Saturday, July 20, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ഏഴാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ഏഴാം വാരം)

സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)പൊതു അറിവ് (B)നാക്കുളുക്കി
(C)പദ്യം (D)സ്റ്റാമ്പ് കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലൊ…. ല്ലേ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) പൊതു അറിവ്

നാനാർത്ഥം

1)അർത്ഥം – ധനം, വാക്കിന്റെ പൊരുൾ, നിവൃത്തി, കാര്യം

2)അല – അലയുക, അലക്കുക, തിര, ഓളം

3)അലങ്കാരം – ആഭരണം, ഭംഗിവരുത്തൽ, അലങ്കാരശാസ്ത്രം , കാവ്യത്തിന്റെ ചമത്ക്കാരം

4)അവരോധം – വിരോധം, തടസ്സം, ഉന്നതസ്ഥാനത്തു വാഴിക്കൽ

5)അഹം – ഞാൻ, അഹംഭാവം, ആത്മാവ്

6)ആകരം – സ്ഥലം, ഈടുവെപ്പ്, കൂട്ടം, ഏറ്റവും നല്ലത്

7)ആഗമം – വരവ്, ഉൽപ്പത്തി, വേദം, സന്ധിയിൽ ഒന്ന്

8)ആതപം – ചൂട്, വെയിൽ, പ്രകാശം

9)ആദർശം – കണ്ണാടി, മാതൃക, ഉൽകൃഷ്ട ലക്ഷ്യം

10)ആയ – വളർത്തമ്മ, ദാസി, വന്നുചേർന്ന

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചകളുടെ തുടർച്ച യായി ഈ വാരത്തിലും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ ആഴ്ചകളിലെ ചൊല്ലി നോക്കിയോ..?

ഫലിതം പലതും പലരും പറയും
പലതും ഫലിതം പറയും പലരും
പലരും പറയും ഫലിതം പലതും
പറയും പലരും പലതും ഫലിതം

📗📗

👫C) പണ്ടേ പ്രചാരത്തിലുള്ള പദ്യങ്ങൾ (5)

ഹായ് കുട്ടീസ് ഈ വാരവും നമുക്ക് പണ്ടേ നാട്ടിൽ പാടുന്ന കുട്ടി കവിതകളിൽ ഒന്ന് കൂടി വായിക്കാം… ട്ടോ ഈ ആഴ്ചയിലും അമ്മയെ കുറിച്ചൊരു കവിതയാണ്‌ കുട്ടീസ്. 😍

അമ്മ

അമ്മതന്‍ ഉമ്മ മറന്നുപോയോ
അമ്മിഞ്ഞപാല് നുകര്‍ന്ന മധുരവും
നെഞ്ചിലെ ചൂടും മറന്നുപോയോ
ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍
തുറന്നു
നെഞ്ചോടു ചേര്‍ത്തെന്നെ
വാരിപ്പുണര്‍ന്നു
നെറ്റിയില്‍ തെരുതെരെ ചുംബനം
തന്നു
അമ്മതന്‍ ആനന്ത കണ്ണീരു
വീണെന്റെ
പിഞ്ചിളം കവിളു നനഞ്ഞു
കുതിര്‍ന്നു
അമ്മ എന്നുള്ള
രണ്ടക്ഷരത്തിന്നുള്ള
വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു
അഴകുള്ള പുവുണ്ട് പുവിന്നു
മണമുണ്ട്
പീലി വിടര്‍ത്തുന്ന മയിലുമുണ്ട്
പിഞ്ചിളം കൈകളാല്‍
വാരിക്കളിക്കുവാന്‍
മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്
പുഴയിലൊരില വീണ നിമിഷത്തില്‍
തെരുതെരെ
ഞ്ഞൊറികളായലകളായ്
അതിമധുരം
സന്ധ്യയിലെ മാനത്ത് മിന്നുന്ന
താരകള്‍
പുങ്കാവനത്തിലെ പൂമരം പോല്‍
ചന്ദ്ര ബിംബത്തിന്റെ
പ്രഭയില്‍നിന്നുതിരുന്ന
കുളിരുമായി മാരുതന്‍ വീശിടുന്നു
പകരമാവില്ല ഈ സൌന്ദര്യം
ഒന്നുമെൻ
അമ്മതൻ സ്നേഹമാം പുഞ്ചിരിക്ക്
പകരം കൊടുക്കുവാനെന്തുണ്ട്
എന്‍ കയ്യി-
-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്
അമ്മയുടെ ഓമനയായി വളരണം
അമ്മക്ക് തണലായി മാറീടണം
അമ്മയോടുള്ളതാം സ്നേഹം
മുഴുവനും
അമൃത് പോല്‍ അമ്മയെ ഊട്ടീടണം
അമ്മയെന്നുള്ള രണ്ടക്ഷരം
ഹൃദയത്തില്‍
മന്ത്രം പോല്‍
എന്നെന്നുമുരുവിടണം

📗📗

👫D) സ്റ്റാമ്പിന്റെ കഥ (18)

വി.കെ.കൃഷ്ണമേനോന്‍

1997-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ 2 രൂപ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.

ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വി.കെ.കൃഷ്ണമേനോന്‍. കോഴിക്കോട്ടെ പന്നിയങ്കരയില്‍ നിന്നും അദ്ദേഹം വിശ്വ പൗരനായി വളര്‍ന്നു ആരേയും കൂസാത്ത ഓറ്റയാനായി നില നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശത്തും നാട്ടിലും പ്രവര്‍ത്തിച്ചു.
പ്രക്ഷോഭരംഗത്തും നയതന്ത്രരംഗത്തും ഭരണരംഗത്തും പ്രാഗത്ഭ്യത്തിന്‍റെ മുദ്ര പതിപ്പിച്ചു. വാഗ്വാദങ്ങള്‍ക്കും തര്‍ക്ക വിഷയങ്ങള്‍ക്കും വഴിമരുന്നിട്ടു. വിവാദപുരുഷനായിത്തീരുക, മിത്രങ്ങളേയും ആരാധകരേയും എന്നപോലെ എതിരാളികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുക, ആരെയും കൂസാതെ അമിതപ്രഭാവം കൊണ്ടുമാത്രം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക – ഇതൊക്കെ സാധിച്ച അസാധാരണനാണ് വി.കെ.കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.ഐക്യരാഷ്ട്രസഭയിൽ ഒരു ഭൂകമ്പമാപിനിയുടെ സൂക്ഷ്മതയോടെയായിരുന്നു വി.കെ. കൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നത്. ലോകകാര്യങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ പോലും അദ്ദേഹത്തിന്റെ ബുദ്ധിയുടെ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തപ്പെട്ടു.അന്തർദേശീയ രാഷ്ട്രീയവും അവിടെയുള്ള സൂക്ഷ്മചലനങ്ങളും ക്രാന്തദർശിയെപ്പോലെ വിലയിരുത്തിയ മേനോനെ 1952 മുതൽ 62 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ തലവനായി നിയോഗിക്കാനിടയായി. കൊറിയൻ പ്രശ്നത്തിൽ ഇടപെട്ടുകൊണ്ടാണ് മേനോൻ യു.എന്നിൽ ശ്രദ്ധനേടിയത്. ചൈന- യു.എസ്. തർക്കം, സൂയസ്കനാൽ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ മേനോന്റെ ഇടപെടൽ ലോകശ്രദ്ധയാകർഷിച്ചു. ചരിത്ര പിൻബലവും രാഷ്ട്രീയയാഥാർഥ്യവും നിരത്തി 1955-ൽ കശ്മീർവിഷയത്തിൽ മേനോൻ യു.എന്നിൽ നടത്തിയ എട്ടുമണിക്കൂർ പ്രസംഗം ഗിന്നസ് ബുക്കിൽ ഇടംനേടി. രാജ്യത്ത് മേനോന്റെ വിമർശകരുടെ വായടപ്പിക്കുന്ന സംഭവമായി ഇത് മാറി.

സെന്റ് പാൻ‌ക്രിയാസ് (ലണ്ടൻ) അദ്ദേഹത്തിന് ‘Freedom of the Borough’ എന്ന ബഹുമതി സമ്മാനിച്ചു. ബർണാർഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്.ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ 2 പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ആജീവനാന്തം അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (21)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments