Friday, September 20, 2024
Homeസ്പെഷ്യൽമഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ ദർശനീകതയും (ഭാഗം -1)

മഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ ദർശനീകതയും (ഭാഗം -1)

ശ്യാമള ഹരിദാസ്

നമ്മുടെ പഴയകാല കവികളുടെ പട്ടിക എടുത്താൽ ആദ്യം ഓടി വരുന്നത് ചില
അതിപ്രഗത്ഭരായ മഹാൻമാരായ എഴുത്തുകാരാണ്. അത്രയേറെ അവർ വായനക്കാരുടെ മനസ്സിൽ അമൃതകിരണങ്ങൾ ചൊരിഞ്ഞു കൊണ്ടിരുന്നു.
അവരുടെ രചനകൾ. ആകാശത്തിലെ നൂറാനുകോടി നക്ഷത്രങ്ങളിൽ ചിലതു
മാത്രം പാൽ പുഞ്ചിരി പൊഴിച്ച് വെട്ടി തിളങ്ങുന്നില്ലെ? അത് പോലെ നമ്മുടെ മനസ്സിലെ തിളങ്ങുന്ന കാവ്യപരമ്പരയിലെ വെള്ളിനക്ഷത്രമാണ് മഹാകവി കാളിദാസൻ.

ഭാവാഭിവ്യക്തിയും അലങ്കാര പ്രയോഗവും പ്രകൃതിയുടെ ചാരു പരിപാകതയും കൊണ്ട് അനുവാചകരെ ഒരഭൗമതലത്തിലേക്കുയര്‍ത്തുവാനുള്ള അത്ഭുതസിദ്ധി കാളിദാസനുണ്ട്. ജീവിത ദർശനങ്ങളെ കഥാതന്തുവുമായി യോജിപ്പിക്കാനുള്ള കഴിവ് കാളിദാസനോളം മറ്റ് ആര്‍ക്കും ലഭിച്ചിട്ടില്ല. രഘുവംശം, കുമാരസംഭവം, ഋതുസംഹാരം, മേഘദൂതം എന്നീ കാവൃങ്ങളും മാളവികാഗ്നി മിത്രം, വിക്രമോര്‍വശീയം, അഭിജ്ഞാനശാകുന്തളം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ പ്രധാന കൃതികള്‍.

വാല്‍മീകിയും വ്യാസനും കഴിഞ്ഞാല്‍ ഭാരതീയര്‍ ഈശ്വരീയമായ സ്ഥാനം നല്‍കി ആദരിക്കുന്ന കവികുലഗുരുവാണ് കാളിദാസന്‍. ഭാരതത്തിന്റെ മഹിതമായ സംസ്‌ക്കാരത്തെ സ്വന്തം കൃതികളിലൂടെ അനുവാചകരിലേക്ക് എത്തിക്കാന്‍ കാളിദാസന്‍ വഹിച്ച പങ്ക് അദ്വിതീയമാണ്. ഭാവാഭിവ്യക്തിയും അലങ്കാര പ്രയോഗവും പ്രകൃതിയുടെ ചാരു ചിത്രണവും രസങ്ങളുടെ മധുരമായ പരിപാകതയും കൊണ്ട് അനുവാചകരെ ഒരഭൗമതലത്തിലേക്ക് ഉയർത്തുവാനുള്ള അത്ഭുതസിദ്ധി കാളിദസനുണ്ട്. ജീവിത ദര്‍ശനങ്ങളെ കഥാതന്തുവുമായി യോജിപ്പിക്കാനുള്ള മെയ് വഴക്കം കാളിദാസനോളം വേറെ ആര്‍ക്കും ലഭിച്ചിട്ടില്ല. രഘുവംശം, കുമാരസംഭവം, ഋതുസംഹാരം, മേഘദൂതം എന്നീ കാവൃങ്ങളും മാളവികാഗ്നി മിത്രം, വിക്രമോര്‍വശീയം, അഭിജ്ഞാന ശാകുന്തളം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ പ്രധാന കൃതികള്‍.

ലോകനാടക വേദിക്ക് ഭാരതത്തിന്റെ സംഭാവനയാണ് അഭിജ്ഞാനശാകുന്തളം. കാളിദാസമഹാകവിയെക്കുറി ച്ച് അദ്ദേഹത്തിന്റെ കാലത്തോ അതിനടുത്ത കാലത്തോ ജീവിച്ചിരുന്നവരിൽ ആരുംതന്നെ ഒന്നും എഴുതിയിട്ടില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്തേയും മാതാപിതാക്കന്മാരേയും വിദ്യാഭ്യാസത്തേയും ഗുരുഭൂതന്മാരേയും കുറിച്ച് അറിയുന്നതിന് ഇപ്പോൾ ശരിയായ ഒരു മാർഗ്ഗവുമില്ല.

ജീവിതകഥയെക്കുറിച്ചറിയുന്നതിനു തന്നെയും ചില ഐതിഹ്യങ്ങളല്ലാതെ വേറെയൊരു ആധാരവുമില്ലാതെയാണിരിക്കുന്നത്. കാളിദാസൻ വിക്രമാദിത്യരാജാവിന്റെ സഭയിൽ ഉണ്ടായിരുന്ന ഭോജരാജാവിന്റെ സദസ്സിലുണ്ടായിരുന്നതായി ഭോജചരിത്രത്തിലും കാണുന്നുണ്ട്. ലയൻ” എന്നു കാണുന്നുമുണ്ട്. കാളിദാസകവിയുടെ ആദ്യകാലത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലേക്ക് പ്രവേശിക്കാം.

കാളിദാസൻ ജന്മനാ ഒരു ബ്രാഹ്മണൻ ആയിരുന്നു. പിന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും യവൗനാരംഭമായപ്പോഴേക്കും വലിയ വിദ്വാനായിത്തീരുകയും ചെയ്തു. അദ്ദേഹം ബാല്യത്തിൽത്തന്നെ വലിയ ശിവഭക്തനായിത്തീർന്നു. ശിവദർശനം കഴിക്കാതെ ഭക്ഷണം കഴിക്കുകയില്ല എന്ന ഒരു നിഷ്ഠയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഒരു ദിവസം കാളിദാസൻ ദേവ ദർശനത്തിനായി ഒരു ശിവക്ഷേത്രത്തിൽ ചെന്നപ്പോൽ അവിടെ ദിവ്യനായ ഒരു യോഗീശ്വരൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാ‌ഷണത്തിൽ എന്തോ അപശബ്ദമുണ്ടെന്നു തോന്നിയതിനാൽ കാളിദാസൻ ആ യോഗിയെ പരിഹസിച്ചു. അതിനാൽ ആ ദിവ്യൻ കോപിച്ചു, “നീ പഠിച്ചതെല്ലാം മറന്നു മൂഢനും മന്ദബുദ്ധിയുമായിത്തീരട്ടെ” എന്നു ശപിച്ചു. ആ ശാപവചനം കേട്ടു കാളിദാസൻ ഏറ്റവും വിഷണ്ണനായിത്തീരുകയും ആ യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ ദിവ്യൻ “ഒരു കാലത്തു നിനക്കു ഭദ്രകാളീപ്രസാദം സിദ്ധിക്കുന്നതിന് സംഗതിയാകും. അപ്പോൾ നിന്റെ ബുദ്ധിമാന്ദ്യം നീങ്ങി പൂർവ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും” എന്നു പറഞ്ഞ് അനുഗ്രഹിച്ചു. എങ്കിലും അക്കാലം മുതൽ കാളിദാസൻ കേവലം മൂഢനും മന്ദബുദ്ധിയുമായിത്തീരുകയും സ്വകുലാചാരങ്ങളെല്ലാം വിട്ടു ഒരു കൂട്ടം അജപാലന്മാരുടെ കൂട്ടത്തിൽ കൂടി നടന്നു തുടങ്ങുകയും ചെയ്തു.

അക്കാലത്ത് ഒരു പ്രഭുവിന്റെ പുത്രിയും അതി സുന്ദരിയും ബുദ്ധിമതിയുമായ ഒരു കന്യക ഉണ്ടായിരുന്നു. അവളുടെ യോഗ്യതകൾ കേട്ടറിഞ്ഞ അനേകം യോഗ്യന്മാർ അവളെ വിവാഹം ചെയ്യുവാനായി ചെന്നു. എന്നാൽ ആ കന്യക ശാസ്ത്രവാദത്തിൽ തന്നെ ജയിക്കുന്നവനെ മാത്രമേ വിവാഹം കഴിക്കു എന്ന് നിശ്ചയിച്ചിരുന്നതിനാൽ വിവാഹത്തിനായി ചെന്നവരെയെല്ലാം അവൾ വാദത്തിൽ തോൽപ്പിച്ചു. എല്ലാവരും നിരാശരായി മടങ്ങി. പിന്നെ ആരും വരാതായി. അവളുടെ അച്ഛൻ പലരോടും അവൾക്കുവേണ്ടി വിവാഹമാലോചിച്ചു. അങ്ങിനെ മന്ത്രിമാരെല്ലാവരും കൂടി ആലോചിച്ചു ഇവൾക്കൊരു ബുദ്ധിമാന്ദ്യം ഉള്ളവനെ കിട്ടണം എന്ന് പറഞ്ഞു തിരഞ്ഞു നടന്നു. അങ്ങിനെ പോകുമ്പോൾ അതിസുന്ദരനായ ഒരാൾ വൃക്ഷശാഖയിൽ കയറി ഇരുന്നു കൊണ്ട് അയാൾ ഇരിക്കുന്ന ശാഖയുടെ കട മുറിക്കാൻ തുടങ്ങുന്നത് കണ്ട അവർ ഇവൻ മന്ദബുദ്ധി തന്നെയെന്ന് തീർച്ചപ്പെടുത്തി. അവനെ അവിടെനിന്നും ഇറക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളെല്ലാം ധരിപ്പിച്ചു പ്രഭുകുടുംബ ത്തിലേക്ക് കൊണ്ടുപോയി. ആ കഥാനായകൻ കാളിദാസൻ തന്നെ ആയിരുന്നു . ആടിന് തീറ്റ കൊടുക്കാനായിരുന്നു അയാൾ മരത്തിന്റെ ശാഖ മുറിക്കാൻ ശ്രമിച്ചത്.അവനേയും കൊണ്ട് അവർ പ്രഭു കുടുംബത്തിലേക്ക് പോയി. അവിടെ വിവാഹമണ്ഡപത്തിലിരുന്ന അനേകം ചിത്രങ്ങളുടെ കൂട്ടത്തിൽ രാവണന്റെ ചിത്രം കണ്ടിട്ട് കാളിദാസൻ “അംഭഭട രാഭണ” എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ കന്യക ഈയാൾ അക്ഷരജ്ഞാനമില്ലാത്ത ഒരു മന്ദബുദ്ധിയാണെന്ന് പറഞ്ഞപ്പോൾ വിദ്വാനായ ഒരാൾ ഒരു ശ്ലോകം കൊണ്ട് കാളിദാസൻ പറഞ്ഞതാണ് ശരിയെന്നു പറഞ്ഞു. കന്യക തോറ്റു. ഉടനെ വിവാഹവും നടത്തി.

ദമ്പതികൾ അത്താഴം കഴിച്ചു കിടക്കാൻ പോയശേഷം കാളിദാസന്റെ ഓരോ ചേഷ്ടിതകൾ കണ്ട രാജകുമാരി ഇവൻ ഒരു ബുദ്ധിയില്ലാത്തവൻ തന്നെ എന്ന് നിശ്ചയിച്ചു. അവനോടൊപ്പം ജീവിക്കുന്ന കാര്യം പ്രയാസം തന്നെയെന്നു നിശ്ചയിച്ചു രാജകുമാരി അദ്ദേഹത്തെ നിരാകരിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു. കാളിദാസന് ഈ ധിക്കാരം സഹിച്ചില്ല. അപ്പോൾ തന്നെ അദ്ദേഹം അവിടെ നിന്നിറങ്ങി.

അദ്ദേഹം ഒരു വൃദ്ധയുടെ അഭിപ്രായം അനുസരിച്ച് വനാന്തരത്തിലുള്ള ഒരു ഭദ്രകാളീ ക്ഷേത്രത്തിലേക്ക് പോയി. രാത്രികാലങ്ങളിൽ മനുഷ്യരാരെങ്കിലും അവിടെ ചെന്നാൽ ദേവിയുടെ ഭൂത ഗണങ്ങൾ പിടിച്ചു ചീന്തി ചോരകുടിച്ചു കൊല്ലുകയോ ദേവി പ്രസാദിച്ച് അനുഗ്രഹിക്കുകയോ രണ്ടിലൊന്നു സംഭവിക്കണമെന്നുള്ള കാര്യം തീർച്ചയായിരുന്നു. എന്തെങ്കിലും വരട്ടെയെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് കാളിദാസൻ അങ്ങോട്ടു പോയത്. അദ്ദേഹം അവിടെച്ചെന്നപ്പോൾ ദേവി പുറത്തിറങ്ങി എവിടെയോ പോയിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കിടന്നിരുന്നു. കാളിദാസൻ അകത്തു കടന്നു വാതിലടച്ചു സാക്ഷയിട്ടുകൊണ്ട് അവിടെയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവി മടങ്ങി വന്നു. അപ്പോൾ ക്ഷേത്രം അടച്ചു സാക്ഷയിട്ടിരിക്കുന്നതായിക്കണ്ടിട്ടു ദേവി “അകത്താര്?” എന്നു ചോദിച്ചു.
അപ്പോൾ കാളിദാസൻ വാതിൽ തുറക്കാതെ ധൈര്യസമേതം “പുറത്താര്?” എന്നു ചോദിച്ചു. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനുമുമ്പ് അകത്തു കടക്കേണ്ടത് അത്യാവശ്യം ആയിരുന്നതിനാൽ ദേവി ബദ്ധപ്പെട്ട് “പുറത്ത് കാളി” എന്നു പറഞ്ഞു. അപ്പോൾ കാളിദാസൻ “എന്നാൽ അകത്തു ദാസൻ” എന്നു പറഞ്ഞു. അതു കേട്ടു ദേവി പ്രസാദിച്ചു. “കാളിദാസ! നിനക്കെന്തു വേണം? വാതിൽ തുറക്കുക” എന്നു വീണ്ടും പറഞ്ഞു. അതുകേട്ട് കാളിദാസൻ “എനിക്കു വിദ്യയാണൂ വേണ്ടത്. അതു തന്നല്ലാതെ ഞാൻവാതിൽ തുറക്കുകയില്ല എന്നു പറാഞ്ഞു. ഉടനെ ദേവി “എന്നാൽ നിന്റെ നാവു ഈ വാതിലിന്റെ ഇടയിൽ കൂടി പുറത്തേക്കു കാട്ടുക” എന്നു പറയുകയും കാളിദാസൻ നാവു പുറത്തേക്ക് കാട്ടിക്കൊടുക്കുകയും ദേവി ഉടനെ തന്റെ ശുലാഗ്രംകൊണ്ട് ആ നാവിൽ വിദ്യാപ്രദമായ ചിന്താമണിമന്ത്രം എഴുതുകയും തത്ക്ഷണം കാളിദാസന്റെ ബുദ്ധി കാർമേഘം നീങ്ങി ചന്ദ്രികയെന്നപോലെ മാലിന്യം നീങ്ങി തെളിയുകയും അദ്ദേഹം വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. ഉടനെ കാളിദാസൻ വാതിൽതുറന്നു ദേവിയുടെ മുമ്പിൽച്ചെന്നു. അപ്പോൾ പെട്ടെന്നുണ്ടാക്കിയ ഏതാനും സ്തോത്രപദ്യങ്ങൾ ചൊല്ലി ദേവിയുടെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഉടനെ ദേവി ക്ഷേത്രത്തിനകത്തു കടന്നു യഥാപൂർവ്വം ഇളകൊണ്ടു. കാളിദാസൻ ദേവിയെ വീണ്ടും വന്ദിച്ചു പുറത്തേക്കും പോയി. ദേവി പ്രസാദിച്ചു “കാളിദാസാ!” എന്നു വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് ആ നാമധേയം സിദ്ധിച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പേരു വേറെ എന്തോ ആയിരുന്നു.

നേരം വെളുത്തപ്പോൾ കാളിദാസമഹാകവി ആ പ്രഭുപുത്രിയുടെ അടുക്കൽത്തനെ ചെന്നുചേർന്നു. അപ്പോൾ അദ്ദേഹത്തിന്റെ സംഭാ‌ഷണം കേട്ട് ആ വിദു‌ഷി “അസ്തി, കഞ്ചിദ്വാഗ്വിലാസഃ” എന്ന് അത്യത്ഭുതത്തോടു കൂടിപ്പറഞ്ഞു. മുമ്പേതന്നെ ഏറ്റവും സുന്ദരനയിരുന്ന അദ്ദേഹം ഒരു വിദ്വാനും കവിയുമായി തീർന്നിരിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ആ സ്ത്രീ അദ്ദേഹത്തിൽ ഏറ്റവും ആസക്തചിത്തയായിത്തീർന്നു. എങ്കിലും തന്നെ ധിക്കരിച്ചു ബഹിഷ്‌ക്കരിച്ചവളെ താൻ ഭാര്യയാക്കി സ്വീകരിക്കുന്നതു വിഹിതമല്ലെന്നു തോന്നുകയാൽ കാളിദാസൻ അവിടേ നിന്നു പൊയ്ക്കളഞ്ഞു. എന്നാൽ ആ സ്ത്രീരത്നത്തെ അദ്ദേഹം ബഹുമാനിക്കാതെയിരുന്നില്ല. അദ്ദേഹം രണ്ടാമത് ചെന്നപ്പോൾ ആ വിദു‌ഷി ആദ്യം പറഞ്ഞ വാക്യത്തിലെ മൂന്നു പദങ്ങളും എടുത്ത് ആദ്യം ചേർത്ത് അദ്ദേഹം മൂന്നു കാവ്യങ്ങളുണ്ടാക്കി. അവ, “അസ്ത്യുത്തരസ്യാം ദിശി, ദേവതാത്മാ” എന്നു തുടങ്ങിയിരിക്കുന്ന “കുമാരസംഭവ”വും, “കശ്ചിൽ കാന്താ വിരഹഗുരുണാ” എന്നു തുടങ്ങിയിരിക്കുന്ന “മേഘസന്ദേശ”വും, “വാഗർത്ഥാവിവ സംപൃക്തൗ” എന്നു തുടങ്ങിയിരിക്കുന്ന “രഘുവംശ”വുമാണെന്നു വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. ഈ കാവ്യത്രയം കാളിദാസരുണ്ടാക്കിയത് ആ വിദൂഷിയുടെ സ്മാരകമായിട്ടാണെന്നാണു വിദ്വജ്ജനങ്ങൾ പറയുന്നത്.

തുടരും…

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments