Wednesday, May 22, 2024
Homeഅമേരിക്ക'പാലൈച്ചുന' - ഓർക്കുന്തോറും മനസ്സിൽ കണ്ണീർ പൊടിയുന്ന പുസ്തകം. ✍ കലൈവാണി

‘പാലൈച്ചുന’ – ഓർക്കുന്തോറും മനസ്സിൽ കണ്ണീർ പൊടിയുന്ന പുസ്തകം. ✍ കലൈവാണി

കലൈവാണി

പ്രശസ്ത ജീവിതമെഴുത്ത് സാഹിത്യകാരനും ചേളന്നൂർ എസ് എൻ കോളേജ് അധ്യാപകനുമായ ഡോ. ദീപേഷ് കരിമ്പുങ്കര എഴുതിയ അമാനുള്ളയുടെ ഹൃദയസ്പർശിയായ ഗൾഫ് അനുഭവങ്ങളുടെ പുസ്തകത്തിൻ്റെ തമിഴ് വിവർത്തനത്തെക്കുറിച്ച് തമിഴ്കവിയും സാഹിത്യ സാംസ്കാരിക പ്രവർത്തകയുമായ കലൈവാണി എഴുതിയ ലേഖനം . ആടുജീവിതത്തെക്കാൾ ശ്രദ്ധിക്കപ്പെടേണ്ട പുസ്തകം ആടുജീവിതവിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ വായിക്കുന്നു.

ഡോ. ദീപേഷ് കരിമ്പുങ്കര

ആകാശത്തില്‍ വളരെ വിദൂരതയില്‍ പൊട്ടുപോലെ പറന്നുപോകുന്ന വിമാനം കാണുമ്പോള്‍ ഒരു നിമിഷം മറ്റെല്ലാം മറന്ന് നമ്മള്‍ മുകളിലേക്ക് നോക്കിപ്പോകാറില്ലേ ? ഒന്നിനും ഇത്തിരിപോലും സമയമില്ലെന്ന് പറയുന്നവര്‍ ചിലരെങ്കിലുമുണ്ടാകാം. പക്ഷേ, അവര്‍പോലും മനസ്സിന്റെ ഏതോ കോണില്‍ ഹായ് വിമാനം എന്ന് ഉറക്കെ വിളിച്ചു പറയുന്ന ബാല്യകാലം അനുഭവിച്ചിട്ടുണ്ടായിരിക്കണം. ആകാശത്തിലൂടെ നേർവരപോലെ പറന്നുപോകുന്ന വിമാനങ്ങള്‍. അതിലേറിയാണ് മനസ്സുനിറയെ സ്വപ്നങ്ങളുമായി പലരും സ്വന്തം നാടുവിട്ട് മറുനാടുകളിലേക്ക് യാത്രയാ വുന്നത്. ഇവിടത്തെ മണ്ണിന്റെ ഉടമകള്‍. സ്വന്തം നാടിന്റെ അവകാശികള്‍. വീടിന്റെ ഉറ്റബന്ധുക്കള്‍ ഇവരില്‍ പലരും നാടും വീടും വിട്ട് അകലെയെങ്ങോ യാത്രയാവുന്നു. ഏതൊക്കെയോ ഇടങ്ങളില്‍ ആരുടെയൊക്കെയോ അടിമകളാ യിത്തീരുന്നു. രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്നു. കണ്ണിലും മനസ്സിലും ഇരുട്ടുമാത്രമായി ഇത്തരം ജീവിതങ്ങള്‍ പലയിടങ്ങളിലുമായി എത്രപേരുണ്ടാകും ? ഇവര്‍ പല ദൂരങ്ങള്‍ താണ്ടുന്നത് മരണത്തിനും ജീവിത ത്തിനുമിടയിലെ ഏതൊക്കെയോ നേര്‍രേഖകളിലൂടെയാണ്.

മരുഭൂമിയിലെ മറുജീവിതങ്ങള്‍ എന്ന പുസ്തകത്തിന്റെ തമിഴ് പതിപ്പ് പാലൈച്ചുനൈ വായിച്ചപ്പോള്‍ ഞാന്‍ തൊട്ടറിഞ്ഞത് ഇത്തരത്തിലുള്ള കുറെ മനുഷ്യരെയാണ്. ഇത് നമ്മുടെ രാജ്യത്തില്‍ നിന്ന് അറേബ്യയില്‍ എത്തി ച്ചേര്‍ന്ന പ്രവാസികളുടെ കഥയാണിത്. അതിനുമപ്പുറം ഇത് മരുഭൂമിയിലെ മറുജീവിതങ്ങള്‍ കൂടിയാണ്. അമാനുള്ള യുടെ ഓര്‍മകളാണ് പാലൈച്ചുനൈ എന്ന പുസ്തകം. എന്തൊരു മനുഷ്യനാണദ്ദേഹം. എന്തെന്ത് ഓര്‍മകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. അമാനുള്ള എന്ന പേരിന്റെ അര്‍ത്ഥം രക്ഷകന്‍ എന്നാണത്ര ! ചില ആളുകളുടെ പേരുപോലെ ജീവിതവും അതു തന്നെയായിത്തീരുന്നു. യു.എ.യില്‍ നാല്പതു വര്‍ഷക്കാലം അദ്ദേഹം ജീവിച്ചു. ഇക്കാലത്തിനിടയ്ക്ക് പലതരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലേക്ക് അദ്ദേഹം നടന്നുവന്നു. പലപ്പോഴും പലരുടെയും രക്ഷകനായി മാറി.

അമാനുള്ള

അമാനുള്ള ചെയ്ത കാര്യങ്ങളൊക്കെ വിളിച്ചുപറയുന്ന ഒരു പുസ്തകമല്ലിത്. മറിച്ച് നമ്മള്‍ മനസ്സിലാക്കിയിട്ടി ല്ലാത്ത പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളെ കാണിച്ചുതരാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അമാനുള്ള തന്നെക്കുറിച്ച് പറയുന്നതിനേക്കാള്‍ മറ്റുള്ളവരെക്കുറിച്ച് പറയുന്നു. അവരുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും കൂട്ടിച്ചേര്‍ത്തുവായിച്ചാല്‍ ഒരു ചിത്രം പൂര്‍ത്തിയാവും. അത് കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളുടെ അറേബ്യന്‍ പ്രവാസത്തിന്‍റെ കഥയും കദനങ്ങളുമാണ്. വിലപ്പെട്ട സാമൂഹികചരിത്രരേഖകളാണ്.

അറേബ്യന്‍ നാടുകളില്‍നിന്ന് ഇഷ്ടംപോലെ പണവും സ്വര്‍ണവുമായി വേണ്ടപ്പെട്ടവര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന കുടുംബാംഗങ്ങളുണ്ട്. പൊതുസമൂഹം അത്തരം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നു. അതുപോലെ ഗള്‍ഫില്‍ ജോലിയുള്ളതുകാരണം വലിയ പണക്കാരായി എന്ന് അസൂയയോടെ കുശുമ്പ് പറയുന്നവരും നമുക്കിട യിലുണ്ട്. പക്ഷെ അതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണെന്നും യാഥാര്‍ത്ഥ്യം മറ്റു പലതുമാണെന്നും പാലൈച്ചുനൈ ഓര്‍മിപ്പിക്കുന്നു.

അന്യദേശത്തെത്തി ഒരു ഗതിയുമില്ലാതെ ഒളിവുജീവിതം നയിക്കേണ്ടിവരുന്നവരുടെ അവസ്ഥ എത്ര ദയനീയമാണ്. മരുഭൂമിയില്‍ മണല്‍ത്തരികളേക്കാള്‍ കൂടുതലുള്ളത് ഇതുപോലെ പൊള്ളിയുരുകുന്ന മനുഷ്യരാണ് തോന്നിപ്പോകുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ഇതിനുമുമ്പ് ആരെങ്കിലും പറഞ്ഞുതന്നിട്ടുണ്ടോ? ഒരോ കെട്ടിടത്തി ന്റെയും ചെറുതുളകളില്‍ കുടങ്ങിക്കിടക്കുന്നവര്‍ എത്ര ? നിലവിളിക്കുന്നവര്‍, രക്ഷയാചിക്കുന്നവര്‍ ഇവര്‍ക്കിടയിലേ ക്കാണ് അമാനുള്ള എന്ന മനുഷ്യന്‍ കടന്നുചെല്ലുന്നത്. പലരെയും രക്ഷിക്കാന്‍ കഴിഞ്ഞ ഒരാള്‍ക്ക് ചെയ്ത നല്ല കാര്യങ്ങളോര്‍ത്ത് ഇനിയുള്ള കാലം സംതൃപ്തനായി ജീവിക്കാം. പക്ഷേ, അദ്ദേഹം ഇന്നും തൃപ്തനല്ല. ദുഃഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞ ഒരാള്‍ എന്തിന് ദുഃഖിക്കണം? തനിക്ക് രക്ഷിക്കാന്‍ കഴിയാത്തവരെ ഓര്‍ത്താണ് അദ്ദേഹത്തിന്റെ വ്യഥ. അതോര്‍ക്കുമ്പോള്‍ ചെയ്തത് മറന്നുപോവുകയും ചെയ്യാന്‍ കഴിയാത്തതിന്റെ മഹാവേദനയായി അദ്ദേഹത്തെ പിടികൂടുകയും ചെയ്യുന്നു.

ജീവിതത്തില്‍ പണം മാത്രം ലക്ഷ്യമാക്കുന്നവര്‍ എന്നെങ്കിലും അപരനെക്കുറിച്ച് ഇത്തരത്തില്‍ ചിന്തിച്ചിട്ടു ണ്ടാകുമോ? അന്യരായ ആര്‍ക്കെങ്കിലുംവേണ്ടി ജീവിതത്തില്‍ എന്നെങ്കിലുമൊരിക്കല്‍ നന്മയെന്ന് പറയാവുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ ? ഓരോരുത്തരും സ്വന്തം മനസ്സിനോട് ചോദിക്കേണ്ട ചോദ്യമാണത്. ഒരു നേരത്തെ ഭക്ഷണം, തലചായ്ക്കാനൊരിടം, കുടുംബത്തിന് ജീവിക്കാനുള്ള പണം ഇത്രയും കിട്ടുമെങ്കില്‍ എത്രകാലം വേണമെങ്കിലും ഒരടിമയെപ്പോലെ ഭാരം സഹിക്കാന്‍ തയ്യാറാവുന്ന അനേകം മനുഷ്യരുണ്ട്. മനുഷ്യരെ അടിമകളാ ക്കിയിരുന്ന പഴയകാലത്തെ കഥയല്ലിത്. പുതിയകാലത്ത് മുതലാളിമാരും ഇതുതന്നെയല്ലേ ചെയ്യുന്നത്. കാലം എത്രമാറിയാലും വേണ്ടത്ര വിദ്യാഭ്യാസം നേടിയാലും ഏതൊക്കെ ഇസങ്ങള്‍ വന്നാലും മനുഷ്യരുടെ ദയനീയ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

ഇന്ന് ആകാശത്തിലൂടെ വിമാനങ്ങൾ പറന്നുപോവുമ്പോള്‍ പഴയ ആനന്ദം എനിക്കില്ല. മനുഷ്യരുടെ വളര്‍ച്ചയുടെ കുതിപ്പായി, കൂടുതല്‍ സൗകര്യപ്രദമായി യാത്രയായി, സ്വപ്നതുല്യമായ പറക്കലായി ഇന്നും പലരും അതിനെ കാണുമ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാനാവാതെ പോവുന്നു. മറിച്ച്, എന്റെ മനസ്സിലേക്ക് കാര്‍മേഘ ങ്ങള്‍പോലെ ആധികള്‍ വളരുന്നു. അതിനു കാരണം പാലൈച്ചുനൈ എന്ന പുസ്തകമാണ്. സ്വപ്നവിമാനത്തില്‍ ജീവിതം തേടിപ്പോകുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നെന്റെ മനസ്സില്‍ കടന്നുവരുന്നത് നരകയാതനകള്‍ അനുഭവിക്കേണ്ടി ഓരോ മനുഷ്യമുഖങ്ങളാണ്. ഡോ.ദീപേഷ് കരിമ്പുങ്കര എഴുതി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം തമിഴ് ജനതയ്ക്ക് വായിക്കാന്‍ പാകത്തില്‍ പരിഭാഷപ്പെടുത്തിയത് സുനില്‍ലാല്‍ മഞ്ചാലുംമൂട് ആണ്. ഏതൊരു വായനക്കാരെയും പിടിച്ചിരുത്തുന്ന നല്ലൊരു വിവര്‍ത്തനമാണിത്.

സുനില്‍ലാല്‍ മഞ്ചാലുംമൂട്

പാലൈച്ചുനൈ എന്ന പേരുപോലെ അതേക്കുറിച്ച് എഴുതുമ്പോള്‍ മരുഭൂമിയിലെന്നപോലെ മനസ്സിന്റെ വരണ്ടമണ്ണില്‍ കണ്ണീരിന്റെ നനവ് പടരുന്നു. ഓര്‍ക്കുന്തോറും കണ്ണുനീര്‍ പൊടിയുന്നപോല്‍ ഒരനുഭവം ഈ പുസ്തകം അവശേഷിപ്പിക്കുന്നു.

കലൈവാണി✍

(കവി, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തക)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments