Sunday, April 21, 2024
Homeഅമേരിക്ക"കുടജാദ്രി" (യാത്രാവിവരണം) ✍ വീണാസുനിൽ പുനലൂർ

“കുടജാദ്രി” (യാത്രാവിവരണം) ✍ വീണാസുനിൽ പുനലൂർ

കുടജാദ്രി ഒരു സ്വപ്നമായിരുന്നു എത്രയോ നാളുകളായി ഹൃദയത്തിൽസൂക്ഷിച്ചിരുന്ന സ്വപ്നം. മുമ്പ് ഒന്ന് രണ്ട് തവണ പോകാൻ ഒരുങ്ങിയിരുന്നെങ്കിലും ഓരോ കാരണങ്ങൾ കൊണ്ട് യാത്ര മുടങ്ങി പോയിരുന്നു.

ഇത്തവണയും എന്തെങ്കിലും കാരണം കൊണ്ട് യാത്ര മുടങ്ങുമോ എന്നൊരു ഭയം ഉള്ളിലുണ്ടായിരുന്നു. മൂകാംബിക ദേവിയുടെ തിരുസന്നിധിയിൽ ദർശനവും കഴിഞ്ഞ് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര തിരിക്കുമ്പോൾ സമയം രാവിലെ 8 മണി കഴിഞ്ഞിരുന്നു.

കുടജാദ്രിയിലേക്കുള്ള യാത്ര എങ്ങനെയായിരിക്കും മെന്ന് വീഡിയോയിലും മറ്റും കണ്ട്‌ ഒരേകദേശ ധാരണ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഓഫ് റോഡിൽ കൂടെയുള്ള യാത്ര ഞങ്ങൾ ഓരോരുത്തരും ആഘോഷമായി ഏറ്റെടുത്തു. ഛർദ്ദിക്കുമോ എന്നൊരു ഭയം മാത്രം എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നു. ആരെങ്കിലും ഒരാൾ ഛർദിച്ചാൽ ജീപ്പിനകം മുഴുവൻ ചർദ്ദിൽ കൊണ്ട് അഭിഷേകം ആയിരിക്കുമെന്ന് എല്ലാവർക്കും ഉറപ്പുമായിരുന്നു.

ചർദ്ദലിനെ ഭയന്ന് ഞങ്ങൾ ആരും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് കുടജാദ്രിയിലേക്ക് യാത്രതിരിച്ചത്. ജീപ്പ് യാത്രയുടെ വീഡിയോ എടുക്കണം റീൽ ചെയ്തിടണം എന്നൊക്കെ കരുതിയാണ് യാത്ര തുടങ്ങിയത് എന്നാൽ ഓഫ് റോഡിൽ ജീപ്പ് പ്രവേശിച്ചതോടെ വീഡിയോ പിടിക്കാൻ പോയിട്ട് നേരെ ഒന്നിരിക്കാൻ പോലും കഴിയാത്ത വണ്ണം കുലുക്കം തന്നെ.

ഓരോ വളവ് തിരിയുമ്പോഴും ആരെങ്കിലുമൊക്കെ സീറ്റിൽ നിന്ന് നിരങ്ങി താഴെ വീഴും. ഓരോ വീഴ്ചയിലും വീഴുന്ന വരും കണ്ടിരിക്കുന്നവരും ഒരേ പോലെ ചിരിച്ചു.

ഒന്നരമണിക്കൂർ യാത്രയ്ക്ക് ശേഷം ഏകദേശം ഒമ്പതര കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി. വെയിലിന് ചൂടായി തുടങ്ങിയെങ്കിലും കാറ്റിന്റെ ശക്തികൊണ്ട് ചൂടൊന്നും അറിഞ്ഞതേയില്ല.

മുകളിലേക്ക് കയറാൻ തുടങ്ങുന്നതിനു മുമ്പ് ശ്രീമൂല സ്ഥാനത്ത് തൊഴുത് കുടുംബാർച്ചനയും നടത്തി സർവജ്ഞപീഠം കാണാനുള്ള വ്യഗ്രതയിൽ മുകളിലേക്ക്.

ഉരുളൻ കല്ല് നിറഞ്ഞ ഇടുങ്ങിയ വഴി. ചവിട്ടുന്നിടത്ത് കാലുറയ്ക്കാത്ത അവസ്ഥ. പണം അടങ്ങിയ ബാഗു കളൊന്നും മുറിയിൽ സൂക്ഷിക്കേണ്ട എന്ന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ എല്ലാവരുടെ കൈയിലും ചെറിയബാഗും കുപ്പി വെള്ളവും ഉണ്ടായിരുന്നു..

മുകളിലേക്ക് കയറി അരമണിക്കൂർ കഴിഞ്ഞതോടെ വല്ലാത്തൊരു വിമ്മിഷ്ടം.ശ്വാസം കിട്ടാത്ത പോലൊരു തോന്നൽ കുടജാദ്രി ഇത്തവണയും സ്വപ്നം മാത്രമായി പോകുമോ എന്നൊരു ഭയം വീണ്ടും മനസ്സിനെ കീഴടക്കി.

ഇത്തവണ നടന്നില്ല എങ്കിൽ ഇനി ഒരിക്കലും നടക്കില്ല എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ.

” ഇത്തിരി നേരം നിന്നിട്ട് പതുക്കെ കയറിയാൽ മതി, സ്പീഡ് വേണ്ട”. സഹോദരന്റെ നിർദ്ദേശം. അവനൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് കുടജാദ്രിയിൽ
ഇത്തവണയെങ്കിലും എത്താൻ കഴിഞ്ഞത് എന്ന് ഹൃദയപൂർവ്വം ഓർക്കുന്നു.
ഇത്തിരി നേരം കണ്ണടച്ചു നിന്ന് മൂകാംബിക ദേവിയെ ഹൃദയം നൊന്തു വിളിച്ചു എനിക്ക് മുകളിൽലെത്താൻ കഴിയണേ ദേവിയെന്ന്.
കണ്ണ് തുറന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നി.

ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത് നിന്നും കാഴ്ചകളുടെ മനോഹര വസന്തം തുടങ്ങുകയായിരുന്നു. എങ്ങനെപകർത്തണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ.

താഴെ അഗാധമായ കൊക്ക ഒന്നു കാല് തെറ്റിയാൽ എല്ലാം അവസാനിക്കും.
സർവ്വജ്ഞ പീഠം കാണാനുള്ള വ്യഗ്രതയിൽ മറ്റൊന്നും ചിന്തിച്ചില്ല വീണ്ടും മുകളിലേക്ക്.

ഏതോ സിനിമയിലെ ഡയലോഗ് പോലെ കുടജാദ്രിയിൽ എത്തിയാൽ മലയാളികളെ മുട്ടിയിട്ട് നടക്കാൻ പറ്റില്ല. മുകളിലേക്ക് നമ്മളെ കടന്ന് പോകുന്നവരും, സർവ്വജ്ഞ പീഠം കണ്ട്‌ തിരികെ ഇറങ്ങുന്നവരും എല്ലാ സംസാരിക്കുന്നത് മലയാളം തന്നെ.

രാവിലെ ആഹാരം ഒന്നും കഴിക്കാതിരുന്നിട്ടും ദുർഘടമായ പാതയിൽ കൂടെയുള്ള യാത്രയായിട്ടും ആർക്കും വലിയ ക്ഷീണം ഒന്നും തോന്നിയിരുന്നില്ല.
ഏകദേശം 11 മണിയോടെ ഞങ്ങൾ ആ ലക്ഷ്യസ്ഥാനത്തിൽ എത്തി.

സർവ്വജ്ഞപീഠം!!

അകത്തെ ഇത്തിരി സ്ഥലത്ത് ആളുകൾ ഫോട്ടോയും വീഡിയോയും പിടിക്കുന്നതിന്റെ തിരക്ക്.

നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ മുന്നിൽ, നിറഞ്ഞു വന്ന മിഴികൾ ഇറുക്കിയടച്ച്
തൊഴുതു നിൽക്കുമ്പോൾ, ജന്മ സാഫല്യം കൈവന്ന പ്രതീതി.

തിരികെ താഴെ എത്താൻ ജീപ്പ് ഡ്രൈവർ സമയം നിഷ്കർഷിച്ചിരുന്നത് കൊണ്ട്, അധികനേരം അവിടെ ചിലവഴിക്കാൻ കഴിയാതെ താഴേക്കിറങ്ങുമ്പോൾ,
ഒരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെട്ടതിന്റെ നിർവൃതിയിലായിരുന്നു മനസ്സും ശരീരവും.

വീണാസുനിൽ പുനലൂർ✍

RELATED ARTICLES

Most Popular

Recent Comments