Sunday, June 16, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 30 | വ്യാഴം ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 30 | വ്യാഴം ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹പേമാരിയില്‍ മുങ്ങി സംസ്ഥാനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ കൊച്ചിയില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ തൃശൂരിലെ അശ്വനി ആശുപത്രിയിലേക്ക് ഇന്നലെ പെയ്ത ശക്തമായ മഴമൂലം വീണ്ടും വെള്ളം കയറി.

🔹തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഇന്നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. തീരദേശത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്കും വ്യാപകമായ ഇടി മിന്നലിനും കാറ്റിനും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന തലത്തിലും അംഗന്‍വാടി തലത്തിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി. കുട്ടികള്‍ അംഗന്‍വാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗന്‍വാടിയിലും സ്‌കൂളിലുമടക്കം പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്.

🔹അധികൃതര്‍ക്കും, പൊതുജനങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടിനേതുടര്‍ന്ന്, മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴാണോ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. വെള്ളക്കെട്ടിന്റെ കാര്യത്തില്‍ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങള്‍ ഇത് പോലെ ചെയ്താല്‍ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.

🔹പൊലീസ് സ്റ്റേഷനെ ടെറര്‍ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് കോടതി. ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. പൊലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തല്‍ ആകുമെന്നും കോടതി ചോദിച്ചു.

🔹പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണെന്നും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കെ.പി.സി.സി അന്വേഷണ സമിതി വിലയിരുത്തി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും. മേയ് ഏഴിനായിരുന്നു പ്രസ്തുത വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത്. ചിത്രങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.

🔹ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു.

🔹വിഷു ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കാര്‍ത്തിക എന്ന ഏജന്‍സിയില്‍ നിന്നും. അനില്‍ കുമാര്‍ എന്ന ഏജന്റില്‍ നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിറ്റ ടിക്കറ്റില്‍ ഭൂരിഭാഗവും നാട്ടുകാര്‍ക്കാണ് വിറ്റതെന്നും പുറത്തുനിന്നുള്ള ചിലരും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും ജയ പറഞ്ഞു.

🔹യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ആര്‍ടിഒ പറഞ്ഞു. നേരത്തെ ഇയാള്‍ 17കാരനെ കൊണ്ട് വാഹനം ഓടിപ്പിച്ച് റീല്‍ ഉണ്ടാക്കിയിരുന്നു. ഈ കേസില്‍ സഞ്ജു ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയില്‍ കേസുണ്ട്.

🔹14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

🔹വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 – 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

🔹പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന. നാല് ബോട്ടുകളുടെ യന്ത്രങ്ങള്‍ കാണാനില്ലെന്നാണ് പരാതി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

🔹രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

🔹എണ്‍പതോളം അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

🔹ദൈവമാണെന്ന് കരുതുന്നയാള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലെന്നും കലാപം ഉണ്ടാക്കാന്‍ പാടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ ജനനം ജൈവികമല്ലെന്നും ദൈവഹിതമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു മമതയുടെ പ്രസംഗം. അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിനായി ക്ഷേത്രം പണിയാമെന്നും പ്രസാദവും പൂക്കളും മധുരവും നല്‍കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

🔹കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനുള്ള പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ കനത്ത സുരക്ഷ. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശകരുടെ യാത്രയ്ക്ക് നിയന്ത്രണം. . ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണും ഇന്നലെ നടത്തി. 2000ത്തിലധികം പൊലീസുകാരെയാണ് സുരക്ഷ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.

🔹ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും. ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി.

🔹ധ്യാനത്തിനായി സൂപ്പര്‍താരം രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നതാണ് രജനി ആരാധകർക്കിടയിലെ പുതിയ ചർച്ച. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.നേരത്തെ ജയിലര്‍ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. ഇപ്പോഴിതാ വേട്ടയ്യന്‍ ഷൂട്ടിംഗ് അവസാനിച്ചതോടെയാണ് താരം വീണ്ടും ഹിമാലയത്തിലേക്ക് പോകുന്നത്.

🔹കനത്ത മഴയെത്തുടന്ന് ഡോ. എം. ലീലാവതിയുടെ വീട് എസ് എഫ് ഐ ജില്ലാകമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ ശുചീകരിച്ചു. വീടിനകത്ത് കയറിയ ചെളിയും മാലിന്യങ്ങളും വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി.പന്ത്രണ്ട് പേരടങ്ങുന്ന എസ് എഫ് ഐ പ്രവർത്തകരുടെ സംഘം മണിക്കുറുകളുടെ അധ്വാനത്തിൽ വീട് പൂർണ്ണമായും വൃത്തിയാക്കി മടങ്ങി.

🔹കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗീകാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ ഡി ജി പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🔹തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി. സന്ധ്യയോടെ പെയ്ത മഴയിലാണ് ആശുപത്രി മുറ്റത്തും അത്യാഹിത വിഭാഗത്തിലും വെള്ളം കയറിയത്. ആശുപത്രിക്ക് സമീപമുള്ള അക്വാട്ടിക് ലൈന്‍ റോഡിലും വെള്ളം കയറി. അക്വാട്ടിക് ലൈനിലെ ഏതാനും വീടുകളിലും വെള്ളം കയറി.

🔹തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുറുമ്പിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്‌മ (18), കുറമ്പിലാവ് കോട്ടം പട്ടത്ത്പറമ്പില്‍ അല്‍ക്കേഷ് (18), താന്ന്യം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൂട്ടുകാരെ കൂടെ കൂട്ടി അക്രമം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത് ഇന്‍സ്റ്റഗ്രാം വഴി പ്രേമാഭ്യര്‍ത്ഥന നടത്തിയത് നിരസിച്ചതിലുള്ള വൈരാഗ്യമാണ്.

🔹കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ശുചിമുറിയിൽ പേകുന്നതായി പുറത്തിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു.വൈശാഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വൈകീട്ട് ആറരയോടെയാണ് സംഭവം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രമം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

🔹പ്രജ്വല്‍ രേവണ്ണ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.

🔹ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കുന്നു. ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.

🔹ഷെയ്ന്‍ നിഗം- മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്സ്’. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള
രണ്ടാമത്തെ ചിത്രമാണിത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments