പ്രിയ സൗഹൃദങ്ങളെ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഇന്ന് നമ്മൾ കേൾക്കുന്നത് മുത്ത് എന്ന പടത്തിലെ “വിമൂകശോക സ്മൃതികളുണർത്തി” എന്ന ഗാനമാണ്. കെ എസ് നമ്പൂതിരിയുടെ വരികൾക്ക് പ്രതാപ് സിംഗ് സംഗീതം നൽകി. ബാഗേശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം യേശുദാസും രാധാവിശ്വനാഥുമാണ് പാടിയിരിക്കുന്നത്.
വിഷാദവീചികൾ മാത്രം വിരിയും വിപഞ്ചികേ നീ പാടൂ …
എത്ര മനോഹരമായ സാഹിത്യമാണ്. ലളിതമനോഹരമായ ഈ സാഹിത്യശൈലി ഈ കാലഘട്ടത്തിന്റെ പുണ്യമാണ്.
“സ്വപ്നം പോലൊരു സ്വപനം പോലെൻ സ്വയംപ്രഭേ നീ പിരിയൂ…”
ആ വിടപറയലിനുമുണ്ടൊരു മധുരനൊമ്പരം. ബാക്കി വരികളൊക്കെ തന്നെ ഒന്നിനൊന്ന് മെച്ചമായി.
ഇഷ്ടങ്ങളെ കരളിനുള്ളിൽ നിന്നും പറിച്ചെടുത്ത് നൊമ്പരങ്ങൾക്കൊരു മുഖംമൂടിയിട്ടുകൊടുത്ത്കൊണ്ട് അവൻ പാടുന്നു..സ്വപ്നം പോലൊരു സ്വപ്നം പോലെൻ സ്വയംപ്രഭേ……..
നമുക്ക് ആ വരികളിലേക്ക് വരാം
വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൗര്‍ണ്ണമി വന്നൂ
വിഷാദ വീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ നീ പാടൂ
(വിമൂക…)
നിഴലിന്‍ പിറകേ നടന്നു
കാലിടറി വീണൂ പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്
നിറഞ്ഞ ഹൃദയവുമായ്
(വിമൂക…)
വിരിയട്ടേ നിന്‍ ജീവിത വേദിയില്‍
വിശുദ്ധ സ്വര്‍ഗ്ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയം പ്രഭേ നീ പിരിയൂ
സ്വയം പ്രഭേ നീ പിരിയൂ
(വിമൂക ശോക..)
മനോഹരമായ വരികൾ വായിച്ചതിനോടൊപ്പം ഈ ഗാനവും കൂടി കേൾക്കൂ.
ഗാനം കേട്ടുവല്ലോ…
സ്റ്റുഡിയോകൾക്ക് പുറത്ത് ഒരു ഹാളിൽ വച്ചാണ് മുത്ത് എന്ന സിനിമയുടെ പാട്ടുകൾ റെക്കോർഡ് ചെയ്തത്. ത്രിശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമുള്ള നടന നികേതൻ ഹാളിൽ വെച്ച്. 1975 കാലഘട്ടത്തിൽ ഇങ്ങനെയൊരു റെക്കോർഡിംഗ് ഒരു പുതുമയും വിസ്മയവും ആയിരുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാർ അതിൽ പങ്കെടുത്തു. യേശുദാസ് പത്നീസമേതനായാണ് പാടാൻ വന്നത്.
മൊത്തം ആറ് പാട്ടുകൾ. വിമൂകശോക എന്ന പാട്ട് യേശുദാസും രാധാ വിശ്വനാഥും പാടി. റെക്കോർഡിങ് അഞ്ചുദിവസം നീണ്ടുനിന്നു. ജോൺസണും അദ്ദേഹത്തിന്റെ ക്ലബ്ബും (voice of Trichur) ആണ് പങ്കെടുത്തത്. അന്ന് ജോൺസൺ സംഗീതസംവിധായകന്റെ മേലങ്കി അണിഞ്ഞിട്ടില്ല.
എന്തിനാണ് ജോൺസന് മറ്റൊരു പൊന്നങ്കി!
പ്രിയപ്പെട്ടവരേ,
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം,