Monday, May 20, 2024
Homeഅമേരിക്കഅന്താരാഷ്‌ട്ര വനിതാ ദിനം....... ✍അഫ്സൽ ബഷീർ തൃക്കോമല

അന്താരാഷ്‌ട്ര വനിതാ ദിനം……. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

അമേരിക്കയിലെ ന്യൂയോർക്കിൽ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന വനിതകൾ സംഘടിച്ച്, സേവന വേതന വ്യവസ്ഥകളിലെ ചൂഷണത്തിനും സമ്മതിദാനാവകാശത്തിനു വേണ്ടിയും സ്വരമുയർത്തി 1857 മാർച്ച് 8 ന് നടത്തിയ പ്രക്ഷോഭമാണ് വനിതാദിനം എന്ന ആശയത്തിന് നാന്ദി കുറിച്ചത് .പിന്നീട് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 ന് ആദ്യവനിതാ ദിനാചരണം നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു .അതിനെ തുടർന്ന് 1910 ൽ കോപ്പൻ ഹേഗനിൽ രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ
17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിൽ വനിതാ ദിനമാചരിക്കാൻ ആഹ്വാനം ചെയ്തു .

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനമാണ് , റഷ്യൻ വിപ്ലവത്തിന്റെ തുടക്കമെന്ന് പറയാം. പിന്നീട് അര നൂറ്റാണ്ടിനു ശേഷം1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത് .ഇന്ന് ലോകമെമ്പാടും വിപുലമായി ആചരിക്കുന്ന വനിതാദിനം പല രാജ്യങ്ങളിലും അവധി ദിനം കൂടിയാണ് .എന്നാൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്.മറ്റിതര രാജ്യങ്ങളിലും പ്രാദേശികമായി മറ്റു ചില ദിവസങ്ങളിൽ വനിതാ ദിനം ആചരിക്കുന്നു.

എല്ലാ ദിവസവും വനിതകളുടേതാണെന്നാണ് സാമാന്യമായി പറയാം .അമ്മ ,സഹോദരി, ഭര്യ, മകൾ ,സുഹൃത്ത് എന്നിങ്ങനെ വനിതകൾ നമുക്കു മുൻപിൽ പല ഭാവങ്ങളിലാണ് .അവരോടു ആരോടെങ്കിലും നാം ഒരു ദിവസത്തിൽ കാണുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുന്നുമുണ്ട്.അവരുടെ ജീവിതത്തിലും നമുക്കു വലിയ സ്ഥാനമാണുള്ളത് .വനിതകളെ കേവലം ഈ ദിവസത്തിൽ ഒതുക്കി ഒരു ആശംസ നൽകേണ്ടവരെ അല്ല .അതു കൊണ്ടു ഈ ദിവസം ഒരു സ്ത്രീ ശാക്തീകരണത്തിന്റെ ദിനമായി മാത്രം ആചരിക്കാം . ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീ മുന്നേറ്റത്തിന്റെ അതി ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

ആർഷ ഭാരത സംസ്കാരത്തിൽ സ്ത്രീകൾക്ക് വലിയ സംരക്ഷണമാണുള്ളത് പിതാവിന്റെ സംരക്ഷണയിൽ കൗമാരത്തിലും ഭർത്താവിന്റെ സംരക്ഷണയിൽ യൗവനത്തിലും പുത്രന്റെ സംരക്ഷണയിൽ വാർധക്യത്തിലും കഴിയുന്ന സ്ത്രീ എല്ലായിപ്പോഴും സ്വാതന്ത്ര്യത്തിനപ്പുറം സംരക്ഷണത്തിലാകണം എന്ന് മനുസ്മൃതി ഉത്ബോധിപ്പിക്കുന്നു .മാത്രമല്ല “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ
യത്ര ത്രൈതാസ്തു ന പൂജ്യന്തേ സര്‍വാസ്ത്രാഫലാഃ ക്രിയാഃ “എന്ന
ശ്ലോകത്തിൽ നാരിമാരെ പൂജിക്കുന്നിടത്ത് ദേവതമാര്‍ പ്രസാദിക്കും.അവരെ പൂജിക്കാതെയിരുന്നാല്‍ സകല കര്‍മങ്ങളും നിഷ്ഫലമാകുമെന്നും മനുസ്മൃതി
പറയുന്നു .

അറേബ്യൻ സംസ്കാരത്തിൽ മാതാവിന്റെ കാല്പാദത്തിനടിയിലാണ് മക്കളുടെ സ്വർഗം എന്നും ഭാര്യയെക്കാൾ നല്ലൊരു സുഹൃത്ത് ഭർത്താവിനില്ല എന്നും ഒക്കെയുള്ള കാര്യങ്ങളും ഏതു അർദ്ധരാത്രിയിലും സർവാഭരണ വിഭൂഷയായ ഒരു സ്ത്രീക്ക് നിർഭയമായി ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയാത്തിടത്തോളം ഭരണ നിർവഹണം ശരിയായി നടപ്പാകില്ല എന്ന തത്വവും ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് .

സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾക്കു എല്ലാ രാജ്യങ്ങളിലും നിയമങ്ങൾക്കകത്തു നിന്നുള്ള ശിക്ഷകൾ ഉണ്ടെങ്കിലും നിയമത്തിന്റെ സൂചി കുഴലുകളിലൂടെ കുറ്റവാളികൾ വഴുതിപ്പോകുന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിലെ ശിക്ഷ നടപ്പാക്കുമ്പോൾ പോലും നിയമം നടപ്പാകുമെങ്കിലും നീതി നടപ്പാകുന്നുണ്ടോ എന്നത് ചർച്ച ചെയ്യപെടേണ്ടിയിരിക്കുന്നു

“Invest in Women: Accelerate Progress,’ (സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക) എന്നതാണ് ഈ വർഷത്തെ വനിതാ ദിന സന്ദേശം.വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, അന്താ രാഷ്ട്ര തലം മുതൽ അടുക്കള വരെ സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി വിലയിരുത്തുന്നു . 2023ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ട് (വേൾഡ് എക്കണോമിക്സ് ഫോറം ,ജൂലൈ 2023) പറയുന്നത്. ലിംഗസമത്വം നേടിയെടുക്കുന്നതിനായി ഇനിയും 131 വർഷം എങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ്. ഐസ് ലാൻഡ് ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 146 രാജ്യങ്ങളുടെ പട്ടികയിൽ 127-ാം സ്ഥാനത്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്നത് ഞെട്ടിപ്പിയ്ക്കുന്നു .ഒരു രാജ്യത്തിനും ഇതുവരെ സമ്പൂർണ്ണ ലിംഗസമത്വം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വസ്തുത .സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം നില നില്കക്കുമ്പോഴും ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭച്ചിദ്രം , സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച രാഷ്ട്രീയ സാമൂഹിക സാഹിത്യ വവിദ്യാഭ്യാസ മേഖലകളിലെ സ്ത്രീ മുന്നേറ്റങ്ങൾ എല്ലാം ഈ അവസരം എടുത്തു പറയേണ്ടിയിരിക്കുന്നു

കുടുംബങ്ങളിൽ ആൺ പെൺ പക്ഷാഭേദം ഇന്നും നിലനിൽക്കുന്നു എന്നതിന് ഉദാഹരണമേറെയാണ് .പെൺകുട്ടി പതുക്കെ പറയണമെന്നും ആൺകുട്ടി
ശബ്ദമുയർത്തിയാലും കുഴപ്പമില്ലെന്നും ഭക്ഷണത്തിൽ പോലും മുന്തിയ പങ്ക് ആണ്കുട്ടിക്കെന്നുമൊക്കെയുള്ള രീതിയിൽ അലിഖിത നിയമമുണ്ട്.വീടിന്റെ അകത്തളങ്ങളിൽ നിന്നും ലിംഗ നീതിയും ലിംഗ ബോധവും ഉയർന്നു വരേണ്ടതുണ്ട് .സത്രീ സംരക്ഷണത്തിന് രാജ്യ പുരോഗതിയിൽ വലിയ പങ്കുണ്ട് .ഒപ്പം തുല്യ നീതി നടപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുമുണ്ട് .

ഏവർക്കും അന്താരാഷ്‌ട്ര വനിതാ ദിന ആശംസകൾ

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments