Thursday, June 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 23 | വ്യാഴം ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 23 | വ്യാഴം ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി – കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താര പ്രചാരകര്‍ വാക്കുകളില്‍ ശ്രദ്ധാലുവാകണം, പ്രസംഗങ്ങളില്‍ മര്യാദ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി രേഖാമൂലം നിര്‍ദ്ദേശം നല്‍കണമെന്ന് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു .

🔹കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്ന് പൊലീസ്. മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു. മേയര്‍ക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താല്‍ സി പി എം സഹായത്തേടെ മലയിന്‍കീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് യദു ഹര്‍ജിയില്‍ പറഞ്ഞത്.

🔹മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലില്‍ നടപടി എടുക്കരുതെന്ന് സമസ്ത നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്‌കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരിലൊരാള്‍ ഇ.കെ സുന്നി നേതാവിന്റെ മകളായതിനാലാണ് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

🔹ഐഎഎസ് തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാറ്റം. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണചുമതല ഏറ്റെടുത്തു. കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയി നിയമിതനായി. കെഎസ്ഇബിയുടെ പുതിയ ചെയര്‍മാന്‍ ബിജു പ്രഭാകറാണ് . തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി നോര്‍ക്ക സെക്രട്ടറിയുടെ ചുമതല കൂടി ഇനി നിര്‍വഹിക്കും.

🔹സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുo . 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹തിരുവനന്തപുരം ജില്ലയില്‍ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. 1789 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

🔹സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍, ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് നിരോധനം . ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

🔹പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിരുന്നു. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

🔹കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

🔹ഡി-സ്‌പേസ് ടെക്‌നോളജീസിന്റെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. ഓട്ടോമേഷന്‍ ആന്റ് സ്‌പേസ് മേഖലയില്‍ ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് മൂന്നാമത്തെ സെന്ററാണ് കേരളത്തില്‍ സ്ഥാപിച്ചത്. ബംഗളൂരു, ചെന്നൈ, പൂനെ തുടങ്ങി പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

🔹പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകള്‍ കോളേജ് തലങ്ങളില്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങള്‍ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായതെന്ന് മന്ത്രി അറിയിച്ചു.

🔹ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ജനപ്രതിനിധി ആയതെന്നും ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍. തലസ്ഥാനത്തെ ജനം മലിനജലത്തില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മേയര്‍. വാങ്ങുന്ന ശമ്പളത്തിന് പാര്‍ട്ടിയോട് മാത്രം നന്ദി, ജനങ്ങളോട് ഒരു ബാധ്യതയുമില്ല. എന്ന ഫേസ്ബുക്ക് കമന്റിനായിരുന്നു ആര്യയുടെ മറുപടി.

🔹തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത് കൊണ്ടാണെന്ന് അമ്മ പവിത്ര ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല, ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നുവെങ്കില്‍ ജീവനോടെ കിട്ടിയേനെ, ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം, കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

🔹വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുന്നത്.

🔹പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി. മല്‍സ്യക്കുരുതിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔹പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവരോടും സഹായി ആചാര്യ ബാല. ബാലകൃഷ്ണയോടും കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ജൂണ്‍ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.

🔹പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.

🔹പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

🔹കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ നടന്‍ ഷാരൂഖ് ഖാനെ കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

🔹സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം. മീന്‍ പിടിക്കാന്‍ പോയ യുവാവാണ് മരിച്ചത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.
മീന്‍ പിടിക്കാന്‍ പോയ വഴി വെള്ളത്തില്‍ വീണായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയില്‍ കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

🔹മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. ‘കണ്മണി അൻപോട്’ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി.15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. നിർമാതാക്കൾ പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും വക്കീൽ നോട്ടീസിൽ ഇളയരാജ വ്യകത്മാക്കിയിട്ടുണ്ട്.

🔹സഞ്ജുവും സംഘവും റോയലായി ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് കടന്നപ്പോള്‍ കോലിക്കും ആര്‍സിബിക്കും വീണ്ടും കണ്ണീര്‍മടക്കം. ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യം മറികടന്നു. നാളെ നടക്കുന്ന ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി രാജസ്ഥാന്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.

🔹പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍-ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍,സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-ന് ചിത്രം തീയറ്ററുകളിലെത്തും. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments