“എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ?
സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?”
“പിണങ്ങിയതൊന്നുമല്ല മാഷേ …അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ”
“ങ്ങ്ഹേ..പിന്നെന്താടോ ?”
“അത്… മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം വേറെ വേറെ ക്ലാസുകളിലേക്ക് മാറിപ്പോയി. ഞങ്ങളുടെ പഴയ കൂട്ടുകെട്ടെല്ലാം പൊളിഞ്ഞു. ”
“ഓ ..അതാണോ കാര്യം? വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡിവിഷനുകളുടെ എണ്ണം വർദ്ധിക്കുന്നത് സ്വാഭാവികമല്ലേ, ലേഖേ ?. അതിനിത്ര വിഷമിക്കുന്നതെന്തിനാ ? നല്ല സൗഹൃദങ്ങൾ ക്ലാസ് മുറികളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ലല്ലോ ? അവയിൽ പലതും വിദ്യാലയ കാലഘട്ടം കഴിഞ്ഞാലും നിലനിൽക്കുന്നവയായിരിക്കും. ”
“എന്നാലും മാഷേ എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. ഒന്നാം ക്ലാസുമുതൽ തുടങ്ങിയ കൂട്ടാണ് ഞങ്ങളുടേത്. അത് … ഇതുവരെ പിരിഞ്ഞിട്ടില്ല … ”
” അതിന് ഇവിടെയൊന്നും സംഭവിച്ചിട്ടില്ലല്ലോ? ലേഖയുടെ കൂട്ടുകാരെല്ലാം പല ക്ലാസുകളിലാണെങ്കിലും ഇപ്പോഴും ഒരേ സ്കൂളിൽത്തന്നെയല്ലെ പഠിക്കുന്നത് ? ഉച്ചഭക്ഷണ സമയത്തും ഇടവേളകളിലും നിങ്ങൾക്ക് തമ്മിൽ കാണാമല്ലോ പിന്നെന്താ ?”
“മാഷ് പറയുന്നത് ശരിയാണ്. എന്നാലും ക്ലാസ് മുറിയിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും തമാശ പറയുന്നതുമെല്ലാം ഒരു നഷ്ടം തന്നെയല്ലെ മാഷേ.?”
“അത് കാര്യം ശരിയായിരിക്കും. പക്ഷെ നമ്മൾ ക്ലാസ്റൂമിലെ തമാശകൾക്കുമുപരിയായി പഠനത്തിനാണ് പ്രാധാന്യം കെടുക്കേണ്ടത്. അപ്പോൾ നിങ്ങളിപ്പോൾ ചെയ്യുന്ന കൊച്ചു കൊച്ചു തമാശയും കുസൃതിയുമെല്ലാം പിൽക്കാലത്ത് നല്ല ജോലിയൊക്കെ കിട്ടിക്കഴിയുമ്പോൾ ചിരിക്കുവാനുള്ള ഓർമ്മകളായി മാറും. അതുകൊണ്ട് പഴയ സൗഹൃദങ്ങൾ നഷ്ടപ്പെടുത്താതെയും പുതിയ സൗഹൃദങ്ങളെ ഉൾക്കൊണ്ടു കൊണ്ടും നല്ല ശീലങ്ങളും പാഠങ്ങളും പഠിച്ചുകൊണ്ടും മുന്നോട്ടു നീങ്ങുക. കാരണം നമ്മുടെ ഭാവി നമ്മുടെ കയ്യിൽത്തനന്നെയാണ് കുട്ടീ . അതിനായി നമ്മൾ ഇന്നുതന്നെ പരിശ്രമിച്ച് തുടങ്ങണം. ”
” മാഷ് പറഞ്ഞത് ശരിയാണ് മാഷെ .
ഉള്ളിൽ ചെറിയ വിഷമുണ്ടെങ്കിലും പുതിയ കൂട്ടുകാരികളെ പരിചയപ്പെടുമ്പോൾ അത് മാറുമായിരിക്കുമല്ലേ ?. അപ്പോ മാഷ് പറഞ്ഞതു പോലെ തമാശയോടൊപ്പം പഠനവും തുടർന്നുകൊണ്ട് നാളത്തെ ഭാവിക്കായി നമ്മൾ ഇന്നേ പ്രവർത്തിച്ചു തുടങ്ങണം ”
റോബിൻ പള്ളുരുത്തി🖋️