Monday, November 25, 2024
Homeകഥ/കവിതബിബിസി നബീസിത്തയുടെ രോദനം ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ബിബിസി നബീസിത്തയുടെ രോദനം ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

അതിരാവിലെ തന്നെ എണീറ്റ് സുബ്ഹി നമസ്കരിച്ച് ഒരു കട്ടൻ കാപ്പി ഇട്ടു കുടിച്ച് 2 സെൻറ് ഭൂമിയിലെ കൊച്ചു പുര പൂട്ടി ഹാജിയാരുടെ വീട്ടിലെ പുറം പണിക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവില്ലാതെ നബീസയുടെ കുത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. “ഹെന്റെ പടച്ചോനേ! ഇതെന്താ ഇപ്പൊ രാവിലെ തന്നെ ഫോൺ ബെൽ അടിക്കുന്നത്. ഇതാരാണപ്പാ ഇത്ര രാവിലെ തന്നെ. ആരെങ്കിലും മയ്യത്ത് ആയോ? കൊറോണക്ക് ശേഷം കുഴഞ്ഞുവീണ് മരിക്കണ ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല…. അതാ കാലം….”

ഈ ആശങ്കയോടെ നബീസ ഫോൺ എടുത്തപ്പോൾ അങ്ങേ തലയ്ക്കൽ ജമീലുമ്മയാണ്. ”എന്താ ഉമ്മാ ഇത്ര രാവിലെ? എന്തെങ്കിലും അത്യാഹിതം ഉണ്ടായോ? “ എന്ന് ചോദിച്ചപ്പോൾ ജമീലുമ്മ പറഞ്ഞത് “ഒരു അത്യാഹിതം ഉണ്ടായിരിക്കണ് . നീയതറിഞ്ഞിട്ടും എന്നോട് എന്തേ പറയാഞ്ഞത് എന്ന് അറിയാൻ വിളിച്ചതാണെന്ന്. “

ഹെന്റെ റബ്ബേ! എന്താ ഉണ്ടായത് എന്ന് ഒറ്റശ്വാസത്തിൽ ചോദിച്ചു നബീസ.കാരണം നബീസ അറിയാതെ ഒരു ഇല പോലും അനങ്ങാത്ത നാടാണ് ഇരിഞ്ഞാലക്കുടയിലെ ആസാദ് റോഡ്. അപ്പോഴാണ് ജമീലുമ്മ പറയുന്നത് അന്നാട്ടിലെ ഏറ്റവും പുരാതന കുടുംബവും സമ്പന്നരുമായ അമീർ തറവാട്ടിലെ ഏറ്റവും ഇളയ സന്തതി ഓസ്ട്രേലിയയിൽ ഒരു ക്രിസ്ത്യാനി മദാമ്മ പെണ്ണിനെ കല്യാണം കഴിച്ചിരിക്കുന്നുവത്രേ!

സത്യമായിട്ടും താനിത് അറിഞ്ഞില്ല.ഇപ്പ, ജമീലുമ്മ പറഞ്ഞപ്പോഴാണ് അറിയുന്നത് എന്ന് നബീസ ആണയിട്ടു പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു കോൾ എത്തി. ഫാത്തിമാ, ഷഹനാ, തങ്കച്ചി, ശശികല…..തുടരെ തുടരെ ആറേഴ് കോൾ വന്നു. “നബീസ അറിഞ്ഞില്ലേ , ഈ വിവരം നീ എന്തേ ഞങ്ങളോട് ഇത് ഒളിച്ചുവെച്ചു” എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എല്ലാവരോടും മറുപടി പറഞ്ഞു നബീസിത്തയുടെ തൊണ്ട വരണ്ടു.ഒരു കട്ടൻ കാപ്പി കൂടി ഇട്ടു കുടിച്ചു ബിബിസി നബീസ ഹാജിയാരുടെ വീട്ടിലേക്ക് വച്ചു പിടിച്ചു. കാലുകൾ നീട്ടി വെച്ച് നടക്കുമ്പോഴും വാർത്താവിതരണ രംഗത്ത് ആരാണ് തന്നെ മറികടന്നതെന്ന ചിന്ത നബീസയെ അലട്ടികൊണ്ടേയിരുന്നു.സമ്പന്ന വീടുകളിലെ വീട്ടു പണി ചെയ്യുമ്പോൾ ജോലിയിലെ വിരസതയകറ്റാൻ അങ്ങാടിപ്പാട്ടായ അരമന രഹസ്യങ്ങൾ, ചിലരുടെ അവിവിഹിതബന്ധങ്ങൾ, മദ്യപാനം, നാട്ടു വിശേഷം, ചെറുപ്പക്കാരുടെ പ്രേമ നാടകങ്ങൾ,അങ്ങനെയങ്ങനെ എല്ലാ വിശേഷങ്ങളും ‘ഇത് രഹസ്യം ആയിരിക്കണം. ഈ മുറിയിൽ നിന്നും പുറത്തു പോകരുത്’ എന്നും പറഞ്ഞ് വീടുവീടാന്തരം പറയുന്ന പതിവ് നബീസിത്തയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഇത് നബീസയ്ക്ക് ജീവിതത്തിലാദ്യമായി ഏറ്റ പ്രഹരമായിരുന്നു. തന്റെ നാട്ടിലെ ഇത്രയും പ്രധാനപ്പെട്ട ഒരു വിവരം മറ്റൊരാൾ പറഞ്ഞ് താനറിയുക.

ജമീലുമ്മയെ കണ്ടപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടിയത്. ചെറുക്കൻ കല്യാണം കഴിച്ചു കഴിഞ്ഞ് അവൻറെ പ്രേമ സല്ലാപങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും റീൽസ് ആയും ഇട്ടിരിക്കുന്നു എന്ന് ജമീലുമ്മയുടെ മരുമകൾ പറഞ്ഞത്രേ!

മരുമകൾ പുതിയ സ്മാർട്ട് ഫോൺ വാങ്ങിയപ്പോൾ പഴയത് തനിക്ക് ഫ്രീയായി തന്നതായിരുന്നു.പക്ഷെ രണ്ട് ദിവസം കുരങ്ങൻറെ കയ്യിൽ പൊതിയാതേങ്ങ കിട്ടിയതുപോലെ അതുവെച്ച് ‘എനിക്ക് ഈ കുന്ത്രാണ്ടം ഒന്നും വേണ്ട മോളെ” എന്ന് പറഞ്ഞു തിരിച്ചുകൊടുത്തത് ഓർത്തു നബീസിത്ത അന്ന് ആദ്യമായി ദുഃഖിച്ചു. തന്റെ സ്ഥാനം തട്ടിയെടുത്ത ഫേസ്ബുക്കിനെയും വാട്സാപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും പ്‌രാകി എങ്കിലും എത്രയും വേഗം അത് പഠിച്ചെടുക്കാൻ ആയി നബീസിത്ത ഒരുങ്ങി.ഇനി ഇതുപോലുള്ള അവസ്ഥ തനിക്ക് ഉണ്ടാകരുത് എന്ന് ഉറപ്പിച്ച് ജമീലുമ്മയുടെ മരുമകളുടെ മുന്നിൽ അനുസരണയുള്ള കുട്ടിയായി വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, റീൽസ്, സ്റ്റാറ്റസ്, ഇൻസ്റ്റാഗ്രാം ഇതൊക്കെ പഠിക്കാനായി മരുമകൾക്ക് ശിഷ്യപ്പെട്ടു. സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാൻ പഠിക്കാത്ത ഒറ്റ കാരണം കൊണ്ട് ഇത്രയും പേരുടെ മുമ്പിൽ ചെറുതാവുക, ഹോ! ആലോചിച്ചിട്ട് തന്നെ നബീസയ്ക്ക് സഹിക്കാൻ പറ്റിയില്ല. തന്റെ സ്ഥാനം കയ്യടക്കാൻ താൻ ആരെയും അനുവദിക്കുകയില്ല അങ്ങനെ ഇപ്പോൾ ഒരാൾക്കു മുമ്പിലും തോറ്റു കൊടുക്കാൻ നബീസിത്തയ്ക്ക് മനസ്സില്ലായിരുന്നു. 😜 വേണമെന്ന് വച്ചാൽ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടില്ലേ? ഒറ്റ ദിവസം കൊണ്ട് നബീസ സ്മാർട്ട്‌ ഫോണിന്റെ എല്ലാ കിടുതാപ്പുകളും പഠിച്ചെടുത്തു. പോരാത്തതിന് അന്ന് തന്നെ മരുമകൾ OTT യിൽ റിലീസ് ചെയ്ത “HOME “ എന്ന സിനിമ നബീസിത്തയ്ക്ക് കാണിച്ചു കൊടുത്തു. അതും കൂടി കണ്ടതോടെ ആൾ ഡബിൾ ഓക്കേ. 😜 എന്നാലും വീട്ടിൽ തിരിച്ചെത്തിയിട്ടും ഒരുറക്കം കഴിഞ്ഞപ്പോൾ നബീസിത്ത കിടക്കപ്പായിലിരുന്ന് മരുമകൾ കൊടുത്ത സ്മാർട്ട്‌ ഫോൺ ഓണാക്കി ഫേസ്ബുക്, വാട്സ്ആപ്പ്, സ്റ്റാറ്റസ്, dp, ഇൻസ്റ്റാഗ്രാം…….എല്ലാം ഒന്നുകൂടി മന:പാഠമാക്കി.😜

പിന്നല്ല! നബീസയോടോ നിന്റെയൊക്കെ കളി?ഇതല്ല ഇതിന്റെയപ്പുറം ചാടി കടന്നവളാണ് ഈ നബീസിത്ത……😜

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments