Wednesday, May 22, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* റഷ്യയിലെ ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്നു. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ. 5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിനു പിന്നാലെ അണക്കെട്ട് തകർന്നു. പർവത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്.
ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ ഉറൽ നദിയിൽ അപ്രതീക്ഷിതമായ ജലപ്രവാഹം ഉണ്ടായി. തുടർന്ന് അണക്കെട്ട് തകർന്നു. വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തിൽ റീജിയണൽ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചു. 82,200 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള 482 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. 2014ൽ അണക്കെട്ട് നിർമിച്ച ഉദ്യോഗസ്ഥർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനും റഷ്യ ക്രിമിനൽ അന്വേഷണ നടപടികൾ ആരംഭിച്ചു. യുറൽ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്റർ ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. വലിയ അളവിൽ വെള്ളം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് ഡാം നിർമിച്ചതെന്നും എന്നാൽ മഴയുടെ അളവ് ശക്തമാണെന്നുമാണ് വിശദീകരണം.

* ഇന്ത്യയിലെ വാര്‍ത്താ സംപ്രേഷണത്തിന്‍റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും ആദായനികുതി പ്രശ്നങ്ങളിലും പരിശോധനകൾക്കു വിധേയമായി ഒരു വര്‍ഷത്തിനകമാണ് ബിബിസി വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യക്കാരായ നാലു ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച കളക്ടീവ് ന്യൂസ് റൂമിനാണ് ലൈസെന്‍സ്. അടുത്തയാഴ്ച തന്നെ പുതിയ കമ്പനിക്കു കീഴിലുള്ള പ്രവർത്തനം ആരംഭിക്കും.

ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷയിലെ വാർത്താ സംപ്രേഷണത്തിന്റെ ലൈസന്‍സാണ് ബിബിസി സ്വകാര്യ കമ്പനിക്കു കൈമാറിയിരിക്കുന്നത്. പുതിയ കമ്പനിയില്‍ 26 ശതമാനം ഓഹരിക്ക് ബിബിസി കേന്ദ്രസർക്കാരിന് അപേക്ഷ നല്‍കിയതായാണ് വിവരം. നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച് പുതിയ നിയമത്തെ തുടര്‍ന്നാണ് ബിബിസിക്ക് ഇന്ത്യയിലെ ഇത്തരത്തിലൊരു ക്രമീകരണം വേണ്ടി വന്നത്.
വാർത്താനടത്തിപ്പിന്റെ അവകാശം ഏതെങ്കിലും ഒരു രാജ്യത്ത് ബിബിസി മറ്റൊരു കമ്പനിക്കു കൈമാറുന്നത് ആദ്യമായാണ്. 200 ജീവനക്കാരാണ് ബിബിസിക്ക് ഇന്ത്യയിലുള്ളത്.‘‘ഇന്ത്യയിൽ ബിബിസിക്ക് ഒരു സമ്പന്നമായ ചരിത്രമുണ്ട്. അതുകൊണ്ടു തന്നെ എപ്പോഴും പ്രേക്ഷകമനസ്സിൽ ഒന്നാം സ്ഥാനത്തുണ്ട്. അത് നിലനിർത്താൻ കളക്ടീവ് ന്യൂസ് റൂമിനു സാധിക്കുമെന്നു കരുതുന്നു. ’’– ബിബിസി ഡെപ്യൂട്ടി സിഇഒ ജോനാഥൻ മൺട്രോ പറഞ്ഞു.

* തെക്കൻ ഗാസയിൽനിന്നു സേനയെ വൻതോതിൽ പിൻവലിച്ച് ഇസ്രയേലിന്റെ അപ്രതീക്ഷിത നടപടി. ഖാൻ യൂനിസിൽനിന്ന് ആയിരക്കണക്കിനു സൈനികരെയാണ് പിൻവലിച്ചത്. സേനയുടെ ‘നഹാൽ’ ബ്രിഗോഡ് മാത്രം തുടരും. പിന്മാറ്റകാരണവും കൃത്യമായ എണ്ണവും ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടു കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണു വിലയിരുത്തൽ. ഖാൻ യൂനിസിൽ നിന്ന് സൈനികർ ഒഴിഞ്ഞതോടെ, പലായനം ചെയ്ത പലസ്തീൻകാർ തിരികെയെത്തിത്തുടങ്ങി. സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചു. ഇസ്രയേ‍ൽ പുതിയ ആക്രമണത്തിനു തയാറെടുക്കുന്ന സൂചനകളില്ലെന്നും കേർബി പറഞ്ഞു.

രാജ്യാന്തര സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്കു കീഴടങ്ങാൻ തയാറല്ല’– നെതന്യാഹു വിശദീകരിച്ചു. ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തലിന് സമ്മതിക്കില്ലെന്നും മന്ത്രിസഭായോഗത്തിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴിനുമുൻപ് നാലുലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർത്തിരുന്ന നഗരമായിരുന്നു ഖാൻ യൂനിസ്. ഇസ്രയേൽ സേനയുടെ മാസങ്ങൾ നീണ്ടുനിന്ന ആക്രമണത്തിൽ നഗരം പൂർണമായി തകർന്നു കഴിഞ്ഞു. യുദ്ധ സ്പർശമേൽക്കാത്ത ഒരു കാഴ്ചപോലും നഗരത്തിൽ അവശേഷിക്കുന്നില്ല. ടവറുകളുൾപ്പെടെ നിലംപൊത്തി. വീടുകളിൽ ജനാലകളും വാതിലുകളും പാതി ചുമരുകളുമില്ല. പക്ഷെ ടെൻറിൽ ജീവിക്കുന്നതിനേക്കാൾ ഭേദം തകർന്ന സ്വന്തം ഭവനത്തിൽ താമസിക്കുന്നതാണെന്നു പറഞ്ഞുകൊണ്ടാണ് മാഹായെ പോലെ പലരും തിരികെയെത്തുന്നത്.

* ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന കയ്റോ സമാധാന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ധാരണയൊന്നുമായിട്ടില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. ചർച്ചയിൽ ഇസ്രായേൽ പ്രതിനിധികൾക്കൊപ്പം യുഎസ് ചാര സംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസും പങ്കെടുക്കുന്നുണ്ട്. ബന്ധികളെ മോചിപ്പിച്ചുകൊണ്ട് അടിയന്തര വെടിനിർത്തൽ ധാരണയ്ക്കാണ് യുഎസ് ശ്രമം.
അതേസമയം റഫ ആക്രമിക്കാതെ യുദ്ധം നിർത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ കക്ഷി നേതാവുമായ ഇതാമർ ബെൻ ഗിവർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി.

* ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനെയാണ് അപകടം. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,300 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്. സംഭവത്തിൽ യാത്രക്കാർ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത് വിഡിയോയിൽ കാണാം. എൻജിൻ കവർ പൊട്ടിത്തെറിച്ചത് ബോംബ് പൊട്ടിയതു പോലെയാണ് ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു. ചില യാത്രക്കാർ, ക്രൂം അംഗങ്ങളോട് കയർത്തതായും അവർ പറഞ്ഞു. ബോയിങ് വിമാനങ്ങൾ നിരന്തരമായി അപകടത്തിൽപെടുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.

* മാലദ്വീപ് ആവശ്യപ്പെട്ട അവശ്യസാധനങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തതിനു പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ വിമർശിച്ച് മന്ത്രിമാരും ജനങ്ങളും. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം എന്നാൽ ആരെയും അതിന്റെ പരാമാധികാരത്തിൽ ഇടപെടാനോ ഭീഷണിപ്പെടുത്താനോ അനുവദിക്കില്ല എന്ന് ഇന്ത്യയെ ഉന്നമിട്ട് നടത്തിയ പരാമർശങ്ങൾക്കാണ് മുയിസു ഇപ്പോൾ പഴി കേൾക്കുന്നത്. മാലെയുടെ ആവശ്യപ്രകാരം 2024–25 വർഷത്തേക്കുള്ള അവശ്യവസ്തുക്കൾ ഇന്ത്യൻ ഹൈക്കമ്മിഷൻ മാലദ്വീപിലേക്ക് എത്തിച്ചിരുന്നു. ഇതിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് എക്സിലെ കുറിപ്പിലൂടെ നന്ദിയും അറിയിച്ചു. ‘‘സുദീർഘമായ സൗഹൃദത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തെ വിപുലീകരിക്കുമെന്നുള്ള ഉറപ്പുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. മന്ത്രി സമീറിന്റെ പോസ്റ്റിനു പിന്നാലെ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് മാലിദ്വീപിൽനിന്ന് ഉയർന്നത്. ഇന്ത്യയുടെ വലിയ മനസ്സിന് മാലദ്വീപ് ജനങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ഇന്ത്യക്കെതിരായ മുയിസുവിന്റെ പരാമർശം അനാവശ്യമാണെന്നുമാണ് മാലദ്വീപ് മുൻ എംപി ഇബ്രാഹിം ദീദി പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ ഇത്തരത്തിൽ സൗഹാർദപരമായ നിലപാടാണ് മാലദ്വീപിനോടെ സ്വീകരിച്ചതെന്നും അതിനു കോട്ടം വരുത്താനാണ് മുയിസു ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

* അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരമൊരുങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ കുറവു സമയമേയുള്ളു എന്നതിനാൽ കടുത്ത വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്.

ഇടതുപക്ഷ സിൻഫീൻ പാർട്ടി അധികാരത്തിലെത്തുന്നതു തടയാൻ ഈ ഒരു വർഷം മികച്ച ഭരണം നടത്തിയേ തീരൂ. രൂക്ഷമായ ഭവന പ്രതിസന്ധിക്കു പരിഹാരം കാണേണ്ടതുണ്ട്. 24 വയസ്സിൽ പാർലമെന്റ് അംഗവും 30 തികയും മുൻപേ മന്ത്രിയുമായ ഹാരിസ് ഭരണത്തിൽ പുതിയ കാഴ്ചപ്പാടും ഉണർവും വാഗ്ദാനം ചെയ്യുന്നു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 26% വോട്ടുമായി സിൻഫീൻ പാർട്ടിയാണ് മുന്നിലെത്തിയത്. 21% വോട്ട് നേടിയ ഫിനഗേൽ പാർട്ടി ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

* അടിസ്‌ഥാന കണികയായ ഹിഗ്‌സ് ബോസോണിന്റെ സാധ്യത പ്രവചിച്ച നൊബേൽ ജേതാവ് പീറ്റർ ഡബ്ല്യു. ഹിഗ്‌സ് (94) ഇനി ഓർമ. ദ്രവ്യത്തിനു പിണ്ഡം നൽകുന്ന ഹിഗ്‌സ് ബോസോൺ എന്ന ദൈവ കണത്തെക്കുറിച്ചുള്ള പഠനത്തിനാണ് പീറ്റർ ഹിഗ്സും ബൽജിയം സ്വദേശി ഫ്രാൻസ്വ ഇംഗ്ലർട്ടും 2013ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ നേടിയത്.

ഹിഗ്‌സ് ബോസോൺ കണത്തിന്റെ സാധ്യത പീറ്റർ ഹിഗ്‌സ് മുന്നോട്ടുവച്ചത് 1964 ഒക്‌ടോബറിലാണ്. 1924ൽ സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യൻ ശാസ്‌ത്രജ്‌ഞൻ രൂപം നൽകിയ ബോസോൺ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്‌ഥാനമായത്. ജനീവയിൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ) ആസ്‌ഥാനത്ത് ഭൂമിക്കടിയിലായി 27 കിലോമീറ്റർ ചുറ്റളവിൽ സ്‌ഥാപിച്ചിരിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറിൽ നടത്തിയ പരീക്ഷണങ്ങളാണ് ദൈവകണത്തിന്റെ അസ്‌തിത്വം 2012ൽ തെളിയിച്ചത്. തുടർന്ന് ഹിഗ്സ് ബോസോൺ എന്നു പേരും നൽകി.
1929ൽ ബ്രിട്ടനിലാണ് ഹിഗ്‌സിന്റെ ജനനം. കിങ്‌സ് കോളജിൽ നിന്നു പിഎച്ച്‌ഡി നേടി. ഹിഗ്സ് തന്റെ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ചത് യുകെയിലെ എഡിൻബർഗ് സർവകലാശാലയിലാണ്.

* വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആഘോഷമില്ലാത്ത ഈദുൽ ഫിത്‌ർ ദിനത്തിൽ ഗാസയിലെമ്പാടും മുഴങ്ങിയത് ഇസ്രയേൽ വ്യോമാക്രമണങ്ങൾ. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ 3 മക്കളും 3 കൊച്ചുമക്കളും കൊല്ലപ്പെട്ടു. 7 വർഷമായി ഹമാസ് തലവനായ ഹനിയ ഇപ്പോൾ ഖത്തറിലാണുള്ളത്. മക്കളായ ഹസെം, അമീ‍ർ, മുഹമ്മദ് എന്നിവർ ഇസ്രയേൽ ആക്രമണത്തി‍ൽ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ അഭിമുഖത്തിൽ ഹനിയ സ്ഥിരീകരിച്ചു. ഇതിനിടെ, ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ നേരിട്ടു തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത് മേഖലായുദ്ധ ഭീഷണിക്ക് ആക്കം കൂട്ടി. സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ കോൺസുലേറ്റ് ആക്രമിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഈദ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഗാസയുടെ കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അബദ്ധങ്ങൾ ചെയ്തുകൂട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. വടക്കൻ ഗാസയിലേക്ക് ഒന്നരലക്ഷം പേർക്കു മടങ്ങിയെത്താമെന്നാണു തങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങളിലൊന്നെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബന്ദികളിൽ ഇനി ശേഷിക്കുന്നവരുടെ പട്ടിക ഹമാസ് കൈമാറണമെന്ന ഉപാധിയിലാണിത്.

ഇസ്രയേൽ തടസ്സം നിൽക്കുന്നതുമൂലം ഗാസയിൽ ആവശ്യത്തിനു സഹായവിതരണം നടക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ, ഐക്യരാഷ്ട്ര സംഘടനയെ കുറ്റപ്പെടുത്തി ഇസ്രയേൽ സൈനികവിഭാഗം രംഗത്തെത്തി. സ്വന്തം പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ ഭക്ഷണവിതരണ വാഹനങ്ങളുടെ എണ്ണം യുഎ‍ൻ മനഃപൂർ‍വം കുറച്ചു കാണിക്കുകയാണെന്നാണ് ഇസ്രയേൽ ആരോപണം.

* മധ്യ ഗാസയിലെ നുസീറത് അഭയാർഥി ക്യാംപിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ യുനിസെഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇസ്രയേൽ സേനയുടെ ആക്രമണത്തിനിരയായി. 3 വെടിയുണ്ടകൾ വാഹനത്തിൽ പതിച്ചതായി യുനിസെഫ് വക്താവ് അറിയിച്ചു. തെക്കൻ ഗാസയിലെ റഫയിലും കനത്ത ആക്രമണമുണ്ടായി. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭക്ഷണവും മരുന്നും മറ്റും എത്താൻ ഇനിയും വൈകിയാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുണ്ടാകുമെന്നും യുഎൻ രക്ഷാസമിതി വീണ്ടും മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലെത്തുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ഇതേസമയം, ഹമാസിനു സാമ്പത്തികസഹായം നൽകിയിരുന്നവരിൽ പ്രധാനിയായ നാസർ യാക്കോബ് ജബ്ബാർ നാസറിനെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഒന്നിന് സിറിയയിലെ ഇറാന്റെ എംബസി തകർത്ത് മുതിർന്ന ജനറൽമാരടക്കം ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിന് ഇറാൻ പ്രതികാരത്തിന് ഒരുങ്ങുന്നതിന്റെ സൂചനയുണ്ട്.
ഉചിതമായ തിരിച്ചടി നൽകാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതോടെ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി.

* ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ നേരിട്ട പ്രസിദ്ധ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്‌സണ്‍ (76) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലാസ് വേഗസില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്‌സണെയും അവരുടെ സുഹൃത്ത് റോണ്‍ ഗോള്‍ഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരായി ചുമത്തിയിരുന്നത്. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ വിചാരണയ്‌ക്കൊടുവില്‍ 1995ല്‍ സിംപ്‌സണെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് 2007ല്‍ ലാസ് വേഗസിലെ പാലസ് സ്റ്റേഷന്‍ ഹോട്ടലിലും കസീനോയിലും നടത്തിയ ആക്രമണത്തിന്റെ പേരില്‍ 2018ൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. തോക്കുചൂണ്ടി കവര്‍ച്ച നടത്തിയെന്നായിരുന്നു കേസ്. 2017ല്‍ ജയില്‍മോചിതനായി. സിംപ്‌സണ്‍ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ”ഞാന്‍ ഈ കുറ്റം ചെയ്തുവെന്നുതന്നെ വയ്ക്കുക. അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി എന്നതാണല്ലോ”.

* യുക്രെയ്ന്‍ നഗരമായ കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തിൽ തകർത്തു. ഇതോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. കിഴക്കൻ യുക്രെയ്നിലെ ഹർകീവ് പ്രവിശ്യയിലെ 2 ലക്ഷത്തോളം പേരെ ബാധിച്ചെന്നാണു വിലയിരുത്തൽ. സാപോറീഷ്യ, ലിവ്യു എന്നിവിടങ്ങളിലും കനത്ത മിസൈൽ ആക്രമണമുണ്ടായി. കീവിനു സമീ‌പം ട്രൈപിൽസ്കയിൽ കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാന്റാണ് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ആക്രമിച്ചത്. 1800 മെഗാവാട്ട് ശേഷിയുള്ള നിലയം സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതോൽപാദന കേന്ദ്രമായിരുന്നു.

വൈദ്യുതനിലയം ആക്രമിച്ചതിനെ ‘ഭീകരത’ എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്. 2 വർഷത്തിനിടയിൽ യുക്രെയ്നിനു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സൈനികോദ്യോഗസ്ഥർ പറഞ്ഞു. തങ്ങളുടെ ഇന്ധനസംവിധാനങ്ങൾക്കു നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. 82 മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണമെന്നും 18 മിസൈലുകളും 39 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു.

* ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽനിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയിരിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും. ബ്രിട്ടിഷ് പൗരത്വമുള്ള, അല്ലെങ്കിൽ ബ്രിട്ടണിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടി വരും. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഇത്തവണ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമാണ്. ‘‘വലിയരീതിയിലുള്ള കുടിയേറ്റത്തിന്റെ അവസാന പോയിന്റിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതു കുറയ്ക്കുന്നതിനു ലളിതമായ പരിഹാരങ്ങൾ ഇല്ല’’ – യുകെ മന്ത്രി ജെയിംസ് ക്ലവേർലി പറഞ്ഞു.
‘‘ബ്രിട്ടിഷ് തൊഴിലാളികളെയും അവരുടെ വേതനത്തെയും സംരക്ഷിക്കാനും കുടുംബത്തെ യുകെയിലേക്കു കൊണ്ടുവരുന്ന നികുതിദായകർക്കു ഭാരമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഭാവിക്ക് അനുയോജ്യമായ ഒരു ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുക്കാനുമാണു ശ്രമിച്ചിട്ടുള്ളത്’’ – ക്ലവർലി പറയുന്നു. ഫാമിലി വീസയ്ക്കു പുറമേ സ്റ്റുഡൻറ് വീസയിലും ബ്രിട്ടൻ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.

* വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ നിലപാട്. അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണ്.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments