പ്രിയമുള്ളവരേ ….
‘ഈ ഗാനം മറക്കുമോ’ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
1967-ൽ നിർമ്മിച്ച ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്നപടത്തിലെ ‘താമരക്കൂമ്പിളല്ലോ മമ ഹൃദയം’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. പി ഭാസ്കരൻറെ വരികൾക്ക് എം എസ് ബാബുരാജ് ഈണം നൽകി ഭീം പ്ലാസി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് അറുപതുകളിൽ സംഗീതലോകത്ത് വന്ന് 2024 ലും സ്വരമാധുരി നഷ്ടമാവാത്ത നമ്മുടെ ഇഷ്ടഗായിക എസ് ജാനകി. ദേവാ.. എന്ന ആലാപനം മാത്രം മതി ആ ഗാനത്തെ വിലയിരുത്താൻ.
“താമരക്കൂമ്പിളല്ലോ മമ ഹൃദയം”
എത്ര മനോഹരമാണ് ആ വരികൾ! എത്ര പവിത്രമാണ് ആ വരികൾ!
എൻറെ ഹൃദയം ഒരു താമരപ്പൂവാണ് എന്ന് പറഞ്ഞിരിക്കാം. എൻറെ ഹൃദയം താമരമൊട്ടാണ് എന്നും പറഞ്ഞിരിക്കാം. പക്ഷേ താമരക്കൂമ്പിളല്ലോ മമ ഹൃദയം എന്ന് പാടാൻ ഒരു പി ഭാസ്കരനേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. നാളെ പലരും പടിയേക്കാം. പക്ഷേ അന്ന് ആ അറുപത്തിയേഴ് കാലഘട്ടത്തിൽ പാടിയതിനോളം മധുരം ഒരിക്കലും കിട്ടില്ല. എത്രയെത്ര പെൺകുട്ടികൾ എത്രയെത്ര വേദികളിൽ പാടി ആസ്വാദകരെ കോരിത്തരിപ്പിച്ചു ഈ ഗാനം.
പ്രിയമുള്ളവരേ …
ഇത് കേവലം ഒരു ഗാനമല്ല. ഇതൊരു ഹവിസ്സാണ്. ഒരു സങ്കീർത്തനമാണ് ! വരികളിലേക്ക് വരൂ . നമുക്ക് കാണാം വരികളിലെ പുണ്യം.
ദേവാ – ദേവാ – ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം – ഇതില്‍
താതാ നീ സംഗീത മധുപകരൂ
താമരക്കുമ്പിളല്ലോ മമഹൃദയം – ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ – ദേവാ – ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ – ദേവാ – ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം
എത്ര ലളിതമധുരമായ വരികൾ! ഭൂമി ഒരു ഉദ്യാനമാണ്. ദൈവം അതിലെ ഉദ്യാനപാലകനും. മനോഹരമായ സങ്കൽപം. കാനനശലഭത്തിൻറെ കണ്ഠത്തിൽ നിറച്ചുവെച്ചത് “വാസന്ത കാകളി”. ഇങ്ങിനെ ആദ്യം പറഞ്ഞതും പി ഭാസ്കരനായിരിക്കാം. നമുക്ക് താമരക്കൂമ്പിളല്ലോ എന്ന ഗാനം ഒന്ന് കേൾക്കാം
പാട്ട് എല്ലാവർക്കും ഇഷ്ടമായല്ലോ. ഒരു കാലഘട്ടത്തിന്റെ ഗാനമാണിത്. കാലം നെഞ്ചോട് ചേർത്ത ഗാനം. കാലത്തിനെ വെല്ലുന്ന ഗാനം.
മലയാളി മനസ്സിന്റെ ഗനശേഖരങ്ങളിലേക്ക് ഒരു മുത്ത് കൂടി സമർപ്പിക്കുന്നു.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.🌹