Saturday, June 22, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 26 | ഞായർ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 26 | ഞായർ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമബംഗാളിലാണ്, 79.78 %. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും, 54.03%. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ 57.82%, ഹരിയാണയില്‍ 61.16% പോളിംഗ് രേഖപ്പെടുത്തി. ഒഡിഷ 70.23%, ജാര്‍ഖണ്ഡ് 63.76%, ബിഹാര്‍ 55.24%, ജമ്മുകശ്മീര്‍ 54.46% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. അന്തിമ കണക്കുകള്‍ വരുന്നതോടെ പോളിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകാം എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുന്നത്.

🔹ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിയമരുകയായിരുന്നു. സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

🔹സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണത്തിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ, അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കും . അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശികയായി ഉള്ളത്.

🔹പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യുഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് ബാര്‍ കോഴയില്‍ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത്. മദ്യനയം ബാറുടമകള്‍ക്ക് അനുകൂലമാക്കാന്‍ കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഈ തീരുമാനം എന്ന് വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി.

🔹ഹജ്ജ് യാത്ര നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പി. രാജീവ്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ഉച്ചയ്ക്ക് 12 ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. 17,883 പേരാണ് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി കേരളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥയാത്ര നടത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6516 പേരാണ് അധികമായി യാത്ര ചെയ്യുന്നത്. ഇതില്‍ 10,064 പേര്‍ സ്ത്രീകളാണ്. 7229 പുരുഷന്മാരാണുള്ളത്.

🔹 9 ലക്ഷം രൂപയ്ക്ക് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയുടേതാണ് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും, പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

🔹പക്ഷിപ്പനിയെത്തുടര്‍ന്ന് 9691 വളര്‍ത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. രണ്ടു ദ്രുതകര്‍മസംഘങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ നിര്‍വഹിച്ചത്.

🔹സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി ബാധിച്ച 12 വയസിന് താഴെ അപേക്ഷ സമര്‍പ്പിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്കുള്ള തുടര്‍ ചികിത്സയും സൗജന്യ മരുന്നുകളും നല്‍കും. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രം നല്‍കിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കിയിരുന്നു. ഒരു ഡോസിന് 6 ലക്ഷത്തോളം വിലയുള്ള മരുന്നുകള്‍ സൗജന്യമായി ആണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

🔹കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാല്‍ നഗരത്തില്‍ പല റോഡുകളിലൂടെയുമുള്ള ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

🔹തൃശ്ശൂര്‍ കൊടകരയില്‍ പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കടന്നുകളായാന്‍ ശ്രമിച്ചെങ്കിലും പ്രതികളെ അന്വേഷണ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

🔹മഴക്കെടുതിയില്‍ ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ ഫൈസലെന്ന യുവാവിന് ചികിത്സ നല്‍കാന്‍ വൈകിയെന്ന് പരാതി. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച ഫൈസലിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ഇല്ലാത്തതിനാലാണ് രോഗിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ താമസം നേരിട്ടത്.

🔹ഒമാനില്‍ നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്. ഒമാനിലെ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

🔹വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ . ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.

🔹പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം. ചന്നഗിരി സ്വദേശിയായ ആദില്‍ എന്ന യുവാവാണ് മരിച്ചത്. പണം വച്ചുള്ള ചൂതാട്ടത്തിനിടെയാണ് ആദിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

🔹ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് നാളെ തീരം തൊടും. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. കേരളത്തിന് റീമല്‍ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയര്‍ത്തില്ല. മറ്റന്നാള്‍ വരെ മീന്‍ പിടിക്കാന്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

🔹ഛത്തീസ്ഗഢിലെ ബെമേത്രയില്‍ വെടിമരുന്ന് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

🔹ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് 7.30-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം.

🔹സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’. ഉണ്ണി മുകുന്ദനും വേഷമിടുന്ന തമിഴ് ചിത്രം എന്ന നിലയിലാണ് ഗരുഡന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായി എത്തുന്ന ഗരുഡന്‍ സിനിമയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മെയ് 31ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിലെ ഒത്തപട വെറിയാട്ടമെന്ന ഗാനമാണ് പുറത്തുവിട്ടത്. സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments