Thursday, June 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 21 | ചൊവ്വ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 21 | ചൊവ്വ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%. മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്- 48.88%. ബിഹാറില്‍ 52.55%, ജമ്മുകശ്മീരില്‍ 54.21%, ജാര്‍ഖണ്ഡില്‍ 63%, ഒഡീഷയില്‍ 60.72%, ഉത്തര്‍പ്രദേശില്‍ 57.43%, ലഡാക്കില്‍ 67.15% എന്നിങ്ങനെയാണു പോളിങ്.

🔹മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വ്യാജം എന്ന് കെഎസ്ഇബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

🔹മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
1980ലെ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്നതൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹന്‍ലാല്‍. നടന വൈഭവത്തിന്റെ 4 പതിറ്റാണ്ട്, മോഹന്‍ലാല്‍ യുഗം, പക്ഷെ ഒരാണ്ടിന്റെ കണക്കെടുപ്പില്‍ തീരുന്നതല്ല മലയാളിക്ക് മോഹന്‍ലാല്‍, വിസ്മയങ്ങളുടെ ഒരു ഖനി തന്നെയാണത്.

🔹അവയവക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലായ സബിത്ത് നാസറിന്റെ മൊഴിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അവയവക്കടത്തിനായി പ്രധാനമായും യുവാക്കളെ കണ്ടെത്തുന്നത് ഹൈദരാബാദ്, ബെംഗലൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണെന്നും, 6 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി നല്‍കുന്നതെന്നും സബിത്ത് പറഞ്ഞു. സബിത്ത് നാസര്‍ വഴി സംഘത്തിലേക്ക് മുഴുവനായി എത്തിപ്പെടാന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

🔹സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു . തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

🔹അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

🔹സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. . മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് ലഭിച്ചത്.

🔹ബിലിവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ പൊതുദര്‍ശനം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്. നാല് ഘട്ട ശുശ്രൂഷ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാരം.

🔹പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളി അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. കൊലപാതകത്തില്‍ അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും ആളൂര്‍ പറഞ്ഞു .

🔹താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് മൊത്ത വ്യാപാരിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടി. പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയിരുന്നത്.

🔹ഹൊസ്ദുര്‍ഗില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് പ്രതിക്കായി ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.

🔹മഹാത്മാഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എം ജി സര്‍വകലാശാലയും മികവ് ആവര്‍ത്തിച്ചത്.

🔹എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ ആഷിഖിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 38 വയസ്സായിരുന്നു. വൈകിട്ടാണ് സംഭവം. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയില്‍ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

🔹തമിഴ്‌നാട്ടില്‍ ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്.
പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ ന?ഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔹സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.

🔹ഡല്‍ഹി കരോള്‍ബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.

🔹വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നലെയാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്. ബംഗാള്‍ ഒളിംപിക് അസോസിയേഷന്റെയും ബംഗാള്‍ ഹോക്കി അസോസിയേഷന്റെയും പ്രസിഡന്റാണ് ബബുന്‍ ബാനര്‍ജി.

🔹അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തിലധികം പരാതികള്‍ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്റുമാര്‍ക്കെതിരായ ആക്രമണം എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്.

🔹ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയില്‍ ചുവരെഴുത്ത്. മെട്രോ പട്ടേല്‍ നഗര്‍ സ്റ്റേഷനിലും, മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി.

🔹ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ എസ് ഭീകരരെ എടിഎസ് ഗുജറാത്തില്‍ പിടികൂടി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്നും ചെന്നൈ വഴിയാണ് ഇവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്.

🔹കോണ്‍ഗ്രസിന്റെ രാജകുമാരന്‍ രാഹുല്‍ബാബക്ക് ജൂണ്‍ നാലിന് ശേഷം കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരുമെന്നും എന്നാല്‍ ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

🔹രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും മോദി പിടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

🔹ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ഒരു ദിവസത്തേക്ക് ദുഖാചരണം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

🔹ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കും.

🔹ഐപിഎല്ലില്‍ ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി എറ്റുമുട്ടും. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

🔹തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. വളരെക്കാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത ‘അറണ്‍മണൈ 4’. ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന. ‘അറണ്‍മണൈ 4’ ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരം. 30 ശതമാനത്തോളമാണ് തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം. അടുത്ത തമിഴ് ചിത്രത്തിന് താരം ഈ തുക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments