Thursday, June 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 03 | തിങ്കൾ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 03 | തിങ്കൾ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, റേമല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവയും യോഗങ്ങളില്‍ വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍.

🔹വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കേ ഇന്ന് ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കെയാണ് വാര്‍ത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം.

🔹തിരുവല്ലം(തിരുവനന്തപുരം): കരിങ്കടമുകൾ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന്റെ വാതിൽപ്പൂട്ടുകൾ തല്ലിപൊളിച്ച് മോഷണം. ക്ഷേത്രത്തിന്റെ തിടപ്പളളി, സ്റ്റോർ റൂം, ഓഫീസ് എന്നിവിടങ്ങളിലെ വാതിലുകളിലെ പൂട്ടൂകൾ തകർത്താണ് മോഷണം. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് പൂട്ടുകൾ തല്ലിതകർത്ത നിലയിൽ കണ്ടത്.തുടർന്ന് ക്ഷേത്ര സെക്രട്ടറി ബി. സജീവ്, പ്രസിഡന്റ് സി. അനിൽകുമാർ എന്നിവരെ വിവരമറിയിച്ചു.
ക്ഷേത്രത്തിലെ ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപ, കാണിക്കവഞ്ചികൾ തല്ലിപ്പൊളിച്ചെടുത്ത് 20000 രൂപ, തിടപളളിയിലെയും സ്റ്റോർ റൂമിലെയും പെട്ടികളിലും അലമാരകളിലും സൂക്ഷിച്ചിരുന്ന ചെറുതും വലിതുമായ 30-ലധികം വിളക്കുകൾ 20-ലധികം ചെമ്പിലുളള പൂജാ പാത്രങ്ങൾ, 25 സ്വർണ്ണപ്പൊട്ടുകൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.
ഒരു ലക്ഷം രൂപയോളം വിലയുളള വസ്തുക്കളാണ് മോഷണം പോയതെന്ന് സ്ഥലതെത്തിയ തിരുവല്ലം എസ്.എച്ച്.എ. ആർ. ഫയാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് സംഘമെത്തിയതെന്നാണ് സൂചന. മോഷ്ടിച്ച വസ്തുക്കളുമായി പുറത്ത് കടക്കുന്നതിന് ക്ഷേത്രത്തിന്റെ മുൻഭാഗത്തുളള ഗേറ്റിന്റെ പൂട്ടും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് തിരുവല്ലം എസ്.ഐ. ആർ.ബിജുവിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം പരിസരം പരിശോധിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവല്ലം പോലീസ് കേസെടുത്തു.

🔹വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാന്‍ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.

🔹സംസ്ഥാന സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. സമ്പൂര്‍ണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.

🔹കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

🔹പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കണം. ടോള്‍ നിരക്ക് വര്‍ധനക്കെതിരെ ടോള്‍ പ്ലാസയില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.

🔹കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കും. എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. പരീക്ഷാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം പരിഗണിച്ചുള്ള സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

🔹യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടതെന്നും വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണമെന്നും ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

🔹വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട എടക്കുളത്താണ് സംഭവം. കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. പേരക്കുട്ടി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔹പത്തനംതിട്ട അടൂര്‍ കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയില്‍ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനില്‍ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

🔹കോട്ടയം മണിമല സ്വദേശിയായ വയോധിക മണിമലയാറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

🔹മൂലമറ്റം (ഇടുക്കി): അറക്കുളം ആലിൻചുവട് ഭാഗത്ത് കുടിവെള്ളസ്രോതസ്സിന് സമീപം ഭക്ഷണമാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികൾക്ക് 1000 രൂപ പിഴയും നൂറുതവണ ഇംപോസിഷനും. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷ. ‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറു തവണയെഴുതാൻ പഞ്ചായത്ത് നിർദേശിച്ചത്. പഞ്ചായത്തോഫീസിൽ വെച്ചുതന്നെ നൂറുപ്രാവശ്യം ഇത് എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാർഥികൾ മടങ്ങി.

🔹കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍. ഇയാള്‍ക്ക് ഭക്ഷ്യവകുപ്പിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസുമെടുത്തിരുന്നു.

🔹 ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്‌സഭാ സീറ്റിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൂടിയായ എംഎല്‍എ സോംനാഥ് ഭാരതി പറഞ്ഞു.

🔹തിരുവനന്തപുരം: അക്ഷരപഠനം ഒഴിവാക്കിയതു വിവാദമായിരുന്നതിനാൽ ഈ അധ്യയനവർഷം പുറത്തിറങ്ങിയ ഒന്നാംക്ലാസിലെ കേരള പാഠാവലിയിൽ ആദ്യഭാഗത്തുതന്നെ മലയാളം അക്ഷരമാല അച്ചടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷംവരെ ഒന്നും രണ്ടും ക്ലാസുകളിലെ പുസ്തകങ്ങളിൽ അക്ഷരമാല ഇടംപിടിച്ചത് അവസാനഭാഗത്തായിരുന്നു. ആശയാവതരണരീതി തുടരുമെങ്കിലും അക്ഷരം ഉറപ്പിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാണ് നിർദേശം.

🔹തിരുവനന്തപുരം: കുട്ടികൾക്ക് മികച്ചവിദ്യാഭ്യാസം ഉറപ്പാക്കാൻ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
യൂണിഫോംവിതരണം ഏതാണ്ട് പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. അധ്യാപകർക്ക് പരിശീലനം നൽകി. പഠിക്കാനും കുട്ടികളെ പ്രായമറിഞ്ഞു പിന്തുണയ്ക്കാനുമുള്ള മാർഗനിർദേശവുമായി രക്ഷിതാക്കൾക്കുള്ള പുസ്തകവും ആദ്യമായി തയ്യാറാക്കി.ഓരോ ക്ലാസിലെയും പഠനലക്ഷ്യങ്ങൾ അതതു ക്ലാസിൽതന്നെ നേടാനുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഒരുക്കാൻ സമഗ്രഗുണതാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കും. മാലിന്യനിർമാർജനം ജീവിതശീലമാക്കിമാറ്റണം.
ആരോഗ്യശീലങ്ങളും പ്രധാനമാണ്. ഇതിനൊക്കെയായി ‘ശുചിത്വവിദ്യാലയം ഹരിതവിദ്യാലയം’ കാന്പയിൻ ഈ വർഷമുണ്ടാവും. ഗണിതപഠനത്തിന് മഞ്ചാടി, ശാസ്ത്രപഠനത്തിന് മഴവില്ല് തുടങ്ങിയ നൂതനങ്ങളായ പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

🔹മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് നാലു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പിപ്പ്‌ലോഡിയ എന്ന പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 13 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ള 2 പേരെ ഭോപ്പാലിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹാര്‍ഷ് ദീക്ഷിത് വ്യക്തമാക്കി.

🔹 ചെന്നൈ വിമാനത്താവളത്തിൽവെച്ച് നടനും മുൻ എം.എൽ.എ.യുമായ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളിയിലേക്കു പോകാനായാണ് കരുണാസ് വിമാനത്താവളത്തിലെത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥർ സാധനസാമഗ്രികൾ പരിശോധിക്കുന്നതിനിടെ അപായ സൈറൺ മുഴങ്ങുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ടകൾ കണ്ടെടുത്തു. ഇതോടെ കരുണാസിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചു. തുടർന്ന് ചോദ്യം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ദിണ്ടിക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ മറന്നുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദിണ്ടിക്കൽ പോലീസ് സ്റ്റേഷനിൽ തോക്ക് കൈമാറിയത് തെളിയിക്കുന്ന രേഖകളും കാണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ദിണ്ടിക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കരുണാസിന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തി.

🔹മസ്‌കറ്റ്: മസ്‌കറ്റ് അല്‍ ക്വയറില്‍ താമസക്കാരനായ എറണാകുളം ജില്ല, പള്ളുരുത്തി സ്വദേശിയായ സജീവന്‍ പി സദാനന്ദനെ രണ്ടുദിവസമായി കാണ്മാനില്ലെന്ന് ബന്ധുക്കള്‍ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കാറില്‍ ഉണ്ടായിരുന്നു. കാറിന്റെ ചാവി വീട്ടില്‍ കൊടുത്തു സൊഹാറിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നും ഇറങ്ങിയതാണ്. എന്നാല്‍ ആരുടെ കൂടെയാണ് സൊഹാറിലേക്ക് പോയത് എന്ന് അറിയില്ല.ഇദ്ദേഹത്തിന്റെ ഫോണിലേക്ക് അവസാനമായി വന്നത് 30 മെയ് 2024ന് വൈകീട്ട് 05:03ന് AL ZULFAH INTERNATIONAL എന്ന സ്ഥാപനത്തില്‍നിന്ന് സാധനം വാങ്ങിച്ചതിന്റെ മെസ്സേജ് ആണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 92850054 (രാജേഷ്) നമ്പറിലോ അറിയിക്കുക.

🔹യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്.

🔹ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കാനഡ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക 40 പന്തില്‍ പുറത്താകാതെ 94 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സിന്റെ മികവില്‍ ലക്ഷ്യത്തിലെത്തി.ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പാപുവ ന്യൂ ഗിനിയക്കെതിരെ 5 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റ്ിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

🔹സ്വാഗ്’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് നടി മീര ജാസ്മിന്‍. ഹസിത് ഗോലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്ഫലാ ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മീരയെത്തുന്നത്. ഇത് ആദ്യമായാണ് താരം ഒരു റോയല്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ മീരയുടെ ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. രാജകുമാരിയായി നില്‍ക്കുന്ന മീരയെയാണ് പോസ്റ്ററില്‍ കാണാനാവുക. റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റാണി രുക്മിണി ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിതു വര്‍മ്മയെത്തുന്നത്. ശ്രീ വിഷ്ണു ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രാജ രാജ ചോര എന്ന ചിത്രത്തിന് ശേഷം ഹസിത് ഗോലിയും ശ്രീ വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ്, വിവേക് കുചിബോത്‌ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments