Monday, November 25, 2024
Homeകഥ/കവിതതിരയ്ക്കും തീരത്തിനുമിടയിൽ. (ഓർമ്മകുറിപ്പ്) ✍ സൂര്യഗായത്രി

തിരയ്ക്കും തീരത്തിനുമിടയിൽ. (ഓർമ്മകുറിപ്പ്) ✍ സൂര്യഗായത്രി

✍ സൂര്യഗായത്രി

ജീവിത സംഘർഷങ്ങളുടെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും പ്രക്ഷുബ്ദ്ധമാകുന്ന കടൽ മനസ്സാണ് പല മനുഷ്യർക്കുമെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് കർക്കിടക മാസത്തിൻ്റെ കലിത്തുള്ളലിൻ്റെ രൗദ്രതയിൽ.മഴയുടെ ബാഹൃസൗന്ദര്യത്തിനപ്പുറം മനുഷ്യജീവിതത്തിൻ്റെ സങ്കീർണ്ണതകളുടെ നിസ്സഹായത ബോധ്യമാകുന്ന ചില മഴക്കാഴ്ച്ചകൾ.
ഇന്ന് കള്ളക്കടൽ എന്നു പത്രവാർത്ത കണ്ടപ്പോഴാണ് മിഥുനം കർക്കിടക മാസത്തിലെ അറുപ്പൻ കടലിനെക്കുറിച്ചോർത്തത്. കടലിലെ മഴയെ കരയിലിരുന്ന് സമീപിക്കുവാനാവില്ല. മനസ്സുകൊണ്ട് അനുഭവിക്കുവാനേ കഴിയൂ. അങ്ങനെ ഒരു പകൽ കടൽ കാഴ്ച്ചകളിലേക്ക് ഞാനുമെത്തി. ഒരു വർഷസഞ്ചാരിയെപ്പോലെ. തറവാടുവീട്ടിൽ നിന്നും ജോലിസംബന്ധമായി അച്ഛനുമമ്മയും നഗര പ്രാന്തത്തിലേക്ക് ചേക്കേറിയപ്പോൾ 8-ാം വയസ്സിൽ എൻ്റെ ഗ്രാമീണ കാഴ്ച്ചകളിൽ നിന്നും ഞാനും എൻ്റെ മനസ്സും ശരീരവും പറിച്ചെറിയപ്പെട്ടു. ഇതുമൂന്നും ഒന്നാണെന്നിരിക്കെ ഇത്ര വിശദീകരണം വേണോ എന്നൊരു സംശയമുണ്ടാകാം. ഞാൻ എന്നത് എൻ്റെ ബോധത്തിൻ്റെ പരിഛേദമാണ്. മനസ്സ് എൻ്റെ സ്വപ്നങ്ങളുടെ കൂടാണ്. ശരീരം പ്രകൃതിയെ അനുഭവിക്കുന്ന ഉപാധിയാണ്.

വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമായി പിന്നെ എൻ്റെ ഗ്രാമത്തിലേക്കുള്ള തിരിച്ചു പോക്ക്. അങ്ങനെ ഒരു ദിവസം , ഗ്രാമത്തിൽ വണ്ടിയിറങ്ങിയ ദിവസം. തറവാട്ടു വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് കടൽ കാണുവാൻ വല്യമ്മയുടെ മകളുമായി ഏകദേശം ഒരു മൂന്നുമണിയോടെ പുറപ്പെട്ടു. നടന്നെത്താവുന്ന ദൂരം മാത്രമാണ് കടലിലേക്ക്. വീട്ടിൽ നിന്നാൽ കേൾക്കാം തിരത്തള്ളലിൻ്റെ ആർത്തലക്കലും അതിനു ശേഷമുള്ള പതിഞ്ഞ നിശബ്ദതയും.. തീരത്തിനോടുള്ള തിരയുടെ ഈ പരിഭവം പറച്ചിൽ എന്നു മുതലായിരിക്കും തുടങ്ങിയിട്ടുണ്ടാവുക അല്ലെ? എത്ര പറഞ്ഞാലും മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന തീരം. ആ ആശ്വസിക്കലിലാണ് തിരയുടെ നിമിഷ നിശബ്ദശാന്തതയുടെ പ്രണവ കീർത്തനം.

പത്തു മിനിറ്റു കൊണ്ട് നടന്നു കടൽ തീരമെത്തി. കാലവർഷത്തിൻ്റെ ഇളകിയാട്ടം കഴിഞ്ഞ് ശാന്തതയുടെ സൗകുമാര്യത്തെ ആവാഹിച്ച കടൽ. എന്നും എൻ്റെ ജീവിതത്തിൻ്റെ തുറന്നു പറച്ചിലുകളുടെയും ആശ്വസിക്കലുകളുടെയും സങ്കേതമായിരുന്നു കടൽ. മെല്ലെ പതഞ്ഞു നുരഞ്ഞു വരുന്ന പാൽ തിരകളെ നോക്കി കുറച്ചു നേരം നിർനിമേഷം നിന്നു, സാവധാനം തീരത്തിൽ നിന്നു വിട്ടു മെല്ലെ കടലിലേക്ക്. ദൂരെ..വിദൂരതയുടെ ശൂന്യാകാശപടലത്തിലേക്ക് കണ്ണും നട്ട് നിൽക്കുമ്പോൾ പതിവുപോലെ എൻ്റെ കാൽപാദങ്ങളെ ചുംബിച്ചു കൊണ്ടൊരു തിരയൊഴുകിയെത്തി..അതൊരാശ്വസിപ്പിക്കലാണ് … നഷ്ടപ്പെട്ടതിനെയൊക്കെ വീണ്ടെടുക്കുവാനുള്ള പ്രേരണയാണ്. ഇന്നും ആ സാന്ത്വനത്തിൻ്റെ സുഖദമായ ഓർമ്മകളിലാണ് ഞാൻ എന്നെ അറിയുന്നത്. ഉള്ളിലുള്ള വേദനകളെ പുറത്തു കാട്ടാതെ ഞാൻ തിരകളോട് കിന്നാരം പറഞ്ഞു. തിരകൾ കുസൃതിയോടെ വന്നെന്നെ തഴുകുകയും തലോടുകയും ചെയ്തു. തീരത്തെ നനഞ്ഞ മണലിൽ ഞാനെൻ്റെ ദുഃഖങ്ങൾ വരച്ചു ചേർത്തു… പ്രകൃതിയിൽ ലയിച്ചു ചേരുന്ന പോലെ.. കുറച്ചു സമയം കഴിഞ്ഞ് മെല്ലെ കടൽ പണിതു വെച്ച മണൽ തിട്ടയിലേക്ക് കയറിയിരുന്നു. അപ്പോൾ ചെറിയ ചാറ്റൽമഴ വന്നെനെ മൃദുവായി തലോടി. മഴത്തുള്ളികളുടെ വെളുത്ത സൗകുമാര്യത്തെയാസ്വദിച്ച് ഞാൻ വീണ്ടും ഓർമ്മകളുടെ പിന്നാമ്പുറത്തേയ്ക്ക് പോയി. ഒരു ശിൽപ്പിയുടെ ചാതുര്യത്തോടെ കടൽ കൊണ്ടു വന്നു വെക്കുന്ന ഈ മണൽത്തിട്ടകളാണ് കർക്കിടകത്തിലെ അറുപ്പൻ കടൽ തിരികെയെടുത്തു കൊണ്ടുപോകുന്നത്. തീരം വറുതിയുടെ പിടിയിലമരുന്ന നാളുകൾ. ഓലമേഞ്ഞ ചെറുകൂരകളിൽ പട്ടിണിയും ദാരിദ്ര്യവും ആരോടും അനുവാദം ചോദിക്കാതെ കടന്നു വരുന്ന നാളുകൾ. ആർത്തലച്ചുവരുന്ന കടലിൻ്റെ രൗദ്രഭാവം കാണുമ്പോൾ പലപ്പോഴും തോന്നും ഇന്നലെ വരെ അമ്മയെ പോലെ സാന്ത്വനിപ്പിച്ച കടൽ തന്നെയല്ലേയിതെന്ന്. ഒരു നേരം പോലും അടുപ്പുകളിൽ നിന്നും പുകയുയരുന്നത് കണ്ടാൽ സമാധാനം. ചിലപ്പോൾ ഉണരുന്നതിനു മുൻപ് അവരുടെ അതുവരെയുള്ള സമ്പാദ്യങ്ങളൊക്കെ തിരയെടുത്തു കൊണ്ട് പോകും. തങ്ങളുടെ വഞ്ചികളും വലകളും എടുത്തു കൊണ്ട് പോവരുതേ കടലമ്മേ എന്നു വിളിച്ചു കേഴുന്ന സാധുക്കൾ. ആർത്തലച്ചു വരുന്ന ശീതക്കാറ്റിൽ നിന്നും രക്ഷനേടുവാൻ ഒരു നല്ല പായയോ പുതപ്പോ നല്ല ഒരു വസ്ത്രമോ ഇല്ലാത്തവർ ഇത്തിരി ചൂടു ചായ കുടിക്കുവാൻ ഒരു കരിപ്പെട്ടി (ചക്കര) കഷണം പോലും പുരയിലില്ലാത്തവർ . പിഞ്ചിക്കീറിയ വല നാരുകൾ വീണ്ടും കൂട്ടി ചേർത്തു കൊണ്ട് വിശപ്പിനെ മറന്നു ജീവിതം നെയ്തെടുക്കുന്നവർ. എത്രമേൽ ആക്രമിച്ചാലും ആ കടലിനോട് അവർക്കൊരു പരിഭവവുമില്ല. അവർ തന്നെ പറയും കടലമ്മയാണ് ഞങ്ങൾ ക്കെല്ലാമെന്ന്. ചില സമയങ്ങളിൽ കടലിനൊരു വല്ലാത്ത ഗന്ധമുണ്ടാകാറുണ്ട്. അന്ന് അവർ കടലിൽ തോണിയിറക്കില്ല. കാരണം കടലമ്മ ഋ്തുമതിയായതിൻ്റെ ലക്ഷണമാണത്രേ ആ ഗന്ധം അന്ന് കടലിനെ സ്പർശിച്ചുകൂടാ. സത്യമുള്ള മക്കളായിരുന്നവർ . !!അവരോടു കടലും നീതി നൽകി…

പ്രക്ഷുബ്ദ്ധാവസ്ഥകളിലൊഴികെ ആ പ്രകൃതി അവർക്ക് എല്ലാം വാരിക്കോരിക്കൊടുത്തു . ജീവിതം തളിർക്കുന്ന പച്ചപ്പുകളുടെ ഹരിതാഭ കൾ. എന്നാൽ ഇന്നോ ? കടലിൻ്റെ ഗതിയറിയാതെ, തിരകളുടെ ചലനമറിയാതെ യന്ത്രങ്ങളുടെ സഹായത്തോടെ അവളുടെ ഗർഭപാത്രത്തിലെ അവസാന ജീവൻ്റെ തരിയെയും യന്ത്രവലകൾ അരിച്ചൂറ്റിയെടുത്ത് ഇല്ലായ്മ ചെയ്യുന്നു. സ്വന്തം അച്ഛനമ്മമ്മാരെ പെരുവഴിയിൽകളയുന്ന മക്കൾ പ്രകൃതിയെ എങ്ങിനെ സംരക്ഷിക്കുമല്ലെ? കൊടുക്കുന്നതിൻ്റെ ഇരട്ടിയോ അതിലധികമോ തിരികെ കിട്ടുമെന്ന പ്രകൃതിസത്യം ഇന്ന് മനുഷ്യൻ അറിഞ്ഞു കൊണ്ടിരിക്കുന്നു. പ്ളാസ്റ്റിക്കുകളും നൂതന വേസ്റ്റുകളും കൊണ്ട് തിളച്ചുപൊന്തുന്ന കടലിൻ്റെ മാറിടത്തിൽ നിന്നും ഇനിയൊരിക്കലും ഒരു തിരത്തള്ളലായി വാൽസല്യപാലാഴിയൊഴുകില്ല. പകരം ചോര തുപ്പി ഇല്ലാതെയാകുന്ന തിരയും കരിഞ്ഞു വെന്തടരുന്ന തീരവും അതിവിദൂരമല്ലാതെ സാക്ഷ്യം വഹിക്കുവാൻ നമ്മളുണ്ടാകരുതേ എന്ന പ്രാർത്ഥനമാത്രം. ഇരുണ്ട യുഗത്തിൽ നിന്നും തിരകൊണ്ടുവന്ന വെളിച്ചത്തിലാണ് മനുഷ്യൻ അവൻ്റെ സ്വപ്നസൗധങ്ങൾ പടുത്തുയർത്തിയത്. തീരത്തിനരുകിലായി അവൻ പുതിയ ലോകമുണ്ടാക്കിയത്. തിരയ്ക്കും തീരത്തിനുമിടയിലെ ഒരിക്കലും വേർപെടാത്ത ജീവിത ബന്ധങ്ങളെ നാം മനുഷ്യർ ഇനി എന്ന് തിരിച്ചറിയും?
വീണ്ടുമൊരു മഴപ്പെയ്ത്തു തുടങ്ങുന്നു ഇപ്പോഴത് കടലിൽ നിന്നും കരയിലേക്കെത്തുന്നു. ഒന്നും പറയാതെ എല്ലാം പറഞ്ഞു കൊണ്ട് കടന്നുപോകുന്നു. ചില ജീവിതങ്ങൾ പോലെ.

✍ സൂര്യഗായത്രി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments