Friday, September 13, 2024
Homeഅമേരിക്കഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024-2025 പ്രവർത്തനോദ്ഘാടനം മാർച്ച് 1ന്; റോജി എം...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024-2025 പ്രവർത്തനോദ്ഘാടനം മാർച്ച് 1ന്; റോജി എം ജോൺ എം എൽ എ,, ഇന്ത്യൻ കോൺസൽ ജനറൽ ന്യൂ യോർക്ക് ബിനയ പ്രധാൻ, ജഡ്ജ് ജൂലി മാത്യു എന്നിവർ പങ്കെടുക്കുന്നു.

ന്യൂ ജേഴ്‌സി: 21 വർഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത് മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ന് വൈകുന്നേരം നാലര മണിക്ക് ന്യൂ ജേഴ്സിയിലെ ഫോർഡ്‌സിലുള്ള റോയൽ ആൽബെർട്സ് പാലസിൽ നടക്കും.

കേരളത്തിൽ നിന്നെത്തുന്ന അങ്കമാലി എം എൽ എ റോജി എം ജോൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ന്യു യോർക്ക് കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ ഗസ്റ്റ് ഓഫ് ഹോണറും ഹ്യൂസ്റ്റനിൽ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും.
ഫ്ലോറിഡയിൽ നടന്ന പത്താം അന്താരാഷ്‌ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനിൽ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവർത്തനോദ്‌ഘാടനം നടക്കുന്ന ചടങ്ങാണ് മാർച്ച് ഒന്നിന് നടക്കുന്നത്.

പ്രസ് ക്ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എൻ എ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്എ, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെങ്ങുനിന്നുമുള്ള മാധ്യമപ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘടനാനേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും എന്ന് വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു.

പ്രസ് ക്ലബിന്റെ ന്യൂയോർക്ക് ചാപ്റ്റർ ആതിഥ്യമരുളുന്ന സമ്മേളനം പ്രൗഢോജ്വലമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസ് എന്നിവർ അറിയിച്ചു. വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പുത്തൻചിറ, ജോയിന്റ് സെക്രട്ടറി മാനുവൽ ജേക്കബ് കൂടാതെ എല്ലാ ന്യൂ യോർക്ക് ചാപ്റ്റർ അംഗങ്ങളും ചടങ്ങിന്റെ നടത്തിപ്പിനായി കൂടെയുണ്ട്.

ഉദ്‌ഘാടന സമ്മേളനത്തിൽ ഐ പി സി എൻ എ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, മറ്റ് അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ ഭാരവാഹികൾ, എന്നിവർ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരെയും ട്രഷറർ വിശാഖ് ചെറിയാൻ സ്വാഗതം ചെയ്തു.

കോൺഗ്രസിൽ നിന്നുള്ള യുവ എം.എൽ.എ . ആയ റോജി ജോൺ, 2016 ൽ അങ്കമാലിയിൽ നിന്ന് കേരള നിയമസഭയിലെ അംഗമായി. 2021 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ധേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ വിദ്യാർത്ഥി വിഭാഗമായ NSUI യുടെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിലും പ്രവർത്തിക്കുന്നു. അദ്ദേഹം ഐ പി സി എൻ എ പ്രവർത്തനങ്ങളിൽ എക്കാലവും ഭാഗമായിട്ടുണ്ട്.

ഇന്ത്യൻ ഫോറിൻ സർവീസിലെ 2002 ബാച്ചിലെ അംഗമാണ് ന്യു യോർക്കിൽ പുതുതായി ചാർജെടുത്ത ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ. ഇംഗ്ലീഷ്, റഷ്യൻ, ഹിന്ദി, ഒഡിയ ഭാഷകൾ സംസാരിക്കുന്നു. മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുടെ (ഇഎസി) സ്ഥിരം പ്രതിനിധി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ഇന്ത്യ-ടാൻസാനിയ ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്തപ്പെടുകയും ടാൻസാനിയയിലെ സാൻസിബാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസിൻ്റെ ആദ്യത്തെ വിദേശ കാമ്പസ് സ്ഥാപിക്കുകയും ചെയ്തു. കോൺസൽ ജനറൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ സമൂഹം ഉറ്റുനോക്കുന്നു.

ജഡ്ജി ജൂലി എ. മാത്യു ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ -3 യിൽ പ്രിസൈഡിംഗ് ജഡ്ജിയായി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത് . ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന അവർ അവർ കൗണ്ടിയിലെ ജുവനൈൽ ഇൻ്റർവെൻഷൻ ആൻഡ് മെൻ്റൽ ഹെൽത്ത് സ്പെഷ്യാലിറ്റി കോടതി സ്ഥാപിക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയും യുഎസിലെ ജുഡീഷ്യൽ ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതയുമാണ്. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഡെലവെയർ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടിയ അവർ ഫോർട്ട് ബെൻഡ് കൗണ്ടി ലിറ്ററസി കൗൺസിലിൻ്റെയും ഇന്ത്യ കൾച്ചർ സെൻ്ററിൻ്റെയും ഡയറക്ടർ ബോർഡ് അംഗമാണ്.

അനിൽ ആറന്മുള

RELATED ARTICLES

Most Popular

Recent Comments