തിരുവനന്തപുരം : സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.
കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യ വകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .
ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും. മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.