Friday, December 27, 2024
Homeസ്പെഷ്യൽനിലവിളക്കിന്റെ മഹത്വം (ലഘു വിവരണം)✍ ജിഷ ദിലീപ് ഡൽഹി

നിലവിളക്കിന്റെ മഹത്വം (ലഘു വിവരണം)✍ ജിഷ ദിലീപ് ഡൽഹി

✍ ജിഷ ദിലീപ് ഡൽഹി

സർവ്വ പൂജാദി കർമ്മങ്ങളിലും മാറ്റിനിർത്താൻ കഴിയാനാകാത്ത ഒരു ഘടകമാണ് നിലവിളക്ക്.

മനസ്സുകളിൽ തിന്മയുടെ ഇരുട്ടില്ലാതാക്കി നന്മയുടെ വെളിച്ചം എപ്പോഴും നിലനിർത്തേണമേ എന്ന പ്രാർത്ഥന പ്രതീകമാണ് സന്ധ്യാദീപമെന്നത് കൊണ്ടാണ് പണ്ടുകാലത്ത് രാത്രിയുടെ ഇരുട്ടിൽ വെളിച്ചം കാണാൻ വേണ്ടി മാത്രമായിരുന്നില്ല സൂര്യൻ അസ്തമിക്കും മുമ്പ് വിളക്ക് വച്ചിരുന്നതെന്ന് വിശ്വാസം.

നിലവിളക്ക് സന്ധ്യയ്ക്ക് മാത്രമല്ല ചിലർ രാവിലെയും വീടുകളിൽ തെളിയിക്കാറുണ്ട്. അധികം ഉയരമില്ലാത്ത പീഠത്തിലോ തളികയിലോ വച്ച്‌ ഭവനങ്ങളില്‍ കൊളുത്തുന്ന നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും മധ്യഭാഗം വിഷ്ണുവിനെയും മുകൾഭാഗം ശിവനെയും ആണ് കാണിക്കുന്നത്. സൂര്യോദയത്തിനും അസ്തമയത്തിനും 5 മിനിറ്റ് മുമ്പ് ദേഹ ശുദ്ധി വരുത്തി തിരി തെളിക്കുന്നത് നിലവിളക്കിൽ ഒന്ന് മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ്. കുടുംബനാഥയാണ് വിളക്ക് തെളിയിക്കേണ്ടത് എന്നാണ് വിശ്വാസം. നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും നാളത്തിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.

രാവിലെ കിഴക്കുദിക്കിന് അഭിമുഖമായി തിരി തെളിയിച്ചാൽ ദുഃഖങ്ങൾ ഇല്ലാതാകുമെന്നും വൈകിട്ട് പടിഞ്ഞാറ് ദിക്കിന് അഭിമുഖമായി വിളക്ക് തെളിയിച്ചാൽ കടബാധ്യത തീരുമെന്നും വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ സമ്പത്ത് ഉണ്ടാകുമെന്നുമാണ് വിശ്വാസം. തെക്ക് നോക്കി വിളക്ക് തെളിയിക്കാൻ പാടില്ല.

മനുഷ്യജീവിതത്തിൽ വിളക്കിന്റെ പ്രാധാന്യം വളരെ വലുതാണ് വീട്ടിൽ ലക്ഷ്മിദേവിയെ കയറ്റി ഐശ്വര്യം കൊണ്ടുവരുന്നു എന്നതാണ് സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്നതിലെ സങ്കല്പം. പൂജാ മുറിയിലും വീടിന്റെ ഉമ്മറത്ത് കത്തിച്ചുവയ്ക്കുന്ന നിലവിളക്കിനെ തൊഴുന്നതും നാമം ജപിക്കുന്നതും ഐശ്വര്യം കൊണ്ടുവരുന്നു.

നിലവിളക്കിൽ ഇടുന്ന തിരിയിൽ ഏറ്റവും ശ്രേഷ്ഠം പഞ്ഞികൊണ്ട് ഉണ്ടാക്കിയ തിരിയാണ്. ഒറ്റത്തിരിയിട്ട ദീപം മഹാവ്യാധിയെയും, രണ്ടു തിരിയിട്ട ദീപം ധനലാഭത്തെയും, മൂന്നു തിരിയിട്ട ദീപം അജ്ഞതയെയും, നാല് തിരിയിട്ട ദീപം ദാരിദ്ര്യത്തെയും, അഞ്ചു തിരിയിട്ട ദീപം ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. വിവാഹ തടസ്സം മാറാൻ ചുവപ്പ് തിരിയിലും മനസ്സിന്റെ ദുഃഖം മാറാൻ മഞ്ഞ തിരിയിലും നിലവിളക്ക് തെളിയിക്കാം.

ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയത്ത് ദീപം തെളിയിക്കുന്നത് വീടുകളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ പുറം തള്ളുമെന്നും വിശ്വാസമുണ്ട്.

സകല ദേവതാ സാന്നിധ്യം നിറഞ്ഞതാണ് നിലവിളക്ക് അതുകൊണ്ടുതന്നെ മനശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ് വിളക്ക് തെളിയിക്കുമ്പോൾ.

വിളക്കിൽ ഉപയോഗിക്കാൻ എള്ള് എണ്ണയാണ് ഏറ്റവും നല്ലത്. നിലവിളക്ക് തെളിയിക്കുന്നതിലൂടെ പ്രത്യക്ഷ ദൈവമായ സൂര്യഭഗവാനെ വാങ്ങുക എന്ന സങ്കല്പം ഉള്ളതുകൊണ്ട് ഉദയസൂര്യനെ നമിക്കുന്നതിനായി പ്രഭാതത്തിൽ കിഴക്ക് ഭാഗത്തെ തിരിയും അസ്തമയ സൂര്യനെ വണങ്ങി സായാഹ്നത്തിൽ പടിഞ്ഞാറ് ദിക്കിലേക്കുള്ള തിരിയുമാണ് ആദ്യംകൊളുത്തേണ്ടത്.
നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലോ വച്ച് തിരി തെളിയിക്കരുത്. നിലവിളക്കിന്റെ ഭാരം ഭൂമീദേവി നേരിട്ട് താങ്ങുകയില്ല എന്നാണ് സങ്കല്പം. അതിനാല്‍ ഇലയിലോ,പുഷപങ്ങള്‍ക്ക് മുകളിലായോ വേണം നിലവിളക്ക് വെക്കാന്‍.

ദീപം കത്തുന്നതോടെ ഓംകാര ധ്വനി ഉത്ഭവിക്കുന്നു. അതെങ്ങനെയെന്നാൽ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരമുണ്ടാകുമ്പോൾ പ്രകൃതി തന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നുവെന്നും അതാണ് പ്രണവ തത്വമായ ഓംകാര ധ്വനി എന്നുമാണ് വിശ്വാസം. നിലവിളക്കിന്റെ പവിത്രമായ മന്ത്രസാന്നിധ്യം അവിടെ ഉണ്ടായിരിക്കുന്നതുകൊണ്ട് പ്രത്യേക ജപാദി കർമ്മങ്ങൾ ചെയ്യേണ്ടതില്ലെന്നുമാണ്.

വിളക്കുകളിൽ നെയ് വിളക്കാണ് ഏറ്റവും മഹത്വമുള്ളത്. സ്വർണ്ണ നിറത്തിൽ പ്രകാശത്തോടും
ചായ് വ് ഇല്ലാതെയും നേരെ ഉയർന്നു പൊങ്ങുന്ന ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. നിലവിളക്ക് അണയ്ക്കേണ്ടത് അല്പം എണ്ണ ദീപത്തിൽ വീഴ്ത്തിയോ, തിരി പിന്നിലേക്ക് എടുത്ത് എണ്ണയിൽ മുക്കിയോ ആണ്. വൈകിട്ട് വീട്ടിൽ നിലവിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം.

നിലവിളക്ക് കൊളുത്തുമ്പോൾ ഒരുപിടി പൂവ് മുമ്പിൽ അർപ്പിക്കുക, വിളക്കിൽ ചന്ദനം ചാർത്തുക, പൂമാല ചാർത്തുക, സമീപം ചന്ദനത്തിരി കൊളുത്തുന്നതും അനുഷ്ടിക്കാവുന്നതാണ്

മംഗല്യവതിയായ സ്ത്രീകൾ വിളക്ക് കൊളുത്തുന്നത് ഏറെ മംഗള പ്രദമാണ്. വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങൾ എല്ലാം ഒന്നിച്ചിരുന്നുള്ള നാമജപവും ഏറെ മഹത്വമുള്ളതാണ്.

ചിലർ കത്തിച്ച വിളക്ക് ഉടൻതന്നെ കെടുന്നു. വിളക്ക് കത്തിച്ചയാളുടെ ദുഃഖത്തെയാണ് അത് സൂചിപ്പിക്കുന്നത്. വീടുകളിൽ വിളക്ക് തെളിയിക്കുന്നത് മുടങ്ങുന്നത് ശുഭകരമല്ല ഇത് ഈശ്വരകോപത്തിന് ഇടയാക്കുന്നു.

നിലവിളക്കിന്റെ മഹത്വം വർണ്ണനാതീതമാണ്. വെള്ളിയാഴ്ച ദിവസം എണ്ണയിൽ ഒരു ഏലക്ക കൂടി ഇട്ടതിനുശേഷം നിലവിളക്ക് കൊളുത്തുന്നത് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാനും സമ്പത്ത് വർദ്ധിക്കാനും നിമിത്തമാകുന്നു എന്നാണ് വിശ്വാസം.

നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും ഏറെ പ്രാധാന്യം നൽകുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. പണ്ട് തൊട്ടേ വിളക്ക് തെളിയിക്കുകയെന്ന ആചാരം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments