാര്‍ലമെന്റിലെ നേതാവായി തിരഞ്ഞെടുക്കും.

🔹ഡല്‍ഹിയില്‍  ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ സ്ഥാനം മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വരെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. സ്പീക്കര്‍ സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവികളുമാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന. ക്യാബിനറ്റ് പദവിയുള്ള ഒരുമന്ത്രിസ്ഥാനം എല്‍.ജെ.പി. നേതാവ് ചിരാഗും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്ചിയും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിസ്ഥാനവും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്ദേയും യോഗത്തില്‍ ചോദിച്ചുവെന്ന വിവരവുമുണ്ട്.

🔹കഴിഞ്ഞ മാസം അവസാനം കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്തമഴ മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി നഗരത്തില്‍ ശക്തമായ മഴയും വെള്ളക്കെട്ടും രൂപപ്പെട്ടത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്.

🔹തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തിളക്കമുള്ള വിജയം സ്വന്തമാക്കിയ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം നല്‍കി തൃശൂര്‍. വിദ്യാര്‍ഥി കോര്‍ണറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ കടന്നു പോയത്. തൃശൂരിനെ ഹൃദയത്തില്‍ വെച്ച് പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

🔹കെഎസ്ആര്‍ടിസി സ്റ്റുഡന്‍സ് കണ്‍സഷന്‍ ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

🔹ആലുവ മെട്രോ സ്‌റ്റേഷന് മുന്നിൽ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർമാർ സംഘം ചേർന്ന് മർദിച്ച ഊബർ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആലുവ സ്വദേശി ഷാജഹാനാണ് ആന്തരിക രക്ത സ്രാവത്തെ തുടർന്ന് രക്തം ഛർദിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മർദനമേറ്റത് ആരോടും പറയാതിരുന്ന ഷാജഹാന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾ പോലും സംഭവത്തെ കുറിച്ചറിയുന്നത്.
മൂന്നാഴ്ച മുൻപ് ആലുവ മെട്രോ സ്റ്റേഷനു മുന്നിൽ യാത്രക്കാരന് വേണ്ടി ഓട്ടോയുമായി കാത്തു നിന്ന ഷാജഹാനെ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു. ഊബർ ഓട്ടോ അനുവദിക്കില്ലെന്ന് പറഞ്ഞാ യിരുന്നു ഒരാൾ പിടിച്ച് വച്ച ശേഷം മറ്റ് മൂന്ന് പേർ ചേർന്ന് മർദിച്ചത്. അവിടെ നിന്ന് പോയ ഷാജഹാൻ ഈ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല.ഒരാഴ്ച മുമ്പ് രക്തം ഛർദിക്കാൻ തുടങ്ങിയ ഇയാളെ കളമശേരി മെഡിക്കൽ കോളേജിലേക്കും ഗുരുതരാവസ്ഥയെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
ഓട്ടോ തൊഴിലാളിയായതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സംഭവത്തെ കുറിച്ച്ആരോടും പറയാതിരുന്നത്.എന്നാൽ ഗുരുതരാവസ്ഥ മർദനമേറ്റല്ലെന്നും വാക്കേറ്റത്തെ തുടർന്ന്ചെറിയൊരു കശപിശ മാത്രമാണുണ്ടായതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇപ്പോൾ ബന്ധുക്കൾ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

🔹പ്രശസ്ത കാഥികൻ മണിയൂർ മന്തരത്തൂർ ലീഷ്‌മാർ നിവാസിൽ ഒ.ആർ.പണിക്കർ ( ഒ.രാഘവപ്പണിക്കർ -81) അന്തരിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോ ട്, കണ്ണൂർ, വയനാട് ജില്ലകളിലായി 360ലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ കലയിൽ നൃത്തകഥാപ്രസംഗം എന്ന ആശ യം കൊണ്ടുവന്നത് ഒ ആർ പണിക്കർ ആയിരുന്നു. നൃത്താവിഷ്ക്കാരത്തോടൊപ്പം കഥാപ്രസംഗം അവതരിപ്പിക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചു വിജയം കണ്ടു.ഒപ്പം കഥാവിഷ്ക്കാരത്തിന് രംഗപടം ഉപയോഗിച്ചതും ഇദ്ദേഹമായിരുന്നു.രാഷ്ട്രീയ സംഭവങ്ങൾ, ചരിത്ര കഥകൾ, സാഹിത്യകൃതികളുടെ കഥാപ്രസംഗ രൂപം എന്നിവ സ്വന്ത മായി എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സോഷ്യ ലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുഴുവൻ സമയ പ്രവർത്തകനും ജനതാദൾ പ്രസ്‌ഥാനത്തിന്റെ സജീവ അനുഭാവിയുമായിരുന്നു മുൻ ജില്ല പഞ്ചായത്ത് അംഗം കമല ആർ പണിക്കർ ആണ് ഭാര്യ. (പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർപഴ്സൻ )മക്കൾ: ലീന, ലിഷ ( അധ്യാപിക സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ തലശേരി)മരുമക്കൾ: സുനിൽ (എടക്കാട്), പരേതനായ ജയചന്ദ്രൻ (ചിറക്കുനി തലശേരി) ‘ സഞ്ചയനം ശനി.

🔹പത്തനംതിട്ട കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്നു. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയുമായി മോഷ്ടാക്കൾ കടന്നു.ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. ക്ഷേത്രത്തിൻറെ ഗേറ്റിന്റെ താഴും തകർത്ത നിലയിലാണ്. കീഴ്വായ്പൂർ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔹ജൂൺ 13 മുതൽ 15 വരെ നടക്കുന്ന നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളും പങ്കെടുക്കും.തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ ആണ് അധ്യക്ഷൻ.മൈഗ്രേഷൻ സർവേ സെമിനാറും നടക്കും. 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരളസഭയുടെ നാലാം സമ്മേളനം ആരംഭിക്കുക .

🔹ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവിലാണ് സംഭവത്തെ. അന്നക്കുട്ടി (57) കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷ് ആണ് ആക്രമണത്തിന് പിന്നിൽ. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

🔹ഹൈദരാബാദിൽ മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരൻ്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മരണകാരണം തെരുവുനായ്ക്കളുടെ അക്രമണമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം എന്നും പൊലീസ് വ്യക്തമാക്കുന്നു.മൃതദേഹം ലഭിച്ച മാലിന്യ കൂമ്പാരത്തിനടുത്ത് തന്നെയാണ് കുട്ടി അച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസേന നായ്ക്കുട്ടികൾക്കൊപ്പം ഈ കുട്ടി കളിക്കാറുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കഴിഞ്ഞദിവസം നായ്ക്കൾക്കൊപ്പം കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചു വരാതാവുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

🔹ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

🔹ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 37 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

🔹ഗർർർ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു സിംഹവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ സിംഹം ​ഗ്രാഫിക്സ് ആണെന്ന് ആക്ഷേപത്തിനു മറുപടി നൽകിയിരിക്കുകയാണ് താരം. സിംഹത്തിന്റെ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയും നടൻ പങ്കുവെച്ചു. ‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.’ എന്നാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

🔹എന്നും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളാണ് നടന്‍ ഇന്ദ്രന്‍സ്. കോമഡി താരമായി എത്തി ഇന്ന് ക്യാരക്ടര്‍ റോളുകളില്‍ മറ്റാരാലും പകര്‍ന്നാടാനാകാത്ത വിധം അദ്ദേഹം അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ്. അക്കൂട്ടത്തിലേക്കെത്തുന്ന ചിത്രമാണ് ‘ജമാലിന്റെ പുഞ്ചിരി’. ഇന്ദ്രന്‍സ് സവിശേഷതകള്‍ ഏറെയുള്ള ജമാല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യല്‍ ക്രൈം ത്രില്ലറാണ് ‘ജമാലിന്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജമാല്‍, ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. ഇന്ദ്രന്‍സിനൊപ്പം പ്രയാഗ മാര്‍ട്ടിന്‍, സിദ്ദിഖ്, മിഥുന്‍ രമേഷ്, ജോയ് മാത്യൂ, അശോകന്‍, സോനാ നായര്‍, മല്ലിക സുകുമാരന്‍, ശിവദാസന്‍, ജസ്‌ന , ദിനേശ് പണിക്കര്‍, രാജ് മോഹന്‍. യദുകൃഷ്ണന്‍, സുനില്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജമാലിന്റെ പുഞ്ചിരി ജൂണ്‍ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments