‘രംഗനത്തിട്ട് പക്ഷി സങ്കേതം’ (Ranganathittu Bird Sanctuary)
കൂടുകെട്ടാനും പ്രജനനത്തിനുമായി സൈബീരിയ , ലാറ്റിൻ അമേരിക്ക ,റഷ്യ, —– നിന്നും എത്തിയിട്ടുള്ള പക്ഷികളുടെയും അവരുടെ ആ ‘ചിലപ്പ്’ കേൾക്കാനും ഒരു രസമാണ്. എന്നാൽ ‘ചിലക്കുന്ന’ കാര്യത്തിൽ ഞങ്ങളും ഒട്ടും മോശമല്ല എന്ന മട്ടിലാണ് വിനോദയാത്രയുടെ ഭാഗമായി ബസ്സിൽ വന്നിറിങ്ങിയ കുട്ടികളും. മൈസൂരിൻ്റെ ഏതു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചെന്നാലും പിക്നിക്കിനായിയുള്ള സ്കൂൾ കുട്ടികളെ കാണാം. മൈസൂരിലെ പ്രധാന പട്ടണത്തിൽ നിന്നും ഏകദേശം ഇരുപത് കി.മീ ദൂരെയായിട്ടാണ് ഈ സ്ഥലം.
എൻ്റെ മൈസൂർ യാത്രയിൽ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയ സ്ഥലമാണിത്. പലപ്പോഴും ഇതുപോലെയുള്ള സ്ഥലങ്ങൾ ഇതിനു മുൻപ് സന്ദർശിച്ചിട്ടുണ്ടെങ്കിലും , ‘ഞങ്ങളെ കാണണമെങ്കിൽ പുലർക്കാലെയോ അല്ലെങ്കിൽ വൈകുന്നേരം തീറ്റ തേടാനിറങ്ങുമ്പോൾ വേണമെങ്കിൽ നിന്ന് നോക്കിയേക്ക് എന്ന മട്ടാണ്, പക്ഷികൾക്ക് .’ പ്രത്യേകിച്ച് ആരെയും കാണാറില്ല പകരം കാട്ടിലൂടെയുള്ള മണിക്കൂറുകളോളമുള്ള നടത്തം മാത്രമാണ് മിച്ചം.
എന്നാൽ ഇതിനെല്ലാം വിപരീതമായി വെള്ളത്തിൽ ഒഴുകി നടക്കുന്ന ചുള്ളികമ്പുകളെ ‘ ഡൈവ്’ ചെയ്തെടുത്ത് കൂടുണ്ടാക്കുന്ന തിരക്കിലാണവർ.
ഈ വർഷത്തെ വനം വകുപ്പിൻ്റെ കണക്കനുസരിച്ച്, 170-ലധികം ഇനങ്ങളിൽപ്പെട്ട നൂറു കണക്കിന് പക്ഷികൾ എത്തിയിട്ടുണ്ടെന്നാണ്. എല്ലാ വർഷവും അസംഖ്യം കുഞ്ഞുങ്ങൾ ഇവിടെ ജനിക്കാറുണ്ടത്ര . പക്ഷികളുടെ ഒരു പറുദീസയാണ് ഈ സ്ഥലം കാഴ്ചക്കാരായ നമ്മുടേയും.
നാൽപ്പത് ഏക്കർ വിസ്തൃതിയിൽ കാവേരി നദിയുടെ തീരത്താണ് ഈ വന്യ ജീവി സങ്കേതം. പക്ഷി സങ്കേതത്തിൽ ഭൂരിഭാഗവും ദ്വീപുകൾ ആയതിനാൽ നദിയിലൂടെ ബോട്ട് സവാരികൾ നടത്താവുന്നതാണ് . പക്ഷികളെ കുറിച്ച് വിവരിച്ചു തരാൻ റെഡിയായിട്ടാണ് ഗൈഡും കൂടെയായ ബോട്ടിൻ്റെ ഡ്രൈവർ. ഓരോ തരം പക്ഷികളെ കുറിച്ചും വളരെ വിശദമായ വിവരണങ്ങൾ തന്നിരുന്നു. സാധാരണയായി കാണപ്പെടുന്ന പക്ഷികളിൽ പെയിൻ്റഡ് സ്റ്റോർക്ക്, ബ്ലാക്ക് ഹെഡ് ഐബിസ്, ഈഗ്രെറ്റ്സ്, —— പിന്നെ ഒരിക്കലും കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെ പേരുകളും പറഞ്ഞിരുന്നു. കൂട്ടത്തിൽ നമ്മുടെ വവ്വാലുകളുടെ കൂട്ടങ്ങളും വെയിലു കൊണ്ടിരിക്കുന്ന ചതുപ്പു മുതലകളുമുണ്ടായിരുന്നു.
ചില പക്ഷികൾ ഇതിനകം കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ്. നവംബർ മുതൽ ജൂൺ വരെയാണ് പക്ഷികൾ കൂടുകൂട്ടുന്ന മാസങ്ങൾ.
ബോട്ട് ദ്വീപുകളുടെ വളരെ അടുത്തു കൂടെയാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും ആ ദ്വീപുകളിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.ശാന്തമായ വെള്ളത്തിലൂടെയുള്ള ആ ബോട്ട് സവാരിയിൽ വിവിധയിനം പക്ഷികൾ കൂടുകൂട്ടുന്നതോ തീറ്റ കൊടുക്കുന്നതോ, ഇര പിടിക്കുന്നതോ അലസമായി ഒരു ശാഖയിൽ ഇരിക്കുന്നതോ ആയ കാഴ്ചകൾ മനോഹരമാണ്.ഈ യാത്ര ആരേയും ഒരു ഫോട്ടോഗ്രാഫർ ആക്കുമെന്നതിൽ സംശയമില്ല. ‘അണ്ണാറക്കണ്ണനും തന്നാലയത് ‘ എന്ന പോലെ മൊബൈലിൽ ഞാൻ ഫോട്ടോകൾ എടുത്തെങ്കിലും DSLR ക്യാമറുകളുമായിട്ടുള്ള യാത്ര ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.
സന്ദർശകർക്ക് ഷോപ്പിംഗിനായി തൊപ്പി, കണ്ണാടി …… കളൊക്കെ പല തരം കടകളുമുണ്ട്. ഏത് പ്രായക്കാർക്കുമുള്ള നല്ലൊരു പിക്നിക്ക് സ്ഥലം എന്നു പറയാം.
കർണാടകയിലെ വനം വകുപ്പാണ് ഈ വന്യ ജീവി സങ്കേതം നിലവിൽ പരിപാലിക്കുന്നത്.പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലിയുടെ നിർദ്ദേശപ്രകാരം 1940-ൽ ഒരു സങ്കേതമായി പ്രഖ്യാപിച്ച ‘രംഗനത്തിട്ട് പക്ഷി സങ്കേതം ‘
ആരേയും പക്ഷിനിരീക്ഷകരും പ്രകൃതി സ്നേഹികളുമാക്കും.വീണ്ടും – വീണ്ടും സന്ദർശിക്കാൻ ഇഷ്ടം തോന്നിയ സ്ഥലം.
Thanks