വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ആ ഔദ്യോഗിക വേഷം ധരിച്ചാണ് മേപ്പാടി ക്യാമ്പിലെത്തിയത്.
‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവർത്തനത്തെ നയിച്ച എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.
മുമ്പും നമ്മൾ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ ഈ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്,’ എന്നാണ് മോഹൻലാൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.സൈനിക യൂണിഫോമിലെത്തിയ മോഹൻലാലിനെ സൈന്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ 25 ലക്ഷം രൂപ മോഹൻലാല്‍ സഹായധനം നൽകിയിരുന്നു. അതിനിടെ മോഹൻലാൽ ധനസഹായം ഒന്നും നൽകിയില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു.