Thursday, September 19, 2024
Homeകേരളംസ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷം മുതല്‍ : മന്ത്രി വി.ശിവന്‍കുട്ടി

സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷം മുതല്‍ : മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്ട് മിനിമം നടപ്പാക്കും.

അധ്യാപനത്തിന്റെ പ്രാധാന്യത്തോടൊപ്പം അവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ചര്‍ച്ചകളുണ്ടാകണം. വിദ്യാര്‍ഥികളെ പഠിപ്പിക്കല്‍ മാത്രമല്ല, അവരുടെ ആന്തരിക കാമ്പും സ്വഭാവവും ബുദ്ധിയും ശക്തിപ്പെടുത്തുകയും വേണം. ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം വികസിച്ചുകൊണ്ടിരിക്കെ പാഠപുസ്തകങ്ങളുടെ പരിധിക്കപ്പുറത്തേക്ക് കുട്ടിയുടെ അറിവ് വളര്‍ത്തുകയാണ് വെല്ലുവിളി. തുടര്‍ച്ചയായ നവീകരണത്തിലൂടെയും തുറന്ന മനസ്സോടെയുള്ള സമീപനത്തിലൂടെയും അധ്യാപകര്‍ക്ക് മുന്നോട്ട് പോകാനാകണം.

അധ്യാപകദിനമായി ആഘോഷിക്കുന്ന ഡോ. രാധാകൃഷ്ണന്റെ ജന്മദിനം, അധ്യാപകര്‍ വഹിക്കുന്ന ആഴമേറിയ ഉത്തരവാദിത്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അധ്യാപനത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും നിര്‍വഹിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ ആരോഗ്യ പരിപാലനത്തിന് പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ സംയോജിച്ച് സമഗ്രമായ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതി ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാനഘട്ട യോഗം അടുത്ത ആഴ്ച ചേരും. എല്ലാ കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുമെന്നും പറഞ്ഞു.

പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടില്‍, ഗ്രാമ പഞ്ചായത്തംഗം ബിജിലി പി. ഈശോ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍. കെ. ജയപ്രകാശ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ.ആര്‍. സുപ്രിയ, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments