🔹 മില്‍മ തിരുവനന്തപുരം യൂണിയന് കീഴില്‍ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കും. സമരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്നലത്തെ മൂന്നാമത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ തൊഴിലാളികളോട് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രമോഷന് നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി-സിഐടിയു യൂണിയനുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
🔹അദാനിയും അംബാനിയും ടെമ്പോയില്‍ കള്ളപ്പണം നല്‍കിയെന്ന് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരേ സി.ബി.ഐയുടേയും ഇ.ഡിയുടേയും അന്വേഷണം എപ്പോള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണം കൊണ്ട് നിര്‍മിച്ച രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ ഗൗതം അദാനിക്ക് കൈമാറാന്‍ എത്ര ടെമ്പോ ആവശ്യമായി വന്നുവെന്നും രാഹുല്‍ മോദിയോട് ചോദിച്ചു.
🔹സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും.
🔹തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലേബര്‍ കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
🔹കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദനം നേരിട്ടെന്ന് യുവതി. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും, ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു എന്നും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടിലുള്ള ആരും വഴക്കില്‍ ഇടപ്പെട്ടില്ല. എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും യുവതി ആരോപിച്ചു. വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി.
🔹കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🔹സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു . മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
🔹പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികള്‍ നാളെ തുടങ്ങും. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
🔹ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം. നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാര്‍ ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ ഒന്നിന് ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.
🔹പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
🔹ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന് ആഗ് എന്ന പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുന്നു. സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധന തുടരുകയാണ്.
🔹തിരുവനന്തപുരത്ത് മോഷണ സംഘത്തിന്റെ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയും ഭര്‍ത്താവും മോഷ്ടാക്കളുടെ മര്‍ദനത്തിനിരയായി. കഴിഞ്ഞദിവസം രാത്രി കണ്ണനൂരിലാണ് സംഭവം നടന്നത്. നടുറോഡില്‍ നടന്ന ആക്രമണത്തില്‍ ആക്രമണത്തിനിരയാവരെ രക്ഷിക്കാനെത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പണം അപഹരിച്ചു.
🔹കാസര്‍ഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന് പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്.കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുത്തച്ഛൻ മുൻവാതിൽ തുറന്നാണ് പശുവിനെ കറക്കാൻ പോയത്. പശുവിനെ കറന്ന് തിരിച്ചു വന്നപ്പോൾ കുട്ടിയെ കണ്ടില്ല. അടുക്കളവാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയയാള്‍ കുട്ടിയെ തൊട്ടടുത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കുട്ടി വിവരമറിയിക്കുകയായിരുന്നു. മലയാളം സംസാരിക്കുന്നയാളാണെന്നാണ് കുട്ടി പറയുന്നത്.
🔹കോയമ്പത്തൂരില്‍ 26 പുള്ളിമാനുകളെ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയില്‍ ആണ് ഇത്രയും നാള് മാനുകളെ പാര്‍പ്പിച്ചിരുന്നത്. 10 ആണ് മാനുകളെയും 11 പെണ് മാനുകളെയും അഞ്ച് മാന്‍ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.
🔹ഐപിഎല്ലില്‍ ലഖ്നൗവ് ജയന്റ്സിന് ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 19 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനെത്തിയ ഡല്‍ഹി 58 റണ്‍സെടുത്ത അഭിഷേഖ് പോറലിന്റേയും 57 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സിന്റേയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 ണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 27 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 33 പന്തില്‍ 58 റണ്‍സെടുത്ത അര്‍ഷദ് ഖാന്റേയും മികവില്‍ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കെ ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്തായി. ഇതോടെ ഡല്‍ഹിയുടേയും ലഖ്നൗവിന്റേയും പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന് 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവലില് രണ്ടാം സ്ഥാനത്താണ്. ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള 13 മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്.
🔹ഭ്രമയുഗത്തിനുശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെ എം ഇന്ഫോട്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലുക്മാന് നായക വേഷത്തില്‍ എത്തി 2021 ല്‍ പുറത്തിറങ്ങിയ നോ മാന്‍സ് ലാന്‍ഡ് എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്. വിജയരാഘവന്, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.