Wednesday, October 2, 2024
Homeകഥ/കവിത'ഇയ്യാംപാറ്റകൾ' (കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

‘ഇയ്യാംപാറ്റകൾ’ (കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

ജോലിസ്ഥലത്തെ സമ്മർദ്ദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിക്കുന്നവരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് 🙏🙏🙏

ശാലിനിയും രാഹുലും അടുത്തിടെ വിവാഹിതരായ ഐടി പ്രൊഫഷണലുകൾ ആയിരുന്നു. രണ്ടുപേരും രണ്ടു കമ്പനിയിൽ ആയിരുന്നെങ്കിലും ഉയർന്ന ശമ്പളം, താമസിക്കാൻ ക്വാർട്ടേഴ്സ്, മറ്റ് ആനുകൂല്യങ്ങൾ അങ്ങനെ എല്ലാ സൗകര്യങ്ങളും കമ്പനി അവർക്ക് ഒരുക്കി കൊടുത്തിരുന്നു. താമസിയാതെ ശാലിനി മറ്റേർണിറ്റി ലീവിൽ പ്രവേശിച്ചു. ആറുമാസത്തെ അവധിയെടുത്ത് നാട്ടിലെത്തി പ്രസവവും അതിനെ തുടർന്നുള്ള ശുശ്രൂഷകളും എല്ലാം ഭംഗിയായി ചെയ്ത് തിരിച്ചു കമ്പനിയിൽ ജോയിൻ ചെയ്യേണ്ട സമയം ആയി. മൂന്ന് മാസം മാത്രം പ്രായമുള്ള മോനേ ആരെ ഏൽപ്പിച്ചു ജോലിക്ക് പോകും? ഇത്രയും ശമ്പളമുള്ള ജോലി വേണ്ടെന്ന് വയ്ക്കുന്നത് എങ്ങനെ? മാത്രമല്ല ഇപ്പോഴത്തെ ജീവിത ചെലവുകൾ അതിഭീകരമാണ്.രണ്ടു പേർക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ വീട്ടു കാര്യങ്ങൾ സുഗമമായി നടന്നു പോവുകയുള്ളൂ. ഇരുകൂട്ടരുടെയും വീട്ടുകാർ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി. അവസാനം രാഹുലിന്റെ അമ്മ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഞാനും അച്ഛനും കൂടി ചണ്ഡീഗഡിൽ ഇവരുടെ ക്വാർട്ടേഴ്സിൽ പോയി നിന്ന് മോനെ നോക്കി കൊടുക്കാം. പക്ഷേ വീട്ടുജോലികൾ ഒക്കെ ചെയ്യാൻ നാട്ടിൽ നിന്ന് ഒരു സെർവന്റിനെ കൊണ്ടുപോകണം. കേരളത്തിലെ വീടുപൂട്ടി നല്ലവരായ അയൽപക്കക്കാരെ താക്കോൽ ഏല്പിച്ച് നമുക്ക് യാത്രയാകാം. കുഞ്ഞ് പ്ലേ സ്കൂളിൽ പോകുന്നതുവരെ അങ്ങനെ എന്തെങ്കിലും അഡ്ജസ്റ്റ്മെൻറ് നടത്താം എന്ന തീരുമാനത്തിൽ എത്തി. പിന്നെ ഒരു ജോലിക്കാരിക്കായുള്ള അന്വേഷണമാരംഭിച്ചു. അപ്പോഴാണ് സംഗതി വിചാരിച്ച അത്ര എളുപ്പമല്ല എന്ന് എല്ലാവർക്കും ബോധ്യമായത്. കേരളത്തിൽ എവിടെയാണെങ്കിലും വരാം പക്ഷേ ചണ്ഡിഗഡ് വരെ വരാൻ പറ്റില്ല. രാഹുലിന്റെ അമ്മ തീരുമാനം മാറ്റുന്നതിനു മുമ്പ് എങ്ങനെയെങ്കിലും ഒരു ജോലിക്കാരിയെ കണ്ടു പിടിച്ചേ പറ്റൂ. എല്ലാവരും അരയും തലയും മുറുക്കി അന്വേഷണം തുടങ്ങി. എവിടെ? ഒരു രക്ഷയുമില്ല.

അവസാനം രാഹുലിന്റെ ഒരു ഫ്രണ്ട് പറഞ്ഞതനുസരിച്ച് കൊടുങ്ങല്ലൂർ ഉള്ള ഒരു ഏജൻസിയിൽ എത്തി. അവർ കേരളത്തിന് പുറത്ത് ജോലിക്കാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനമാണ്. ഏജൻസി നടത്തിപ്പുകാരൻ അവരുടെ ഡിമാൻഡുകൾ ഒന്നൊന്നായി പറഞ്ഞു. നല്ലൊരു തുക അവിടെ ഡെപ്പോസിറ്റ് ചെയ്യണം. കേരളത്തിൽ നിന്നുള്ള ദൂരപരിധി അനുസരിച്ച് ഈ തുകയുടെ അളവ് കൂടും. അഞ്ച് മാസത്തെ ശമ്പളം മുൻകൂറായി ജോലി ചെയ്യുന്ന സ്ത്രീക്ക് ഇവരുടെ കമ്മീഷൻ എടുത്തതിനുശേഷം ഇപ്പോൾ തന്നെ കൊടുക്കണം. പാർട്ടിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിചരണം നൽകുന്നതിന് സമർപ്പിതരായ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ അവരുടെ നഴ്സിംഗ് ടീമിൽ ഉണ്ട്. കേരളത്തിനു പുറത്ത് പോയി ജോലി ചെയ്യാൻ സന്നദ്ധരായിട്ടുള്ള അഞ്ചാറു പേരെ അവർ കാണിച്ചു കൊടുത്തു. അതിൽ ഏറ്റവും കുലീന ആയി തോന്നിയ സരോജിനിയമ്മയെ ഇവർ തെരഞ്ഞെടുത്തു.

പോകേണ്ട ദിവസമെത്തി. രാഹുൽ, ശാലിനി, കുഞ്ഞ്,രാഹുലിന്റെ അമ്മ,അച്ഛൻ, സരോജിനിയമ്മ എല്ലാവരും കൂടി ചണ്ഡിഗഡ് ലേക്ക് വിമാനം കയറി. രാഹുലിന്റെ അമ്മയാണെങ്കിൽ തൻറെ ഏക മകൻറെ കുട്ടിയെ ‘താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും’ എന്നപോലെയാണ് നോക്കുന്നത്. സരോജിനിയമ്മയ്ക്ക് പാചകവും വീട് ക്ലീനിങും മാത്രമായിരുന്നു ജോലി. യാതൊരു പ്രശ്നവുമില്ലാതെ ഒന്നരമാസം കടന്നുപോയി.എല്ലാ ആധുനിക ഗൃഹോപകരണങ്ങളും ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും സരോജിനിയമ്മയ്ക്ക് അറിയാവുന്നതുകൊണ്ട് തന്നെ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായി. നമ്മൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എത്ര നന്നായി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ജോലിയും കുടുംബജീവിതവും സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതുകൊണ്ട് ശാലിനിയും ഡബിൾ ഹാപ്പി.

പെട്ടെന്നാണ് എല്ലാം തകിടം മറിയുന്ന ഒരു അവസ്ഥ വന്നത്.ഒരു ദിവസം ശാലിനി ഓഫീസിൽ നിന്ന് വരുമ്പോൾ രാഹുലിന്റെ അച്ഛൻ  ഉറങ്ങുന്ന കുഞ്ഞിനെ തോളിൽ എടുത്ത് ക്വാർട്ടേഴ്‌സ്ന്റെ ഗേറ്റിനടുത്ത് നിൽക്കുകയാണ്. അകത്തുനിന്ന് വലിയ അലർച്ച കേൾക്കുന്നുണ്ട്. ഇത് എന്തു പറ്റി എന്ന് ചോദിച്ചപ്പോഴാണ് അച്ഛൻ പറയുന്നത്. എന്താണെന്ന് അറിയില്ല ഉച്ച കഴിഞ്ഞപ്പോൾ മുതൽ സരോജിനിയമ്മയുടെ ഭാവം മാറി. അവർ വലിയവായിൽ അമ്മയെ തെറി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ദേഹോപദ്രവം ഒന്നും ഏൽപ്പിക്കുന്നില്ല. നാക്ക് കൊണ്ടുള്ള പീഡനമാണ്. അതുകൊണ്ട് ഞാൻ കുഞ്ഞിനെ എടുത്തു കൊണ്ട് പുറത്ത് വന്നു നിന്ന് മോളു വരുന്നുണ്ടോ എന്ന് നോക്കിനിൽക്കുകയായിരുന്നു എന്ന്. ശാലിനി ശരവേഗത്തിൽ വീടിനകത്ത് കയറി. അമ്മ കുനിഞ്ഞു തലയിൽ കൈവെച്ച് കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. സരോജിനിയമ്മ കൊടുങ്ങല്ലൂർ ഭരണി പാട്ട് പാടുന്നു.40 പേരെ ഓഫീസിൽ വരച്ചവരയിൽ നിർത്തുന്ന ടീം ലീഡർ ആയ ശാലിനി മാഡം അവരുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ “ഷട്ട് യുവർ ബ്ലഡി മൗത്” എന്ന് പറഞ്ഞതോടെ സരോജിനിയമ്മ ഒന്നു പകച്ച് ഭരണിപ്പാട്ട് നിർത്തി. എന്തുവേണം നിങ്ങൾക്ക് എന്ന് ചോദിച്ചപ്പോൾ അപ്പോൾ തന്നെ അവരെ വിമാനം കയറ്റി നാട്ടിൽ വിടണം അതാണ് ഡിമാൻഡ്. എൻറെ ഹസ്ബൻഡ് വന്നോട്ടെ ഇന്ന് തന്നെ നിങ്ങളെ വിട്ടേക്കാം ഇനി നിങ്ങളുടെ ശബ്ദം ഇവിടെ കേട്ട് പോകരുത് എന്ന് പറഞ്ഞു ശാലിനി. രാഹുൽ ഓഫീസിൽ നിന്ന് വന്ന ഉടനെ ചോദ്യവും പറച്ചിലിനും ഒന്നും നിൽക്കാതെ വിമാന ടിക്കറ്റ് ഒപ്പിച്ചു അന്നുതന്നെ നാട്ടിലേക്കയച്ചു.
ഏജൻസിക്കാരനേയും വിവരമറിയിച്ചു.
അയാൾ അതിശയം കൂറി .കാരണം സരോജിനിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വല്ല മാനസികരോഗിയും ആയിരിക്കും. വയ്യാവേലി വേണ്ട എന്ന് കരുതി കൂടുതൽ അന്വേഷണത്തിന് ഒന്നും നിൽക്കാതെ സരോജിനിയമ്മയെ പാക്ക് ചെയ്തു. ഏജൻസിക്കാരൻ പകരം ഒരാളെ തരാം എന്നൊക്കെ പറഞ്ഞെങ്കിലും സരോജിനിയമ്മയുടെ കൊടുങ്ങല്ലൂർ ഭരണി പാട്ട് കേട്ട രാഹുലിന്റെ അമ്മ “അയ്യോ! ആരും വേണ്ടേ, അത്രയും പൈസയും പൊയ്ക്കോട്ടെ. നമ്മുടെ വീട്ടിലെ ജോലി നമുക്ക് എല്ലാവർക്കും കൂടി അഡ്ജസ്റ്റ് ചെയ്തു ചെയ്യാം. “ എന്ന തീരുമാനത്തിലെത്തി.

രണ്ടു മൂന്നു വർഷം കൂടി ശാലിനി ജോലിയിൽ തുടർന്നു. രണ്ടാമത്തെ പ്രസവത്തോടെ ജോലി ഉപേക്ഷിച്ചു.

പക്ഷേ പിന്നെ നാട്ടിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഒരു രഹസ്യം അറിഞ്ഞത്. ഈ ഏജൻസിക്കാരൻറെ ഭാര്യ തന്നെ ആയിരുന്നത്രേ സരോജിനിയമ്മ. ഇത് അവരുടെ ഒരു തട്ടിപ്പിന്റെ ഭാഗമാണ്. ഒന്ന് രണ്ട് ലക്ഷം രൂപ ഇങ്ങനെ ആൾക്കാരെ പറ്റിച്ച് ഉണ്ടാക്കുക എന്നത് ഈ ദമ്പതികളുടെ ഒരു സ്ഥിരം പണിയാണ്. ഭാര്യയും ഭർത്താവും കൂടി ഒത്തുകളിച്ച് ഇങ്ങനെ കാശുണ്ടാക്കുന്ന ഒരു പരിപാടിയും ഈ ഏജൻസി പണിക്ക് സമാന്തരമായി അവർ നടത്തിയിരുന്നുവത്രേ! പെട്ടെന്നുള്ള അന്ധാളിപ്പിൽ എല്ലാവരും പേടിച്ച് ഇന്നുവരെ പരാതിപ്പെടാത്തതു കൊണ്ട് പുതിയ പുതിയ ഇരകൾ അവരുടെ വലയിൽ വീണു കൊണ്ടേയിരിക്കുന്നു.

ഇയാളാണെങ്കിൽ ഭാര്യ പോയ പാടെ വീട്ടിൽ അറ്റകുറ്റപ്പണികൾ തുടങ്ങും.ഒന്നുകിൽ മുറികളിൽ വിട്രിഫൈഡ് ടൈൽസ് പാകുക അല്ലെങ്കിൽ ഒരു വാഷ്‌റൂം പണിയുക. അതുമല്ലെങ്കിൽ വീടുമുഴുവൻ പെയിൻറിംഗ് ചെയ്യുക… അങ്ങനെ അങ്ങനെ…. ഭാര്യ എവിടെ എന്ന് ചോദിക്കുന്നവരോട് അവൾക്ക് പൊടി അലർജി ആയതുകൊണ്ട് അവളുടെ വീട്ടിൽ കൊണ്ട് ആക്കിയിരിക്കുകയാണ് എന്ന് പറയും. പണിയൊക്കെ ഏകദേശം കഴിയുമ്പോൾ ഇയാൾ ഭാര്യയെ വിവരമറിയിക്കും. ഭാര്യ സ്ഥിരം നാടകം കളിച്ച് വീട്ടിൽ ഉടനെ മടങ്ങിയെത്തും. ഏതായാലും കൊടുങ്ങല്ലൂർ അമ്പലത്തിലെ ഭരണിപ്പാട്ട് ഹൃദിസ്ഥമാക്കിയിരുന്നതുകൊണ്ട് അത് അവർക്ക് ജീവിതത്തിൽ നന്നായി പ്രയോജനപ്പെടുത്താനൊത്തു. ’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്ന പഴമൊഴി ഒരിക്കൽ യാഥാർഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലേ?

മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments