ഐപിഎലില്‍ ലഖ്‌നൗ ജയ്ന്റ്‌സിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 162 വിജയലക്ഷ്യം വളരെയെളുപ്പത്തില്‍ മറികടന്ന കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റിന്റെ കൂറ്റന്‍ ജയമാണുണ്ടായത്. 89 റണ്‍സ് നേടിക്കൊണ്ടുള്ള ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നായകന്‍ ശ്രേയസ് അയ്യര്‍ 38 റണ്‍സും നേടി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി റണ്‍സ് നേടി. 32 പന്തില്‍ 45 റണ്‍സ് നേടിയ നിക്കോളാസ് പൂരാനാണ് ലക്‌നൗവിന്റെ ടോപ്പ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ലക്‌നൗവിനു ലഭിച്ചത്. വൈഭവ് അറോറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ക്വിന്റണ്‍ ഡികോക്ക് (10) വേഗം മടങ്ങി. ദേവ്ദത്ത് പടിക്കലിനു പകരമെത്തിയ ദീപക് ഹൂഡയും (8) വേഗം മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹൂഡയെ രമണ്‍ദീപ് സിംഗ് ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. ഒരുവശത്ത് വേഗത്തില്‍ വിക്കറ്റുകള്‍ നഷ്ടമാവുമ്പോഴും പോസിറ്റീവായി ബാറ്റ് ചെയ്ത കെഎല്‍ രാഹുല്‍ ആയുഷ് ബദോനിക്കൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 27 പന്തില്‍ 39 റണ്‍സ് നേടിയ രാഹുലിനെ ഒടുവില്‍ ആന്ദ്രേ റസല്‍ രമണ്‍ദീപ് സിംഗിന്റെ കൈകളിലെത്തിച്ചു. ബദോനിയുമൊത്ത് 39 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളി ആയതിനു ശേഷമാണ് രാഹുല്‍ മടങ്ങിയത്.
തുടര്‍ന്നും ലക്‌നൗവിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിനിസിനെ (10) വരുണ്‍ ചക്രവര്‍ത്തിയും ആയുഷ് ബദോനിയെ (29) സുനില്‍ നരേനും മടക്കി. അവസാന ഓവറുകളില്‍ മികച്ച ഷോട്ടുകളുതിര്‍ത്ത നിക്കോളാസ് പൂരാന്‍ ആണ് ലക്‌നൗവിനെ 160 കടത്തിയത്. അവസാന ഓവറില്‍ പൂരാനെയും അര്‍ഷദ് ഖാനെയും (5) വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ലക്‌നൗ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.