Saturday, November 23, 2024
Homeകഥ/കവിതനിഴൽപ്പാടുകൾ (കഥ) ✍ ശ്യാമള ഹരിദാസ്.

നിഴൽപ്പാടുകൾ (കഥ) ✍ ശ്യാമള ഹരിദാസ്.

ശ്യാമള ഹരിദാസ്.

ആകാശം മങ്ങി തുടങ്ങി നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു.

ഏകാന്തതയുടെ മൂടുപടത്തിൽ മിഥുൻ തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് ഉമ്മറത്തെ സെറ്റിയിൽ ഇരുന്നു കൊണ്ട് അകലേക്ക്‌ ദൃഷ്ടി പായിച്ചു.

വീടിനോട് ചേർന്ന് കിഴക്കേ അതിരിൽ രണ്ടു വാകമരങ്ങൾ ഉണ്ട്. രണ്ടിലും നിറയെ
പൂക്കളുണ്ട്. ദൂരെ റയിൽപ്പാളത്തിലൂടെ അലയടിച്ചു വരുന്ന തീവണ്ടി കിതപ്പോടെ സ്റ്റേഷനിൽ വന്നു നിന്നു. ആളുകൾ തിരക്കു പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ച കണ്ടിരിക്കാൻ നല്ല രസമാണ്.

മിഥുൻ മെല്ലെ എഴുന്നേറ്റു റൂമിലേക്കു നടന്നു. അവൻ ജനലഴികളിൽ പിടിച്ചു ചിന്താതീതനായി പുറത്തേക്ക് നോക്കി നിന്നു.

തൊട്ടപ്പുറത്തെ വീട്ടിലെ പെൺകുട്ടി ഒരു റോസാ പ്പൂവിനെ താലോലിച്ചുകൊണ്ട് ആരെയോ കാത്തു നിൽക്കുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന മൃദുലയുടെ ഓർമ്മകൾ ഒരു നിഴൽപ്പാടുപോലെ അയാളുടെ ഹൃദയത്തിലേക്കൊഴുകിയെത്തി.

പിന്നെ ഒട്ടും താമസിച്ചില്ല ധൃതിയിൽ ഡ്രസ്സ്‌ മാറ്റി വാതിൽ പൂട്ടി പുറത്തിറങ്ങി.

അയാൾ ഗേറ്റ് കടന്നു മുന്നോട്ടു നടന്നു. ചെമ്മണ്ണു നിറഞ്ഞ വെട്ടുവഴിയിലെത്തി. പുഴ ഒരു മരുപ്പരപ്പുപോലെ കിടക്കുകയാണ്. തീയലകൾ പൊട്ടിവിടരുന്ന മണൽപ്പരപ്പിനോട് മാപ്പു ചോദിച്ചുകൊണ്ട് ഒരു നീർച്ചാൽ അരികിലൂടെ ഒഴുകുന്നു.

മിഥുൻ ഓർത്തു. എവിടേക്കാണ് പോകേണ്ടത്. വഴി അറിയുന്നില്ല. ആരോടാണ് ചോദിക്കുക. ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു.

അപ്പോൾ പാടത്തിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഒരു പൊട്ടുപോലെ ഒരാൾ നടന്നു വരുന്നു. അല്പസമയം കൊണ്ട് ആ മദ്ധ്യവയസ്കൻ മിഥുന്റെ അടുത്തെത്തി.

മിഥുൻ അയാളെ ആപാദചൂഡo ഒന്നുനോക്കി ഒരു മന്ദസ്മിതത്തോടെ ചോദിച്ചു. ഇല്ലിമുറ്റം തറവാട് എവിടെയാ. ഇവിടെ നിന്ന് എത്ര ദൂരം പോകണം.

വെറ്റിലക്കറ പിടിച്ച പല്ലുകൾ പുറത്തേക്കു കാണിച്ചു മദ്ധ്യവയസ്ക്കൻ ചോദിച്ചു. നിങ്ങൾ ആരാണ്? എവിടെനിന്നു വരുന്നു.

മിഥുൻ പറഞ്ഞു. ഞാൻ കുറച്ചകലയിൽ നിന്നാണ് വരുന്നത്. ഈ വഴി ആദ്യമായാണ്.
ഇല്ലിമുറ്റത്തെ മൃദുല എന്റെ സുഹൃത്താണ് അവരെ ഒന്ന് കാണാനായി വന്നതാണ്.

മദ്ധ്യവയസ്ക്കൻ വഴി വിവരിച്ചു. നേരെ പോയാൽ ഒരു സ്കൂൾ ആണ്. അതിന്റെ അപ്പുറത്തുനിന്നും പാടത്തേക്കിറങ്ങി ഒരു ഊടു വഴി കയറിയാൽ ഇല്ലിമുറ്റത്ത് എത്താം.

അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു. പണ്ട് ഇല്ലിമുറ്റത്തുകാർ വലിയ ജന്മികളായിരുന്നു. ഈ ചുറ്റുപുറത്തുള്ള സ്ഥലമെല്ലാം അവരുടെ വകയായിരുന്നു.

അതൊക്കെ പറഞ്ഞിട്ടെന്താകാര്യം. അവിടുത്തെ കാരണവരായ ശങ്കരമേനോനും ഭവാനിയമ്മക്കും കൂടി രണ്ടു മക്കളായിരുന്നു. ഒരാണും ഒരു പെണ്ണും.

പെൺകുട്ടി നല്ല തങ്കം പോലുള്ള കൊച്ചായിരുന്നു. സൽസ്വഭാവി. എന്നാൽ ആൺകുട്ടിയോ ഒരു ദുർന്നടപ്പുകാരനും തെമ്മാടിയും ആയിരുന്നു. ശീട്ടു കളിച്ചും കള്ള് കുടിച്ചും, അനാശാസ്യ പ്രവർത്തനങ്ങളും മൂലം കടം കയറി പിടിച്ചു നിൽക്കാൻ കഴിയാതെ ആയി. ശങ്കര മേനോന്റെ മരണശേഷം ആ വീടാകെ നശിച്ചു.

കടക്കാർ വന്ന് ബഹളം കൂട്ടാനും ഭീഷണി മുഴക്കാനും തുടങ്ങിയപ്പോൾ മുരളി ഗത്യന്തരമില്ലാതെ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിച്ചു.

ഉള്ളതെല്ലാം വിറ്റുപെറുക്കി കടങ്ങളെല്ലാം വീട്ടിയത് ആ പെൺകൊച്ചായിരുന്നു.
പിന്നീടുള്ള വിവരമൊന്നും അറിയില്ല. ആ അമ്മയും മോളും അനാഥരായി. ഓരോ വിധിയെ. അയാൾ പറഞ്ഞു തീർത്തു.

മദ്ധ്യവയസ്ക്കന് പോകാനുള്ള വഴിയെത്തി. ഇല്ലിമുറ്റത്തേക്കുള്ള വഴി അയാൾ ചൂണ്ടികാട്ടി.

പത്തടി നടന്നാൽ വയലിന്റെ മറുകരയെത്തി, പിന്നെ ഒരു ഇടവഴി. അത് കയറി ചെല്ലുന്നതു നേരെ ഒരു കുന്നിന്റെ ചെരുവിലേയ്ക്കാണ്. അവിടെനിന്നു വലത്തോട്ടു തിരിഞ്ഞാൽ ആ വീടായി.

നേരെ എതിരെ തലയിൽ വിറകും ചുമന്ന് ഒരു സ്ത്രീ വരുന്നു. ഒന്നുകൂടി ഉറപ്പു വരുത്താനായി മിഥുൻ ആ സ്ത്രീയോട് ചോദിച്ചു.

മുഖത്തു പുച്ഛവും അവജ്ഞയും കലർന്ന ആ സ്ത്രീയുടെ പെരുമാറ്റത്തിൽ അവനു ശുണ്ഠി വന്നു. അത് പുറത്തു കാണിക്കാതെ ആ സ്ത്രീ ചൂണ്ടിക്കാണിച്ച വഴിയിലൂടെ അയാൾ നടന്നു.

നിലം പൊത്തിക്കിടക്കുന്ന പടിപ്പുര. ഇല്ലിമുള്ളുകൊണ്ട് കെട്ടി വച്ചിരിക്കുന്ന പടി.
ആകെ ആ വീടിന്റെ ശോചനീയാവസ്ഥ വിളിച്ചറിയിക്കുന്ന അന്തരീക്ഷം.

മിഥുൻന് കുറ്റബോധം തോന്നി. പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിൽ അയാൾ മൃദുലയെ മറന്നു. ഒരിക്കൽ പോലും അവളെ കുറിച്ച് ഓർത്തില്ല. അയാൾക്ക് പശ്ചാതാപം തോന്നി.

വർഷങ്ങൾക്ക് പിന്നിലേയ്ക്ക് ആ മനസ്സ് പാഞ്ഞു. തന്റെ കോളേജ് ജീവിതവും തന്റെ സഹപാഠിയായിരുന്ന മൃദുല എന്ന സുന്ദരിയായ പെൺകുട്ടിയും. വാർമഴവില്ലുപോലെ സൗന്ദര്യം വാർന്നൊഴുകുന്ന അവളിലേക്ക് തന്റെ മനസ്സ് ചേക്കേറിയതും ഇന്നലെ എന്നപോലെ തോന്നുന്നു.

പ്രഭുകുടുംബത്തിലെ അംഗമായ അവളും ദരിദ്രനായ താനും ഒരിക്കലും വിവാഹമെന്ന ബന്ധത്തിൽ കലാശി ക്കില്ലെന്നറിഞ്ഞിട്ടും അവർ പരസ്പരം അനുരാഗബദ്ധരായി.

നാളേറെ ചെന്നപ്പോൾ അവളുടെ വീട്ടിൽ ഈ പ്രേമബദ്ധം അറിയുകയും വലിയ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കുകയും ചെയ്തു. ദരിദ്രനും താഴ്ന്ന ജാതിക്കാരനുമായ തന്നെ അവർ ആളെ വിട്ട് തല്ലിക്കയും ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കുകയും ചെയ്തു.

പിന്നീട് പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. ഒരുപാട് സമ്പാദിച്ചു. അതിനിടയിൽ എല്ലാം മറന്നു.

ഈ കാലത്തിന്നിടയിൽ ഒരിക്കൽ പോലും അവളെ ഓർത്തില്ല. ഇപ്പോൾ അവൾ വിവാഹിതയും കുഞ്ഞുങ്ങളുമായി കഴിയുകയായിരിക്കുമോ?.

ഓരോന്നോർത്തു അയാൾ വീട്ടുവളപ്പിലേക്ക് കാലെടുത്തു വെച്ചു. വിശാലമായ പറമ്പിൽ മാവും, പ്ലാവും, പടുമരങ്ങളും പന്തലിച്ചു നിൽക്കുന്നു. അതിരുകളിൽ നിറയെ മുളങ്കൂട്ടങ്ങൾ. വൃക്ഷക്കൂട്ടങ്ങളിലിടയിലൂടെ ഓലമേഞ്ഞ ഒരു വീടും ചെത്തി തേയ്ക്കാത്ത മൺചുമരും, അഞ്ചു സെന്ററിൽ വളച്ചു കെട്ടിയ ഒരു വേലിയും കാണാം. അതാണ്‌ മൃദുലയുടെ വീട്.

ഒരു കാലത്ത് പ്രതാപത്തിന്റെ ഉച്ചാവസ്ഥയിൽ നിന്നിരുന്ന കുടുംബം.
ഇങ്ങിനേയും ഒരു വിധിയോ?.

അയാളുടെ കാലുകൾക്ക് വേഗത കുറഞ്ഞു. കരിയിലകൾ വീണു കിടക്കുന്ന വഴിയിലൂടെ അയാൾ ആ വീട്ടിന്റെ മുറ്റത്തേയ്ക്ക് നടന്നു. കാൽ ചുവട്ടിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു.

തനിക്ക് കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല, അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നപോൽ തോന്നി.

ഉമ്മറക്കോലായിലേയ്ക്ക് കയറിയ അയാൾ വിളിച്ചു ചോദിച്ചു. ഇവിടെ ആരുമില്ലേ.

മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ കുറച്ച് കൂടി ഉച്ചത്തിൽ അയാൾ വിളിച്ചു.

അല്പ നിമിഷത്തിനുശേഷം എല്ലുകൾ പുറത്തേക്കുന്തി ശോഷിച്ച് വെള്ളികമ്പികൾ പോലുള്ള ശിരസ്സുമായ ഒരു കിഴവി വാതിൽ മറയിൽ വന്നു നിന്ന് തല അല്പം പുറത്തേക്ക് നീട്ടി ചോദിച്ചു.

ആരാ? എന്തു വേണം?.
ആ രൂപം കണ്ട് അയാളിൽ സഹതാപം പൊട്ടി മുളച്ചു. അയാളുടെ ചുണ്ടുകൾ വരണ്ടു. ശബ്ദം പുറത്തു വരുന്നില്ല.

മൃദുല ഇവിടെ ഇല്ലേ? എനിക്ക് ഒന്നു കാണണമായിരുന്നു. ഒന്നു വിളിക്കാമോ? പതറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു.

ആ സ്ത്രീ അല്പം മാറിനിന്ന് മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു. വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം അവരുടെ ഓർമ്മയിൽ മിന്നി മറഞ്ഞു. അവർ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു. പൊട്ടി പിളരുന്ന വേദനയോടെ ആ സ്ത്രീ അവനു നേരെ കൈകൂപ്പി.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. മിഥുന്റെ ക്ഷമ നശിച്ചു. പരവേശം കൊണ്ട് ദേഹമാകെ പുളയുന്നു. വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീഴുന്നു.

ആ സ്ത്രീയുടെ ചുണ്ടിൽ നിന്നും ഒരു നനുത്ത ശബ്ദം അടർന്നു വീണു. ദാ അവിടെ….. അകത്തേക്ക് ചൂണ്ടികൊണ്ട് അവർ പറഞ്ഞു. അയാൾക്കൊന്നും മനസ്സിലായില്ല. അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കൊരു ഓട്ടമായിരുന്നു.

അവിടെ കണ്ട രൂപത്തെ കണ്ട അയാൾ ഞെട്ടി വിറച്ചു.
ചാണകം മെഴുകിയ തറയിൽ അങ്ങിങ്ങു കീറിയ പായയിൽ എല്ലും തോലുമായി ഉണങ്ങിക്കരിഞ്ഞ രൂപത്തെ കണ്ട അയാൾ ഞെട്ടി വിറച്ചു.
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇത് അവൾ തന്നെയോ? അയാൾക്ക് വിശ്വസിക്കാനാകുന്നി
ല്ല.

മുറിയിൽ നിന്നും വമിക്കുന്ന ദുർഗ്ഗന്ധം അയാളുടെ മൂക്കിലൂടെ തുളച്ചു കയറി. അയാൾ മെല്ലെ വിളിച്ചു മൃദുലേ……. അയാളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ മിഴിനീർ അവളുടെ കവിളിൽ പതിച്ചു.

ഇതൊന്നും അറിയാതെ ആ വിളി കേൾക്കാനാകാതെ എല്ലാം നഷ്ടപ്പെട്ട് ഒരു മരപ്പാവ കണക്കെ ആ നാല് ചുമരുകൾക്കിടയിൽ കിടക്കുന്ന അവൾക്ക് അയാളെ കാണുവാനോ ഒന്നു മിണ്ടുവാനോ കഴിയുമായിരുന്നില്ല. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുകയാണവൾ.

ഈ ഒരു രംഗത്തിനു സാക്ഷിയാകേണ്ടി വന്ന അയാളുടെ മനസ്സിലേക്ക് വേറൊരു കൂരമ്പുകൂടി തുളച്ചു കയറി. വൃദ്ധയായ ഒരു മാതാവിന്റെ പരിതാപകരമായ വേദനയും അതിൽ നിന്നും ഉടലെടുത്ത നിസ്സഹായ അവസ്ഥയും.

ആ വേദനാജനകമായ അന്തരീക്ഷം കണ്ടു നിൽക്കാനാകാതെ കൊച്ചു കുഞ്ഞിനെ പോൽ വിതുമ്പികരഞ്ഞു കൊണ്ടായാൾ വേച്ചു വേച്ചു പുറത്തേക്കു നടന്നു. പോകുമ്പോൾ ഒരു കെട്ട് നോട്ടുകൾ ആ വൃദ്ധയുടെ ശുഷ്‌ക്കിച്ച കരങ്ങളിൽ വെച്ചു കൊടുത്തു. പിന്നെ അലക്ഷ്യനായി എങ്ങോട്ടെന്നില്ലാതെ നടന്നു.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments