Sunday, December 8, 2024
Homeകഥ/കവിതഒരേകണ്ണുകൾ (കവിത) ✍ ശ്രീ മിഥില

ഒരേകണ്ണുകൾ (കവിത) ✍ ശ്രീ മിഥില

ശ്രീ മിഥില

ഇനിയൊരു ജന്മത്തിൽ
ഒരേകണ്ണിലെ
കണ്ണിമകളാവണം നമുക്ക്.

ഓരോ മിടിപ്പിലും നിന്നെ
തൊട്ട് പോകുന്ന”മേൽക്കണ്ണിമ”
ഞാൻ ;
നീയോ, ഒരു കണ്ണകലത്തിൽ
എന്നെയേറ്റുന്ന “കീഴ്ക്കണ്ണിമ”

പകലുണരുമ്പോൾ
ഒരേകാഴ്ചകളുടെ,
നോവുകളുടെ, ആനന്ദത്തിന്റെ
കൂട്ടിരിപ്പുകാരാവണം .
ഞാനുണ്ടെന്നൊരു
ചുംബനത്താൽ കണ്ണുകളെ
മൂടണം .
ഒരേസ്വപ്നത്തിലേക്കുറ്റുനോക്കണം.

ഉള്ളു പൊള്ളുമ്പോൾ
നിന്നിലേക്കാഞ്ഞ്
കൺപീലികൾ കൊരുക്കണം .
കണ്ണീരിൻ നനവ് പകുത്തെടുക്കണം .
തളർച്ചയിൽ നിന്നെയാലിംഗനം
ചെയ്ത് ഒരൊറ്റയിമയനക്കത്തിൻറെ
തലോടലാവണം.

ഒടുക്കം,
ആയുസ്സസ്തമിക്കുന്നൊരു
പുലർച്ചയിൽ
വേർപെടാനാവാത്തൊരു
നിദ്രയിലേക്കാണ്ടുപോകണം.

ശ്രീ മിഥില✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments