Friday, December 27, 2024
Homeകേരളംശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (26/12/2024 )

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (26/12/2024 )

32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; മണ്ഡല മഹോത്സവത്തിന് സമാപനം;

ശബരിമല നട ഇന്ന് അടയ്ക്കും; ഡിസംബർ 30ന് തുറക്കും

ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിൽ നടന്നു.

രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

ബുധനാഴ്ച(ഡിസംബർ 25) വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്.

സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ബുധനാഴ്ച(ഡിസംബർ 25)ന് 62,877 പേരാണ് ദർശനത്തിനെത്തിയത്.


9773 പേർ ഇതിൽ സ്‌പോട്ട് ബുക്കിങ് വഴിയെത്തിയതാണ്. നട അടയ്ക്കുന്ന വ്യാഴാഴ്ച(ഡിസംബർ 26) ഉച്ചയ്ക്ക് 12 മണി വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി 19,968 പേർ എത്തിയെന്നാണ് കണക്ക്. ഇതിൽ 4106 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയതാണ്.

ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേടു വഴി ദർശനത്തിനെത്തിയത് 74,764 പേരാണ് എത്തിയത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയത്.

സുഗമമായ മണ്ഡലകാല തീർഥാടനം:മന്ത്രിക്ക് തന്ത്രിയുടെ അഭിനന്ദനം

ശബരിമല: ശബരിമല മണ്ഡലകാല തീർഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്റെയും അഭിനന്ദനം.

മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ച് അഭിനന്ദനം അറിയിച്ചത്.

തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി, പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞതായും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡംഗം എ. അജികുമാർ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പരാതിരഹിതമായ തീർഥാടനകാലം മൂന്നാരുക്കങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡല തീർഥാടന കാലമെന്നു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.

ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പ ഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു.

സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചു ലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താൽക്കാലികമായി ലഭ്യമായ കണക്ക്.

ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി.

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന്(ഡിസംബർ 26) നടക്കേണ്ട യോഗം എം.ടിയുടെ വിയോഗത്തെത്തുടർന്നാണ് മാറ്റിവച്ചത്. ഇരുപത്തിയെട്ടിന്റെ യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments