Sunday, March 16, 2025
Homeഅമേരിക്കഅഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 60ഓളം പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി.

അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 60ഓളം പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്, പ്രധാനപാതയിൽ വെള്ളം കയറി.

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 60ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെപേർക്കാണ് മിന്നൽ പ്രളയത്തിൽ പരിക്കേറ്റതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. ബാഗ്ലാൻ പ്രവിശ്യയിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകൾ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അസാധാരണ കാലാവസ്ഥയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്. ഏപ്രിൽ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത പ്രളയങ്ങളിൽ നൂറിലധികം പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായിട്ടുള്ളത്. ബോർഖ, ബഗ്ലാൻ പ്രവിശ്യയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വക്താവ് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

200ലേറെ പേരാണ് മിന്നൽ പ്രളയങ്ങളിൽ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് രാത്രിയിലെ വെളിച്ചക്കുറവ് സാരമല്ലാത്ത രീതിയിൽ വെല്ലുവിളി സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് അഫ്ഗാനിസ്ഥാന്റ വടക്കൻ മേഖലയിലേക്കുള്ള പ്രധാനപാത അടച്ച നിലയിലാണുള്ളത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്.

ഓവ് ചാലികളിലൂടെ ഒഴുകി പോവാന്നതിലും അധികം ജലം മഴ പെയ്യുമ്പോൾ ഭൂമിയിലേക്ക് എത്തുന്നതിനേ തുടർന്നാണ് മിന്നൽ പ്രളയങ്ങളുണ്ടാവുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഏറ്റവും അപകടാവസ്ഥയിലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ പ്രളയം കൂടി വെല്ലുവിളിയാവുമ്പോൾ സാധാരണക്കാരുടെ ജീവിതമാണ് ഏറെ ബാധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments